Featured Oddly News

‘കാമുകി ആദ്യം കേക്ക് നൽകിയത് ഉറ്റസുഹൃത്തിന്’; പ്രകോപിതനായ കാമുകൻ എല്ലാം തല്ലിത്തകർത്തു- വീഡിയോ

ജന്മദിനാഘോഷത്തിനിടെ നടന്ന നാടകീയമായ ഒരു സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കേക്ക് മുറിച്ച ശേഷം ആദ്യത്തെ കഷ്ണം തനിക്ക് നൽകുന്നതിന് പകരം ഉറ്റ സുഹൃത്തിന് (Best Friend) നൽകിയതിൽ പ്രകോപിതനായി കാമുകൻ ആഘോഷത്തിനായി ഒരുക്കിയ അലങ്കാരങ്ങൾ തല്ലിത്തകർക്കുന്നതാണ് വീഡിയോയിലുള്ളത്.


വൈറലായ വീഡിയോ പ്രകാരം, കാമുകൻ തന്റെ കാമുകിക്കായി ബലൂണുകളും ലൈറ്റുകളും കേക്കുമെല്ലാം ഉപയോഗിച്ച് അതിമനോഹരമായ ഒരു സർപ്രൈസ് ജന്മദിനാഘോഷമാണ് ഒരുക്കിയത്. എന്നാൽ ആഘോഷം തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ കാര്യങ്ങൾ മാറിമറിഞ്ഞു. കാമുകി കേക്ക് മുറിച്ച ശേഷം ആദ്യത്തെ കഷ്ണം തൊട്ടടുത്തുണ്ടായിരുന്ന തന്റെ പുരുഷ സുഹൃത്തിന് നൽകി. ഈ പ്രവൃത്തി കാമുകനെ ചൊടിപ്പിക്കുകയും അദ്ദേഹം പെട്ടെന്ന് നിയന്ത്രണം വിട്ട് പെരുമാറുകയും ചെയ്തു.

അവിടെയുണ്ടായിരുന്ന അതിഥികൾ ഞെട്ടിനിൽക്കേ, കാമുകൻ അതിക്രമത്തോടെ അലങ്കാരങ്ങൾ വലിച്ചുതാഴ്ത്തുകയും എല്ലാം നശിപ്പിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. സന്തോഷകരമായി തുടങ്ങിയ ആഘോഷം നിമിഷനേരം കൊണ്ട് സംഘർഷഭരിതമായി മാറി.

വീഡിയോ സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് തന്നെ വൈറലായി. കാഴ്ചക്കാരിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങളായിരുന്നു വന്നത്. ചിലർ കാമുകൻറെ പ്രതികരണത്തെ രൂക്ഷമായി വിമ‍ർശിച്ചപ്പോൾ മറ്റ് ചിലർ കാമുകനൊപ്പം കട്ടയ്ക്ക് നിന്നു. കാമുകന്‍റെ പെരുമാറ്റം അധികാരത്തിൽ നിന്നും തന്‍റെ സ്വന്തമെന്ന ബോധത്തിൽ നിന്നുമാണെന്നും അത് പക്വതയില്ലാത്ത മോശം പെരുമാറ്റമാണെന്നും നിരവധി പേർ എഴുതി. അതേസമയം ഏറെ സന്തോഷത്തോടെ ഏറെ ആഗ്രഹത്തോടെ അത്രയും പണം ചെലവഴിച്ച് കാമുകിക്കായി ആഘോഷം ഒരുക്കിയിട്ടും അയാളെ തീർത്തും അവഗണിച്ച് മറ്റൊരാൾക്ക് കേക്കിൻറെ ആദ്യ കഷ്ണം കൊടുത്താൽ ആരാണ് പ്രകോപിതരാകാത്തതെന്ന് മറ്റ് ചിലർ ചോദിച്ചു.