Featured Lifestyle

പ്രഥമവനിത ‘ആണോ’ ‘പെണ്ണോ’യെന്ന് ഫ്രാന്‍സുകാര്‍ക്ക് സംശയം! നാട്ടുകാരെ ‘തെളിവുകള്‍’ കാണിക്കാന്‍ പ്രസിഡന്റ്

തന്റെ ഭാര്യ ഒരു സ്ത്രീയാണെന്ന് തെളിയിക്കാൻ ‘ശാസ്ത്രീയ തെളിവുകൾ’ നൽകാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ജൂലൈയില്‍ ഫ്രാന്‍സിന്റെ പ്രഥമ വനിത ഒരു ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീയാണെന്നും പുരുഷനായി ജനിച്ച് സ്ത്രീയായി മാറിയ ആളാണെന്നും യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ തീവ്ര വലതുപക്ഷ സ്വാധീനകാരിയും രാഷ്ട്രീയ നിരൂപകയുമായ കാന്‍ഡേസ് ഓവന്‍സ് ഉന്നയിച്ച ആരോപണമാണ് വിവാദമായത്. ഇവര്‍ക്കെതിരേ പ്രസിഡന്റും ഭാര്യയും മാനനഷ്ടത്തിന് കേസ് നല്‍കിയിട്ടുണ്ട്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ഭാര്യ ബ്രിജിറ്റും ഫ്രാന്‍സിന്റെ പ്രഥമ വനിത ഒരു ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീയല്ലെന്ന് തെളിയിക്കാന്‍ ‘ഫോട്ടോഗ്രാഫിക്, ശാസ്ത്രീയ’ തെളിവുകള്‍ അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്.

ഇന്‍സ്റ്റാഗ്രാമില്‍ ആറ് ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള 36 കാരിയായ മിസ്സിസ് ഓവന്‍സ്, വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫ്രഞ്ച് ബ്ലോഗര്‍മാരായ അമാന്‍ഡിന്‍ റോയിയും നതാച്ച റേയും ചേര്‍ന്ന് 2021-ല്‍ പുറത്തിറക്കിയ ഒരു യൂട്യൂബ് വീഡിയോയിലൂടെയാണ് ഈ ആരോപണം ആദ്യമായി ഉന്നയിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

പുരുഷനായിട്ടാണ് നിലവിലെ പ്രഥമവനിത ജനിച്ചതെന്നും ജീന്‍-മൈക്കല്‍ ട്രോഗ്‌നക്‌സ് എന്നായിരുന്നു പേരെന്നും ഓവന്‍സ് തന്റെ പ്രസ്താവനയില്‍ പറഞ്ഞു. ബ്രിജിത്തയ്ക്ക് എതിരേ ട്രാന്‍സ്ഫോബിക് ആരോപണങ്ങള്‍ ഓവന്‍സ് ആവര്‍ത്തിച്ച് പ്രചരിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഭാര്യ സ്ത്രീയാണെന്ന് തെളിയിക്കേണ്ട ബാധ്യത മാക്രോണിന് വന്നു ചേര്‍ന്നിരിക്കുന്നത്. സ്ത്രീയായി മാറുന്നതിന് മുമ്പ് ബ്രിജിത്ത് കൗമാര പ്രായത്തില്‍ ഇമ്മാനുവല്‍ മാക്രോണിനെ ‘പഠിപ്പിച്ചിരുന്നു’ എന്നും ഓവന്‍സ് പറഞ്ഞു.

മൂന്ന് കുട്ടികളുടെ അമ്മയായ 72 കാരിയായ ബ്രിജിറ്റ് മാക്രോണ്‍, വടക്കന്‍ ഫ്രാന്‍സിലെ അമിയന്‍സിലെ ഒരു ഹൈസ്‌കൂളില്‍ പഠിപ്പിക്കുമ്പോള്‍ ആയിരുന്നു തന്നേക്കാള്‍ 24 വയസ്സ് ഇളയ ഭര്‍ത്താവിനെ കണ്ടുമുട്ടിയത്. അന്നത്തെ ഭാവി പ്രസിഡന്റ് അവിടെ തന്റെ വിദ്യാര്‍ത്ഥിയായിരുന്നു. സ്ത്രീയാണെങ്കില്‍ ബ്രിജിറ്റ് ഗര്‍ഭിണിയായിരിക്കുന്നതിന്റെയും കുട്ടികളെ വളര്‍ത്തുന്നതിന്റെയും ചിത്രങ്ങള്‍ മാക്രോണ്‍ കുടുംബം നല്‍കുമോ എന്നും ഓവന്‍സ് ചോദിച്ചിരുന്നു. അവ നിലവിലുണ്ടെന്നും കോടതിയില്‍ ഹാജരാക്കുമെന്നും മാക്രോണ്‍ കുടുംവും പറഞ്ഞു.