താജ്മഹൽ പാർക്കിങ്ങിൽ വിനോദസഞ്ചാരികൾക്കിടയിലേക്ക് ‘ഡ്രൈവറില്ലാതെ ‘ കാർ ഇടിച്ചുകയറി. കാറിലിരുന്ന കുട്ടികൾ ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്തതിനെ തുടർന്നാണ് അപകടം ഉണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്.
താജ്മഹലിന്റെ പടിഞ്ഞാറൻ പാർക്കിംഗ് ലോട്ടിൽ ഞായറാഴ്ചയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഡ്രൈവറില്ലാത്ത കാർ നിരവധി വിനോദസഞ്ചാരികൾക്ക് മുകളിലേക്ക് മറിഞ്ഞതിനെ തുടർന്ന് ആളുകൾ പരിഭ്രാന്തിയിലാകുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വീഡിയോയിൽ ഡൽഹി നമ്പർ പ്ലേറ്റുള്ള ഒരു കാർ പെട്ടെന്ന് പിന്നോട്ട് പോകുന്നതും ഒരു കടയ്ക്ക് സമീപം ഇരിക്കുന്നവരുടെ മേൽ പാഞ്ഞുകയറുന്നതുമാണ് കാണുന്നത്.
പോലീസ് പറയുന്നതനുസരിച്ച് ഹാൻഡ് ബ്രേക്ക് ശരിയായി ഇടാതെ കാർ പാർക്ക് ചെയ്തിരുന്നതാണ് അപകടത്തിനു കാരണമായത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഒരു കുടുംബം കാറിനകത്ത് ഇരിക്കുമ്പോൾ ഒരു കുട്ടി അബദ്ധത്തിൽ ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്തതാണ് വാഹനം അനിയന്ത്രിതമായി പിന്നിലേക്ക് നീങ്ങിയത്. തിരക്കേറിയ പാർക്കിംഗ് ഏരിയയിൽ നിലവിളികള്‍ സൃഷ്ടിച്ചുകൊണ്ട് കടകൾക്ക് സമീപമുള്ള ഗൈഡ് മേലാപ്പിന് താഴെ ഇരുന്ന നിരവധി വിനോദസഞ്ചാരികൾക്കിടയിലേക്കാണ് കാർ പാഞ്ഞുകയറിയത്.
അപകടം അപ്രതീക്ഷിതമായതിനാൽ ആളുകൾക്ക് ഓടി രക്ഷപെടാനുള്ള സമയം കിട്ടിയില്ലെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കി. അപകടം നടന്നതിനു പിന്നാലെ ആംബുലൻസുകൾ എത്തുകയും പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.