അനാവശ്യ സന്ദേശങ്ങള്‍ ഒഴിവാക്കാന്‍ ഉപയോഗിക്കുന്ന ‘അണ്‍സബ്ക്രൈബ്’ സംവിധാനം ഹാക്കര്‍മാര്‍ ദുരുപയോഗം ചെയ്യുന്നതായി റിപ്പോര്‍ട്ട്. വ്യാജ അണ്‍സബ്ക്രൈബ് ബട്ടണുകള്‍ വ്യാപകമാകുന്നെന്നു സൈബര്‍ സുരക്ഷാ വിദഗ്‌ധര്‍ മുന്നറിയിപ്പ് നല്‍കി. 644 ‘അണ്‍സബ്ക്രൈബ്’ സന്ദേശങ്ങളില്‍ ഒരെണ്ണമെങ്കിലും ദോഷകരമായ വെബ്‌സൈറ്റിലേക്ക് നിങ്ങളെ നയിക്കും.
ഒരു വ്യക്‌തിക്കു ലഭിക്കുന്ന 45 ശതമാനം ഇമെയിലുകളും സ്‌പാമാണ്. അവയില്‍നിന്നു രക്ഷപ്പെടാന്‍കൂടിയാണ് അണ്‍സബ്ക്രൈബ് ഓപ്‌ഷന്‍ ഉപയോഗിക്കുന്നത്. അണ്‍സബ്ക്രൈബില്‍ ക്ലിക്ക് ചെയ്‌താല്‍ ഇമെയില്‍ വിലാസം സജീവമാണെന്ന് കണ്ടെത്തുക മാത്രമല്ല, അത് കൂടുതല്‍ തട്ടിപ്പിനുള്ള ലക്ഷ്യമാക്കുകയും ചെയ്യും, വ്യക്‌തിഗത വിവരങ്ങളോ ലോഗിന്‍ വിവരങ്ങളോ ശേഖരിക്കാന്‍ ഒരു വ്യാജ വെബ്‌സൈറ്റിലേക്ക് ആരെയെങ്കിലും റീഡയറക്‌ട് ചെയ്യുകയും ചെയ്യാം.
ചില സാഹചര്യത്തില്‍ വ്യക്‌തിയുടെ അറിവില്ലാതെ ദോഷകരമായ സോഫ്‌റ്റ്വേര്‍ ഡൗണ്‍ലോഡ് ചെയ്യുകപോലും ചെയ്യാം. സാധാരണയായി, ഇത് ഇമെയിലിന്റെ അവസാനമുള്ള ‘അണ്‍സബ്ക്രൈബ്’ ലിങ്ക് ആയിരിക്കും ദുരുപയോഗത്തിന് ഉപയോഗിക്കുക. സൈബര്‍ സുരക്ഷാ വിദഗ്‌ധരുടെ വീക്ഷണകോണില്‍ ലിങ്ക് ക്ലിക്ക് ചെയ്യുന്നതിലൂടെ ഉപയോക്‌താവ് ഇമെയില്‍ ക്ലയന്റിന്റെ സംരക്ഷിത പരിസ്‌ഥിതി വിട്ട് തുറന്ന വെബിലേക്ക് പ്രവേശിക്കുന്നു. അവിടെ ദോഷകരമായ ആക്രമണങ്ങളില്‍നിന്നു വ്യക്‌തികള്‍ക്ക് സംരക്ഷണം കുറവാണ്.




