Sports

ഞങ്ങളുടെ ബന്ധം ഗ്രാമം മുഴുവനും അറിയാം ; ഹിമാനിയുമായുള്ള പ്രണയത്തെക്കുറിച്ച് നീരജ്‌ചോപ്ര

ദീര്‍ഘകാല പ്രണയത്തിന് ശേഷമാണ് ഇന്ത്യന്‍ ഒളിമ്പിക് താരം നീരജ് ചോപ്ര കാമുകി ഹിമാനിയെ സ്വന്തമാക്കിയത്. ഈ വര്‍ഷം ജനുവരി 19 ന് ഷിംലയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് നീരജ് ചോപ്ര തന്റെ ദീര്‍ഘകാല കാമുകി ഹിമാനി മോറിനെ വിവാഹം കഴിച്ചത്. അതേസമയം തന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഈ ബന്ധത്തെക്കുറിച്ച് നേരത്തെ തന്നെ അറിയാമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

സ്‌പോര്‍ട്‌സ്ടുഡേയുമായുള്ള അഭിമുഖത്തിലാണ് ജാവലിന്‍ സൂപ്പര്‍താരം തങ്ങളുടെ പ്രണയകഥ പങ്കുവെച്ചത്. തങ്ങള്‍ പ്രണയത്തിലാകുന്നതിന് മുമ്പ് തങ്ങളുടെ കുടുംബങ്ങള്‍ക്ക് പരസ്പരം അറിയാമായിരുന്നുവെന്ന് താരം വെളിപ്പെടുത്തി. ഇരുവരും തമ്മില്‍ വളരെ ചെറുപ്രായം മുതലേ അറിയാവുന്നവരാണ്. കായിക പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്നാണ് ഹിമാനിയും വരുന്നത്. അച്ഛനും അമ്മയും കബഡി കളിക്കാര്‍ ആയിരുന്നു. സഹോദരന്മാര്‍ ബോക്‌സര്‍മാരും ഗുസ്തിക്കാരും ആയിരുന്നു. ഹിമാനി പക്ഷേ ടെന്നീസിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. പക്ഷേ തുടര്‍ച്ചയായുള്ള പരിക്കുകള്‍ കാരണം അവള്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

‘കുടുംബങ്ങളുടെ കായികപശ്ചാത്തലമാണ് തങ്ങള്‍ക്ക് കണ്ടുമുട്ടാന്‍ അവസരമുണ്ടാക്കിയത്. ആദ്യം രണ്ടു സാധാരണ കായികതാരങ്ങളായി സ്‌പോര്‍ട്‌സിനെക്കുറിച്ച് സംസാരിച്ച് തുടങ്ങി. ആദ്യം അത് സാധാരണമായിരുന്നു, പക്ഷേ പതുക്കെ പ്രണയത്തിലായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയില്‍ വച്ച് കണ്ടുമുട്ടിയതിന് ശേഷമാണ് നീരജും ഹിമാനിയും പ്രണയത്തിലായ വിവരം നീരജ് ചോപ്രയുടെ അമ്മാവന്‍ സുരേന്ദ്ര ചോപ്ര കഴിഞ്ഞ മാസം വെളിപ്പെടുത്തിയത്. ഇരു കുടുംബങ്ങളും അവരുടെ ബന്ധത്തിന് അംഗീകാരം നല്‍കി, 2024 അവസാനത്തോടെ വിവാഹം തീരുമാനിച്ചു. നീരജിന്റെ ഓഫ് സീസണിലാണ് വിവാഹം നിശ്ചയിച്ചതെന്നും സുരേന്ദ്ര വിശദീകരിച്ചു.

2028ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്സ് ലക്ഷ്യമിട്ടിരിക്കുന്ന നീരജിന്റെ ഷെഡ്യൂള്‍ കണക്കിലെടുത്ത്, രണ്ട് വര്‍ഷം കൂടി കാത്തിരിക്കുന്നത് ഒഴിവാക്കിയാണ് രണ്ട് കുടുംബങ്ങളും വിവാഹം തീരുമാനിച്ചത്. കല്‍ക്ക-ഷിംല ഹൈവേയില്‍ സോളനടുത്തുള്ള കുമാര്‍ഹട്ടിയിലെ സൂര്യവിലാസ് റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹം. ഇരുവരുടേയും അടുത്ത കുടുംബാംഗങ്ങള്‍ ഉള്‍പ്പെടുന്ന 40-50 പേര്‍ മാത്രമാണ് പങ്കെടുത്തത്.

”ഞാന്‍ വിവാഹം കഴിക്കാന്‍ പോകുകയാണെന്ന് കുറച്ച് ആളുകള്‍ക്ക് അറിയാമായിരുന്നു. കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അറിയാമായിരുന്നു. ഒരു ചടങ്ങ് ഉണ്ടാകുമ്പോഴെല്ലാം, ഗ്രാമത്തെ മുഴുവന്‍ ക്ഷണിക്കാറ് പതിവുണ്ട്. അത് എന്റെ സഹോദരിയുടെ വിവാഹമോ അല്ലെങ്കില്‍ ടോക്കിയോ ഒളിമ്പിക്സ് വിജയിച്ചതിന് ശേഷമുള്ള എന്റെ മടങ്ങിവരവോ ആകട്ടെ. ഞാനും ഹിമാനിയും ഒഴിവുള്ളപ്പോഴെല്ലാം ഞങ്ങള്‍ ചടങ്ങിന് ആതിഥേയത്വം വഹിക്കുമെന്ന് അവര്‍ക്കറിയാം.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *