മിതവ്യയവും പരിസ്ഥിതി സൗഹൃദവും ശീലിച്ച ഒരു ചൈനീസ് സ്ത്രീ ഏഴു വര്‍ഷമായി ജീവിക്കുന്നത് സെക്കന്റ്ഹാന്റ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച്. സോപ്പ്, ടവ്വലുകള്‍, ലിപ്‌സ്റ്റിക് എന്നിങ്ങനെ അവശ്യവസ്തുക്കളെല്ലാം സെക്കന്റ്ഹാന്‍ഡാണ്.
പരിസ്ഥിതി സൗഹൃദവും ലോകത്തെ മെച്ചപ്പെട്ട സ്ഥലമാക്കുകയും ചെയ്യുക എന്ന ലക്ഷ്യമിട്ടാണ് ഇവര്‍ ഉപയോഗിച്ച ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കുന്നത്. കൂടാതെ പച്ചക്കറി ഭക്ഷണത്തിലേക്ക് മാറുകയും ചെയ്തു.
ഷംഗ്ഹായിയില്‍ നിന്നുള്ള 26 കാരി സു യിജേയാണ് കഥയിലെ നായിക. വസ്ത്രങ്ങള്‍ മുതല്‍ ഫര്‍ണിച്ചറുകള്‍, ചെടികള്‍ തുടങ്ങി ടേബിള്‍വെയറുകളും ലിപ്സ്റ്റിക്കും വരെ, സു എപ്പോഴും സെക്കന്‍ഡ് ഹാന്‍ഡ് ഇനങ്ങള്‍ തിരഞ്ഞെടുക്കുന്നു. അവള്‍ പാഡുകള്‍ക്ക് പകരം വീണ്ടും ഉപയോഗിക്കാവുന്ന മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നു. അടുക്കളമാലിന്യം കൊണ്ട് തന്റെ ചെടികള്‍ക്ക് വളമിടാന്‍ മാലിന്യ കമ്പോസ്റ്റും ഉണ്ടാക്കുന്നു.
കാനഡയിലാണ് സു തന്റെ സെക്കന്‍ഡറി സ്‌കൂള്‍ വര്‍ഷങ്ങള്‍ ചെലവഴിച്ചത്. അക്കാലത്ത് പരിസ്ഥിതിയെക്കുറിച്ച് അവള്‍ക്ക് കൂടുതല്‍ അവബോധമുണ്ടായി. കാനഡയിലെ ചാരിറ്റി ഷോപ്പുകളില്‍നിന്ന് അവള്‍ക്ക് ആവശ്യമുള്ളതെല്ലാം ലഭിക്കുന്നതിനാല്‍, സെക്കന്‍ഡ് ഹാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന ശീലവും അവള്‍ കരഗതമാക്കി.
ഒരിക്കല്‍ ഒരു ഫാം സന്ദര്‍ശിക്കുന്നതിനിടയില്‍, പുതുതായി ഇട്ടതും ചൂടുള്ളതുമായ മുട്ട എടുത്തതോടെയാണ് അത് കഴിക്കുന്നത് നിര്‍ത്തി പകരം സസ്യാസാഹാരം ശീലമാക്കാന്‍ തുടങ്ങിയത്. കൊല്ലപ്പെടുന്ന കോഴികളോട് തനിക്ക് ആഴത്തിലുള്ള സഹാനുഭൂതി തോന്നിയിട്ടുണ്ടെന്നും സു കൂട്ടിച്ചേര്‍ത്തു. സുവും അവളുടെ കാമുകനും സസ്യഭുക്കുകളാണ്.
ഭക്ഷണത്തില്‍ പായ്ക്ക് ചെയ്യാത്ത പഴങ്ങളും പച്ചക്കറികളും ഫാമുകളില്‍ നിന്ന് നേരിട്ട് വാങ്ങും. പുറത്ത് പാചകം ചെയ്യുന്ന ഭക്ഷണം വാങ്ങുന്നത് അവര്‍ ഒഴിവാക്കുന്നു. ഭക്ഷണത്തിനായി അവള്‍ ഒരു മാസം 2,000 യുവാനാണ് ചെലവഴിക്കുന്നത്. സുവിന്റെ ജീവിതശൈലി നാട്ടിലെ സോഷ്യൽ മീഡിയയിലെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി.
അഭിനന്ദനങ്ങളോടൊപ്പം അവര്‍ക്ക് വിമര്‍ശനവുമുണ്ട്. ‘സെക്കന്‍ഡ് ഹാന്‍ഡ് തൂവാലകളും ലിപ്സ്റ്റിക്കും ഉപയോഗിക്കുന്നത് എനിക്ക് അംഗീകരിക്കാൻ കഴിയില്ല, അവ വ്യക്തിപരമായ ഭാഗങ്ങളെ നേരിട്ട് സ്പർശിക്കുന്നവയാണ്. അത് വളരെ വൃത്തിഹീനമാണ്.” ഒരാള്‍ എഴുതി