Sports

ഗൗതംഗംഭീറിന് മുകളില്‍ വാള്‍ തൂങ്ങുന്നു; ഓസ്‌ട്രേലിയയില്‍ ശരിയായില്ലെങ്കില്‍ പണിയും പോകും ?

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടം അണിയിച്ചതിന്റെ മേന്മയിലായിരുന്നു ഗൗതംഗംഭീറിനെ ബിസിസിഐ ഇന്ത്യന്‍ ടീമിന്റെ ചുമതല ഏല്‍പ്പിച്ചത്. എന്നാല്‍ ന്യൂസിലന്റിനോട് 3-0 ന് വൈറ്റവാഷിന് ഇരയായതോടെ മമതയെല്ലാം പോയപോലെയാണ്. നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റുകളില്‍ കൂടി തിരിച്ചടി നേരിട്ടാല്‍ ഗൗതം ഗംഭീറിന് ഏറ്റവും കൂറഞ്ഞത് ടെസ്റ്റ് പരിശീലക സ്ഥാനത്തെക്കുറിച്ചെങ്കിലും ബിസിസിഐ വീണ്ടും ഒന്നു കൂടി ആലോചിച്ചേക്കാനും മതി.

ടീം ഇന്ത്യയുടെ മുഖ്യപരിശീലകനായതിനുശേഷം, ഗംഭീറിന് കാര്യങ്ങള്‍ അത്ര പന്തിയല്ല. ശ്രീലങ്കയില്‍ ഏകദിന പരമ്പര തോല്‍വിയും ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ ഹോം ഗ്രൗണ്ടില്‍ ക്ലീന്‍ സ്വീപ്പും ഏറ്റുവാങ്ങി. ഇനി ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ക്രിക്കറ്റിലെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ ഗംഭീറിന് പരീക്ഷയാണ്. ഓസ്ട്രേലിയയില്‍ ഇന്ത്യക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയാതെ വന്നാല്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനെന്ന നിലയില്‍ ഗംഭീറിന്റെ കസേര തെറിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

വൈറ്റ് ബോള്‍ കോച്ചെന്ന നിലയില്‍ ഗംഭീറിനൊപ്പം ഉറച്ചുനില്‍ക്കാന്‍ ബിസിസിഐ ഉദ്ദേശിക്കുന്നുണ്ടെങ്കിലും, മോശം പ്രകടനം ഡൗണ്‍ അണ്ടര്‍ റെഡ്-ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ ശവപ്പെട്ടിയിലെ അവസാന ആണിയായിരിക്കാം. ദൈനിക് ജാഗരണിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഓസ്ട്രേലിയയിലും ഇന്ത്യന്‍ ടീം പരാജയപ്പെടുകയാണെങ്കില്‍, ടെസ്റ്റ് ക്രിക്കറ്റില്‍ കോച്ചിന്റെ റോള്‍ ഏറ്റെടുക്കാന്‍ വിവിഎസ് ലക്ഷ്മണിനെ പോലുള്ള ഒരു സ്‌പെഷ്യലിസ്റ്റിനോട് ബിസിസിഐക്ക് ആവശ്യപ്പെടാം. ഗംഭീര്‍ ഏകദിനത്തിലും ടി20യിലും മാത്രം തുടരും.

ഇത്തരമൊരു മാറ്റം ഗംഭീര്‍ അംഗീകരിക്കുമോ എന്ന് ഇതുവരെ അറിവായിട്ടില്ല. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഇഞ്ചോടിഞ്ച് പോരാട്ടമായി തുടരുകയാണെങ്കില്‍, ബിസിസിഐക്ക് കടുത്ത തീരുമാനമുണ്ടാകും. വെള്ളിയാഴ്ച ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി മേധാവി അജിത് അഗാര്‍ക്കറുമായും ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് നായകന്‍ രോഹിത് ശര്‍മയുമായും 6 മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ ഏര്‍പ്പെട്ടിരുന്നു.

കൂടിക്കാഴ്ചയില്‍, ന്യൂസിലന്‍ഡിനെതിരായ സ്വന്തം തട്ടകത്തില്‍ ടീം ഇന്ത്യയുടെ 0-3 ടെസ്റ്റ് പരമ്പര തോല്‍വിയും ഇത്തരമൊരു ഫലത്തിന് കാരണമായ ഘടകങ്ങളും ചര്‍ച്ച ചെയ്തു. ഇന്ത്യന്‍ ടീമിലെ ചില തീരുമാനങ്ങളില്‍, പ്രത്യേകിച്ച് ടീം സെലക്ഷനുമായി ബന്ധപ്പെട്ട് ഗംഭീറും തിങ്ക് ടാങ്കും തമ്മില്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.