തിരുവനന്തപുരം: ട്വന്റി20 ലോകകപ്പിലെ ഐതിഹാസിക വിജയത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസൺ സ്വന്തം നാട്ടിൽ തിരിച്ചെത്തി. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ താരത്തിന് ആവേശോജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്.
മന്ത്രി വി. ശിവൻകുട്ടി, എ.എ. റഹീം എംപി എന്നിവർ ചേർന്നാണ് സഞ്ജുവിനെ വിമാനത്താവളത്തിൽ സ്വീകരിച്ചത്. പ്രിയതാരത്തെ ഒരുനോക്ക് കാണാൻ ആയിരക്കണക്കിന് ആരാധകരാണ് അവിടെ തടിച്ചുകൂടിയത്. തന്നെ പിന്തുണച്ച ഏവരോടും കടപ്പാടുണ്ടെന്നും ഈ ലോകകപ്പ് നേട്ടം നാട്ടുകാർക്കായി സമർപ്പിക്കുന്നുവെന്നും സഞ്ജു മാധ്യമങ്ങളോട് പ്രതികരിച്ചു. ടീമിന് പുറത്തായിരുന്നപ്പോഴും കൂടെനിന്നത് ആരാധകരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരാധകർ അയക്കുന്ന സന്ദേശങ്ങളും റീൽസുകളും കാണുമ്പോൾ പലപ്പോഴും വികാരാധീനനാകാറുണ്ടെന്ന് സഞ്ജു പറഞ്ഞു. കരിയറിൽ പ്രതിസന്ധി നേരിട്ട ഘട്ടത്തിൽ ആരെ ബന്ധപ്പെടണം എന്ന ചിന്തയിൽ ആദ്യം തെളിഞ്ഞത് സച്ചിൻ തെണ്ടുൽക്കറുടെ പേരായിരുന്നു. തന്റെ ലോകകപ്പിലെ മികച്ച പ്രകടനത്തിന് പിന്നിലെ വലിയ കരുത്ത് “സച്ചിൻ സാർ” നൽകിയ ഉപദേശങ്ങളാണെന്നും സഞ്ജു വെളിപ്പെടുത്തി.
ഫോം മങ്ങിയതിനെത്തുടർന്ന് ടീമിൽ നിന്ന് പുറത്തായ സഞ്ജുവിന്റെ രണ്ടാം വരവ് അതിശക്തമായിരുന്നു. ടൂർണമെന്റിലെ ഒൻപത് മത്സരങ്ങളിൽ അഞ്ചെണ്ണത്തിൽ മാത്രമാണ് അവസരം ലഭിച്ചതെങ്കിലും ഇന്ത്യയുടെ ടോപ്പ് സ്കോററായത് സഞ്ജുവാണ്. 80.25 ശരാശരിയിലും 199.37 സ്ട്രൈക്ക് റേറ്റിലും 321 റൺസ് അടിച്ചുകൂട്ടിയ സഞ്ജു തുടർച്ചയായ മൂന്ന് അർധ സെഞ്ചുറികളോടെ ടൂർണമെന്റിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.
കരിയറിലെ മോശം സമയങ്ങളിൽ സച്ചിൻ നൽകിയ പിന്തുണ വളരെ വലുതായിരുന്നുവെന്ന് സഞ്ജു പറഞ്ഞു. ഓസ്‌ട്രേലിയയിൽ ടീമിനൊപ്പമുണ്ടായിട്ടും കളിക്കാൻ അവസരം ലഭിക്കാത്ത കാലത്ത് മാനസികമായി എങ്ങനെ പിടിച്ചുനിൽക്കണമെന്ന് സച്ചിൻ പറഞ്ഞുതന്നു. അദ്ദേഹവുമായി നിരന്തരം സമ്പർക്കം പുലർത്തിയത് തന്റെ മനോഭാവത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയതായും സഞ്ജു വ്യക്തമാക്കി.
ലോകകപ്പിലെ താരമാകാൻ കഴിഞ്ഞത് ഒരു സ്വപ്നം പോലെയാണ് സഞ്ജുവിന് തോന്നുന്നത്. 2024-ൽ ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്നെങ്കിലും അന്ന് ഒരു മത്സരത്തിൽ പോലും കളിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനുശേഷം ന്യൂസിലൻഡുമായുള്ള പരമ്പരയിൽ ഫോം മങ്ങിയപ്പോൾ തന്റെ കരിയർ അവസാനിച്ചോ എന്ന് പോലും ഭയപ്പെട്ടിരുന്നതായി അദ്ദേഹം ഓർത്തെടുത്തു.
വിഴിഞ്ഞത്തെ വീട്ടിൽ മാധ്യമങ്ങളെ കണ്ടപ്പോൾ തന്റെ ബാറ്റിങ് ശൈലിയിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും സഞ്ജു സംസാരിച്ചു. ‘‘കുറെ കളി വലിച്ചടിച്ചു നോക്കി, നടന്നില്ല. വേറെ വഴിയില്ലാത്തതു കൊണ്ടാണ് രീതി മാറ്റിയത്. വീഴ്ചകളിൽനിന്നു പഠിക്കണമല്ലോ. ലോകകപ്പിൽ വേറെ ഗെയിം പ്ലാൻ തയാറാക്കുകയായിരുന്നു. കഴിഞ്ഞ ഒരു മാസമായി എന്റെ ഫോൺ ഓഫാണ്. പുറത്തുനിന്നുള്ള ബഹളങ്ങൾ മാറ്റി ക്രിക്കറ്റിൽ ശ്രദ്ധിക്കാൻ പറ്റി. ചൊവ്വാഴ്ച ഡൽഹിയിൽ ലോകകപ്പ് വിജയത്തിന്റെ ആഘോഷം നടത്താൻ ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ഇന്നു രാത്രി തന്നെ മടങ്ങേണ്ടിവരും.’’–സഞ്ജു പറഞ്ഞു. ലോകകപ്പ് ആഘോഷങ്ങള്‍ക്കിടെ ചാർട്ടേഡ് വിമാനത്തിലാണ് സഞ്ജു തിരുവനന്തപുരത്തെത്തിയത്.




