തിരുവനന്തപുരം: ബലാത്സംഗ കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെ വെറുതേ വിട്ടപ്പോള്‍ തകര്‍ന്നുപോയെന്ന് അതിജീവിത . സഭ വിട്ടുപോയാല്‍ മഠം ചാടി കന്യാസ്‌ത്രീയെന്ന പേര്‍ കിട്ടുമെന്ന് ഭയന്നാണു നിരന്തരം പീഡനം നേരിട്ടിട്ടും പുറത്ത് പറയാത്തതിരുന്നതെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
‘ഒരു കന്യാസ്‌ത്രീ എറ്റവും പ്രധാനമായി കാണുന്നത് ചാരിത്ര്യശുദ്ധിയാണ്. അത് നഷ്‌ടപ്പെട്ടു എന്ന് പൊതുസമൂഹത്തിന് മുന്നില്‍ വന്നാല്‍ അന്ന് താന്‍ സഭയില്‍നിന്ന് ഇറക്കപ്പെടും. സഭ വിട്ട് പോയ പലരുടെയും അനുഭവം എനിക്ക് നേരിട്ട് അറിയാം’ – അവര്‍ പറഞ്ഞു. ‘മഠം ചാടി’ എന്ന പേരിലാണ് പിന്നീട് അറിയപ്പെടുക. തനിക്കും കുടുംബത്തിനും അത് എല്ലാകാലത്തേക്കും നാണക്കേടാണ്.
മഠത്തിനുള്ളില്‍ എന്ത് സംഭവിക്കുന്നു എന്ന് പുറംലോകത്ത് അറിയിക്കാതെ, ചിരിച്ചുകൊണ്ട് പുറത്തിറങ്ങി നടക്കേണ്ടി വരുന്ന അവസ്‌ഥ ആര്‍ക്കും പറഞ്ഞാല്‍ മനസിലാകില്ല. എല്ലാം ഉള്ളിലൊതുക്കി മഠത്തില്‍ കഴിയേണ്ട സാഹചര്യമായിരുന്നു. പല മഠത്തിലും വേറെ ചിലര്‍ക്കും സമാനമായ അനുഭങ്ങളുണ്ട് – അവര്‍ പറഞ്ഞു. നിരവധി പേരുടെ ദുരനുഭവം അറിയാം. എല്ലാ സത്യങ്ങളും പുറത്ത് പറയാനാകില്ല. തുറന്ന് പറഞ്ഞതിന്റെ പേരില്‍ ചിലര്‍ അനുഭവിച്ച് കൊണ്ടിരിക്കുന്നത് നേരിട്ട് കാണുന്ന വ്യക്‌തിയാണെന്നും അതിജീവിത പറഞ്ഞു.




