Featured Sports

‘വീണ്ടും പൂജ്യത്തിന് പുറത്തായാലും നീ തന്നെ ഓപ്പണർ’; തളർന്നപ്പോൾ അഭിഷേകിനെ ചേർത്തുപിടിച്ച് ഗംഭീറും സൂര്യയും

ടി20 ലോകകപ്പിൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായി നിരാശപ്പെടുത്തിയപ്പോഴും കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റൻ സൂര്യകുമാർ യാദവും തനിക്ക് നൽകിയ ഉറച്ച പിന്തുണയെക്കുറിച്ച് മനസുതുറന്ന് യുവതാരം അഭിഷേക് ശർമ. സിംബാബ്‌വെക്കെതിരായ മത്സരത്തിൽ 55 റൺസുമായി ഫോമിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ ബിസിസിഐ ടിവിയോട് സംസാരിക്കുകയായിരുന്നു താരം.

വലിയൊരു വേദിയിൽ രാജ്യത്തിനായി അരങ്ങേറുമ്പോൾ മികച്ച തുടക്കം ആഗ്രഹിച്ചിരുന്നെങ്കിലും പരിക്കും ആശുപത്രിവാസവും തിരിച്ചടിയായെന്ന് അഭിഷേക് സമ്മതിക്കുന്നു. എന്നാൽ ആ പ്രതിസന്ധിഘട്ടത്തിലും ടീം മാനേജ്‌മെന്റ് തന്നിൽ അർപ്പിച്ച വിശ്വാസമാണ് കരുത്തായതെന്ന് താരം വെളിപ്പെടുത്തി.

നീ ഇനിയൊരു വട്ടം കൂടി പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ലെന്നും ഈ ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും നീ തന്നെ ഓപ്പണറായി തുടരുമെന്നും കോച്ചും ക്യാപ്റ്റനും തനിക്ക് ഉറപ്പുനൽകിയിരുന്നു. ടീമിനെ വിജയത്തിലെത്തിക്കാൻ തനിക്ക് കഴിയുമെന്ന് അവർ വിശ്വസിച്ചിരുന്നു. ഇതൊരു ടീമിനേക്കാൾ ഉപരി ഒരു കുടുംബം പോലെയാണ് തനിക്ക് അനുഭവപ്പെട്ടതെന്നും എല്ലാവരും തന്റെ തിരിച്ചുവരവിനായി ആഗ്രഹിച്ചിരുന്നുവെന്നും അഭിഷേക് കൂട്ടിച്ചേർത്തു.

അടുത്ത കാലത്തൊന്നും മറ്റൊരു യുവതാരത്തിനും ലഭിക്കാത്ത വിധത്തിലുള്ള വലിയ പിന്തുണയാണ് മാനേജ്‌മെന്റിൽ നിന്ന് അഭിഷേകിന് ലഭിച്ചത്. തന്റെ സ്വഭാവിക ശൈലിയിൽ കളിച്ച് ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാനുള്ള താരത്തിന്റെ കഴിവിനെയാണ് ടീം വിലമതിക്കുന്നത്. സിംബാബ്‌വെക്കെതിരായ അർധ സെഞ്ച്വറിയിലൂടെ ഫോമിലേക്ക് മടങ്ങിയെത്തിയത് വരാനിരിക്കുന്ന മത്സരങ്ങളിൽ ഇന്ത്യയ്ക്ക് വലിയ ആത്മവിശ്വാസം നൽകും.

Leave a Reply

Your email address will not be published. Required fields are marked *