Lifestyle

യു.എസ്.എ.ക്കാരിയോട് ആദ്യകാഴ്ചയില്‍ ഐലവ് യൂ പറഞ്ഞ് ചൈനക്കാരന്‍ ഡെലിവറി ബോയി, മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ വിവാഹം

അമേരിക്കയൂം ചൈനയും തമ്മിലുള്ള നയതന്ത്രപ്രശ്‌നങ്ങള്‍ ലോകത്തെ ഏറ്റവും വലിയ വാര്‍ത്തകളിലൊന്നാണ്. എന്നാല്‍ ഈ ശത്രുതയോ ഭൂഖണ്ഡങ്ങള്‍ തമ്മിലുള്ള വ്യത്യാസം പ്രണയത്തിനും ഇഷ്ടത്തിനുമൊന്നും പ്രശ്‌നമല്ലെന്ന് തെളിയിക്കുകയാണ് ഫുഡ് ഡെലിവറി ബോയിയായ ലിയു ഹാവോയും അമേരിക്കക്കാരി ഹന്നാഹാരീസും. ആദ്യകൂടിക്കാഴ്ചയില്‍ പ്രണയത്തിലായ ഇവര്‍, കണ്ടുമുട്ടിയ ദിവസം തന്നെ പരസ്പരം ‘ഐ ലവ് യൂ’ പറഞ്ഞു.

27-കാരനായ ഫുഡ് ഡെലിവറി ബോയിയുടേയും ഉപഭോക്താവായ അമേരിക്കക്കാരിയുടെയും പ്രണയകഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആദ്യ കൂടിക്കാഴ്ചയില്‍ ഇരുവരും പ്രണയത്തിലായി. ഭാഷാപരമായ തടസ്സങ്ങള്‍ക്കിടയിലും അവര്‍ അടുപ്പത്തിലാവുകയും, ഡേറ്റിംഗ് ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് വിവാഹിതരായി. ചൈനയിലെ ലിയോണിംഗ് പ്രവിശ്യയില്‍ നിന്നുള്ളയാളാണ് ലിയു ഹാവോ. യുഎസ്എയിലെ അലബാമയില്‍ നിന്നുള്ളയാളാണ് കിന്‍ഡര്‍ഗാര്‍ട്ടന്‍ ടീച്ചര്‍ കൂടിയായ ഹന്ന.

2024 നവംബറില്‍ ഹന്ന ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തപ്പോഴാണ് ലിയു ആദ്യമായി അവളെ കാണുന്നത്. ലിയു ഭക്ഷണം അവള്‍ക്ക് എത്തിച്ചുകൊടുത്തു. ആദ്യ കാഴ്ചയില്‍ തന്നെ ഹന്നയില്‍ ലിയു വീണുപോയി. ലിഫ്റ്റിനുള്ളില്‍ വെച്ച്, ലിയു പരിഭ്രാന്തനായി ‘ഹലോ, ഐ ലവ് യൂ’ എന്ന് പറഞ്ഞാണ് അവളെ അഭിവാദ്യം ചെയ്തത്. ഇത് കേട്ട് ഹന്നയും തിരിച്ച് ‘ഐ ലവ് യൂ’ എന്ന് പറഞ്ഞു.

”ഒരു വിദേശിയെ എങ്ങനെയാണ് അഭിവാദ്യം ചെയ്യേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു, അതുകൊണ്ട് ഞാന്‍ ആ രണ്ട് വാക്കുകള്‍ മാത്രം പറഞ്ഞു, അവള്‍ തിരിച്ചും ‘ഐ ലവ് യൂ’ പറഞ്ഞു.” ലിയു പറഞ്ഞു. ഒരേ ഭാഷ സംസാരിക്കുന്നില്ലെങ്കിലും, അവര്‍ക്ക് പെട്ടെന്ന് പരസ്പരം അടുപ്പം തോന്നി. പിന്നീട്, ഡെലിവറി ആപ്പിന്റെ ബാക്കെന്‍ഡിലൂടെ അവര്‍ ചാറ്റ് ചെയ്യാന്‍ തുടങ്ങി. പിന്നീട് വീചാറ്റിലായി പ്രണയം.

ഇങ്ങനെയൊരു അനുഭവം താന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും, സ്‌നേഹം ഭാഷകള്‍ക്കതീതമാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ലിയു പറയുന്നു. ശൈത്യകാലത്ത്, ഹന്ന ലിയുവിനെ ഫുഡ് ഡെലിവറി റൗണ്ടുകളില്‍ കൂടെപോയി സഹായിച്ചു. ജനുവരിയില്‍, ഒരു ഡയമണ്ട് മോതിരം നല്‍കി ലിയു അവളെ പ്രൊപ്പോസ് ചെയ്തു.

മാര്‍ച്ചില്‍ ഈ ദമ്പതികള്‍ വിവാഹിതരായി. കാറോ, വീടോ, അല്ലെങ്കില്‍ സമ്മാനങ്ങളോ ഹന്ന ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്ന് ലിയു പറയുന്നു. അവര്‍ ട്രാന്‍സ്ലേഷന്‍ ആപ്പുകള്‍ ഉപയോഗിച്ച് പരസ്പരം ആശയവിനിമയം നടത്തുകയും ദിവസവും പരസ്പരം ഭാഷ പഠിക്കുകയും ചെയ്യുന്നു. അവര്‍ ഭാവിയില്‍ ചൈനയില്‍ ജീവിക്കാന്‍ പദ്ധതിയിടുന്നുണ്ടെങ്കിലും, താമസിയാതെ ഹന്നയെയും കൊണ്ട് ഹാവോ യുഎസിലേക്ക് പറക്കും.