വാരണാസി: ഉത്തര്‍പ്രദേശില്‍ പത്തൊമ്പതുകാരിയെ 23 പേര്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നു പരാതി. 12 പേര്‍ അറസ്റ്റില്‍.
കഴിഞ്ഞ 29 നും ഈമാസം നാലിനുമിടയില്‍ വാരാണസിയിലാണ് അതിക്രൂരമായ അതിക്രമമുണ്ടായത്. കഴിഞ്ഞ ആറിനാണ് അതിക്രമം സംബന്ധിച്ച് ഇരയുടെ കുടുംബം പോലീസിനു പരാതി നല്‍കിയത്. ആറുദിവസത്തിനിടെ 23 പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ഒന്നിലധികം സ്ഥലങ്ങളില്‍വച്ച് ബലാത്സംഗത്തിനിരയാക്കിയെന്നാണു പരാതി. പ്രതികളില്‍ 12 പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.
കഴിഞ്ഞ 29 ന് ചില യുവാക്കള്‍ക്കൊപ്പം പെണ്‍കുട്ടി പുറത്തുപോയിരുന്നു. വീട്ടില്‍ മടങ്ങിയെത്താത്തതിനെത്തുടര്‍ന്ന് നാലിന് കുടുംബം പോലീസിനെ വിവരമറിയിച്ചു. ഇതിനു പിന്നാലെ പെണ്‍കുട്ടി വീട്ടിലെത്തി. എന്നാല്‍ പീഡനവിവരം വെളിപ്പെടുത്തിയില്ല. പിന്നീട് കൂട്ടബലാത്സംഗം ആരോപിച്ച് കുടുംബം പരാതി നല്‍കുകയായിരുന്നെന്ന് അഡീഷണല്‍ പോലീസ് കമ്മീഷണര്‍ പറയുന്നു. 29 ന് സുഹൃത്തിന്റെ വീട്ടില്‍പോയി മടങ്ങുന്നതിനിടെ കണ്ടുമുട്ടിയ രാജ് എന്ന യുവാവാണ് പെണ്‍കുട്ടിയെ അയാളുടെ കഫേയിലെത്തിച്ച് ആദ്യമായി പീഡനത്തിനിരയാക്കിയത്.
പിന്നീടുള്ള ദിവസങ്ങളില്‍ പലയിടത്തായി പെണ്‍കുട്ടി പലരുടെയും പീഡനത്തിനിരയായി. ലഹരിപാനീയങ്ങള്‍ കുടിപ്പിച്ച് മയക്കിയശേഷമായിരുന്നു മാനഭംഗമെന്നു മാതാവ് നല്‍കിയ പരാതിയിലുണ്ട്. കഴിഞ്ഞ മൂന്നിന് ഡാനിഷ് എന്നയാളും സുഹൃത്തുക്കളുമാണ് ഒടുവിലായി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്. അതിനുശേഷം ചൗക്ക്ഘട്ടിനു സമീപം ഉപേക്ഷിച്ചു. പിറ്റേന്ന് പെണ്‍കുട്ടി വീട്ടിലെത്തി തന്റെ ദുരനുഭവങ്ങള്‍ വിവരിച്ചെന്നാണ് പരാതിയില്‍ കുടുംബാംഗങ്ങള്‍ പറയുന്നത്.