Celebrity

ആ സസ്പെന്‍സ് ഫഫ പൊളിച്ചു ! മോഹന്‍ലാല്‍- മമ്മൂട്ടി ചിത്രം പാട്രിയറ്റില്‍ വില്ലന്‍, ‘ആവേശം’ രണ്ടാം ഭാഗം വരും – വീഡിയോ

മലയാളി പ്രേക്ഷകര്‍ ഈ വര്‍ഷം ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പാട്രിയറ്റ്. പതിനേഴ് വർ‌ഷങ്ങൾക്ക് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം എന്നതുതന്നെ ഇതിനുകാരണം. അതുമാത്രമല്ല ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിങ്ങനെ വലിയ താരനിര തന്നെയാണ് പാട്രിയറ്റിലേക്ക് എത്തുന്നത്.

ഇതിനിടെ ചിത്രത്തിലെ വലിയൊരു സസ്പെന്‍സ് പൊളിച്ചിരിക്കുകയാണ് ഫഹദ് ഫാസില്‍. ചിത്രത്തില്‍ വില്ലനായാണ് താന്‍ എത്തുന്നത് എന്ന് ഫഹദ് വെളിപ്പെടുത്തി. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം സ്ക്രീന്‍ പങ്കിടാന്‍ പറ്റുന്നത് മുന്‍ജന്മ ഭാഗ്യമാണെന്നും ഫഹദ് പറഞ്ഞു. ബ്ലൂ ഹിൽ ഫൗണ്ടേഷന്റെ ഒന്നാം വാർഷിക ചടങ്ങിൽ പങ്കെടുത്താണ് താരം ഇക്കാര്യം വെളിപ്പെടുത്തലയത്.

‘അടുത്ത മലയാളം റിലീസ് ‘പാട്രിയറ്റ്’ ആണ്. മമ്മൂട്ടി സാറിനും മോഹൻലാൽ സാറിനും ഒപ്പമാണ്. മുൻജന്മഭാഗ്യമാണ് ഇവരുടെ കൂടെ ഒരു സ്ക്രീൻ ഷെയർ ചെയ്യാൻ പറ്റുക എന്നത്. എല്ലാവരെയും പോലെ ഞാനും ആകാംക്ഷയിലാണ്. ഏപ്രിൽ 23ന് ചിത്രം റിലീസ് ചെയ്യും. ‘പാട്രിയറ്റി’ൽ ഞാൻ വില്ലനാണ്,’ ഫഹദ് പറഞ്ഞു. ‘ആവേശം’ രണ്ടാം ഭാഗം ഉണ്ടെന്നും 2027ലോ, 2028ലോ ചിത്രം സംഭവിച്ചേക്കാമെന്നും ഫഹദ് പറഞ്ഞു.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പാട്രിയറ്റ് സ്പൈ ത്രില്ലറായാണ് ഒരുങ്ങുന്നത്. ആന്‍റോ ജോസഫും കെ.ജി.അനില്‍കുമാറുമാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക്, യുകെ എന്നിവിടങ്ങളിൽ ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രത്തിന്റെ അവസാന മിനുക്കുപണികള്‍ പുരോഗമിക്കുകയാണ്.



ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ്, ജിനു ജോസഫ്, രാജീവ് മേനോൻ,ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ തുടങ്ങി വൻതാരനിരയാണ് അണിനിരക്കുന്നത്. 2026 വിഷു റിലീസായി ആണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. ആൻ മെഗാ മീഡിയയാണ് ചിത്രം തിയറ്ററുകളിലെത്തിക്കുക.