Crime

‘അമ്മൂമ്മേ, വയറ്റിലെന്തോ മുരളുന്നു’; പരിശോധനയില്‍ 20കാരി ഗര്‍ഭിണി! ഡിഎന്‍എയില്‍ പിതാവ് കുടുങ്ങി, ബധിരയും മൂകയുമായ സ്വന്തം മകളോട് ക്രൂരത

ബധിരയും മൂകയുമായ സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് മുംബൈയിൽ ഡിഎൻഎ പരിശോധനയിലൂടെ പിടിയിലായി. കഴിഞ്ഞ സെപ്റ്റംബറിൽ ഇരുപതുകാരിയായ മകൾ തന്റെ വയറ്റിൽ എന്തോ ജീവി കിടന്നു മുരളുന്നതായി ആംഗ്യഭാഷയിലൂടെ മുത്തശ്ശിയെ അറിയിച്ചതോടെയാണ് പീഡനവിവരം പുറംലോകമറിയുന്നത്.

ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ച പെൺകുട്ടി അഞ്ചുമാസം ഗർഭിണിയാണെന്ന് പരിശോധനയിൽ വ്യക്തമായി. പെൺകുട്ടിക്ക് സംസാരിക്കാനോ കേൾക്കാനോ സാധിക്കാത്തതിനാൽ തുടക്കത്തിൽ പോലീസിന് പ്രതിയെ കണ്ടെത്തുക പ്രയാസകരമായിരുന്നു. വിവരം അന്വേഷിച്ച പോലീസിനോട് മകൾ പീഡിപ്പിക്കപ്പെട്ട വിവരം തനിക്ക് അറിയില്ലെന്നും സംഭവത്തിൽ പരാതിയില്ലെന്നുമാണ് പിതാവ് നിലപാടെടുത്തത്.

പിതാവിന്റെ ഈ ഒഴിഞ്ഞുമാറലും വിവരങ്ങൾ മറച്ചുവെക്കാനുള്ള ശ്രമവും പോലീസിൽ സംശയം ജനിപ്പിച്ചു. തുടർന്ന് പെൺകുട്ടിക്ക് നൽകിയ വിദഗ്ധമായ കൗൺസിലിംഗിലൂടെയാണ് പരാതി നൽകാൻ കുട്ടി തയ്യാറായത്. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു പതിനേഴുകാരൻ ഉൾപ്പെടെയുള്ള സംശയിക്കപ്പെട്ട 17 പേരുടെ ഡിഎൻഎ സാമ്പിളുകൾ പോലീസ് ശേഖരിച്ചു. ഒടുവില്‍ വെറുതേ പിതാവിന്‍റെ സാംപിളും ശേഖരിച്ചു. ഇതാണ് കേസില്‍ നിര്‍ണായകമായതും യഥാര്‍ഥ പ്രതിയെ കണ്ടെത്തുന്നതിലേക്ക് നയിച്ചതും. ഡിഎൻഎ പരിശോധനയിലൂടെ കുറ്റവാളി പിതാവ് തന്നെയാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞതോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.