മരണാസന്നനായ കാമുകന്‍ തന്റെ സമ്പാദ്യം മുഴുവന്‍ മുന്‍ കാമുകിക്ക് കൈമാറി. ചൈനയില്‍ നടന്ന ഹൃദയസ്പര്‍ശിയായ സംഭവത്തില്‍ തന്റെ സമ്പാദ്യത്തോടൊപ്പം ഒരു വിടപറയല്‍ കത്തും നല്‍കി. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ചോങ്ചിംഗില്‍ നിന്നുള്ള 22 വയസ്സുകാരിയായ ഹു സിന്‍യാവോയുടേയും കാമുകന്‍ സിയാവോയുടെയും കഥ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്.
ഹു സിന്‍യാവോ എട്ട് വര്‍ഷമായി വാസ്‌കുലാര്‍ രോഗവുമായി പോരാടുകയായിരുന്നു. ക്രമേണ ഈ രോഗം വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. കഴിഞ്ഞ വര്‍ഷം ഒരു പൊതുസുഹൃത്ത് വഴിയാണ് ഹു സിയാവോയെ പരിചയപ്പെട്ടത്. സിയാവോ, ഇന്നര്‍ മംഗോളിയയിലെ ഒരു പോലീസ് ഓഫീസറായിരുന്നു. ഹുവിന് ഗുരുതരമായ അസുഖം ഉണ്ടായിരുന്നിട്ടും, അയാള്‍ അവളെ വളരെയധികം സ്‌നേഹിക്കുകയും പരിചരിക്കുകയും ചെയ്തു. അങ്ങനെ അവര്‍ പെട്ടെന്ന് തന്നെ പ്രണയത്തിലായി.
രണ്ട് മാസത്തെ പ്രണയത്തിന് ശേഷം ഹുവിന്റെ രോഗം കൂടുതല്‍ വഷളായി . ഇത് ഹൂവിന് മാനസികമായി വലിയ ബുദ്ധിമുട്ടുണ്ടാക്കി, ഒടുവില്‍ അവള്‍ സിയാവോയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ‘എനിക്ക് അവന് ഒരു കുടുംബം നല്‍കാന്‍ കഴിയില്ല. എന്നോടൊപ്പമുണ്ടെങ്കില്‍ അത് അവന്റെ ജീവിതത്തെ തടസ്സപ്പെടുത്തും,’ ഹു പറഞ്ഞു. ഇരുവരും വേര്‍പിരിഞ്ഞ് ഒറ്റയ്ക്ക് ജീവിതം മുന്നോട്ട് നയിച്ചു. ഹൂവിന്റെ ചികിത്സാ ചെലവുകള്‍ക്കായി പിന്നീട് സംഭാവനകളെയും കടങ്ങളെയും ആശ്രയിക്കേണ്ടി വന്നു.
ചികിത്സാ ചെലവുകള്‍ക്കായി ഓരോ മാസവും 20,000 യുവാന്‍ (ഏകദേശം 2,800 യു.എസ്. ഡോളര്‍) വേണ്ടിവന്നു. ഇത് കണ്ടെത്താനായി അവള്‍ ജ്യൂസ് വില്‍ക്കുകയും ഓണ്‍ലൈനില്‍ നോവലുകള്‍ എഴുതുകയും ചെയ്തു. അതിനിടെ ഓഗസ്റ്റ് 31-ന് സിയാവോയുടെ ഒരു സുഹൃത്ത് 50,000 യുവാനും ഒരു കത്തും ഹുവിന് കൈമാറി. കടുത്ത പാന്‍ക്രിയാറ്റൈറ്റിസ് രോഗം കാരണം 26-ാം വയസ്സില്‍ സിയാവോ മരണപ്പെട്ട വിവരം അപ്പോഴാണ് ഹു അറിയുന്നത്. തങ്ങള്‍ ഒരുമിച്ച് ചെലവഴിച്ച രണ്ട് മാസങ്ങളാണ് തന്റെ ജീവിതത്തിലെ ഏറ്റവും വിലയേറിയതും സന്തോഷകരവുമായ സമയമെന്ന് സിയാവോ കത്തില്‍ എഴുതിയിരുന്നു.
വേര്‍പിരിഞ്ഞതിന് ശേഷവും ഓരോ മാസവും രഹസ്യമായി അദ്ദേഹം ഹുവിന്റെ ചികിത്സയ്ക്ക് പണം നല്‍കിയിരുന്നു. ‘രോഗികള്‍ക്കായി ഒരു ‘വീട്’ ഉണ്ടാക്കുക’ എന്ന ഹുവിന്റെ സ്വപ്നത്തെക്കുറിച്ചും സിയാവോ എഴുതി. അത് തന്റെ ആഗ്രഹമായിരുന്നു എന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി. ‘നിന്റെ സ്വപ്നത്തെ പിന്തുണയ്ക്കാന്‍ തന്റെ സമ്പാദ്യം മുഴുവന്‍ കൈമാറിയതായും പറഞ്ഞു.
ഒരു വിവാഹം ഒരിക്കലും നടക്കില്ലെന്ന് കരുതിയ ഹു, ഒരു കല്യാണ വേഷത്തി ലുള്ള വീഡിയോ ചിത്രീകരിച്ച് ഡൗയിന്‍ എന്ന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. സിയാവോ ആ വീഡിയോ കാണാന്‍ വേണ്ടി മാത്രമാണ് ഡൗയിന്‍ ഡൗണ്‍ ലോഡ് ചെയ്തതെന്ന് കത്തില്‍ ഏറ്റുപറഞ്ഞു. ‘നിന്നെ കാണാന്‍ വളരെ സുന്ദരിയായിരുന്നു. അത് കണ്ടപ്പോള്‍ എനിക്ക് കരച്ചില്‍ അടക്കാനായില്ല. സത്യം പറഞ്ഞാല്‍, അവിടെയിരുന്ന് നിങ്ങളെ ആശിര്‍വദിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു,’ അദ്ദേഹം എഴുതി.
‘കല്യാണ വേഷത്തിലുള്ള നിന്റെ വീഡിയോ ഞാന്‍ രഹസ്യമായി കുറഞ്ഞത് 50 തവണയെങ്കിലും കണ്ടു,’ സിയാവോ കൂട്ടിച്ചേര്‍ത്തു. രോഗത്തിനെതിരെ പോരാടാന്‍ സിയാവോ ഹുവിനെ പ്രോത്സാഹിപ്പിച്ചു, ‘എത്ര വെല്ലുവിളിയുണ്ടായലും, എന്റെ ജീവിതം കൂടി ജീവിച്ചുതീര്‍ക്കാന്‍ ദയവായി നീ തുടരുക.’ കത്തിന്റെ അവസാനം ഇങ്ങനെ കുറിച്ചു: ‘ഒരു പുനര്‍ജന്മമുണ്ടെങ്കില്‍, എനിക്ക് നിന്നെ വീണ്ടും കാണണം. ഈ തവണ ഞാന്‍ നിനക്ക് കൂടുതല്‍ കാലം കൂട്ടിനുണ്ടാവും.’
കത്ത് വായിച്ചപ്പോള്‍ താന്‍ വിറക്കുകയും കരയുകയും ചെയ്‌തെന്ന് ഹു പറഞ്ഞു. ‘ഞാന്‍ മുമ്പ് പ്രണയത്തില്‍ വിശ്വസിച്ചിരുന്നില്ല, എന്നാല്‍ ഇപ്പോള്‍ ഞാന്‍ വിശ്വസിക്കുന്നു,’ ഹു പറഞ്ഞു. പണം ലഭിച്ച ശേഷം, ഹു സിയാവോയുടെ മാതാപിതാക്കളെ സമീപിച്ച് പണം തിരികെ നല്‍കാന്‍ ശ്രമിച്ചെങ്കിലും, മകന്റെ അന്തിമ ആഗ്രഹം മാനിച്ച് അവര്‍ അത് നിരസിച്ചു. സിയാവോയുടെ കല്ലറയില്‍ പൂക്കള്‍ നല്‍കി ഹു അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ഇപ്പോള്‍ ഹൂ സിയാവോയുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളെ പോലെയാണ് കാണുന്നത്. ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം അവരെ എന്റെ കഴിവിന്റെ പരമാവധി ഞാന്‍ പരിചരിക്കും,’ ഹു പറഞ്ഞു. ഈ കഥ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും 40 ദശലക്ഷത്തിലധികം കാഴ്ചക്കാര്‍ക്ക് ഈ പോസ്റ്റുകള്‍ ലഭിക്കുകയും ചെയ്തു.




