Crime

ശക്തി ഇരട്ടിക്കും! നഗ്നനായി 6 സ്ത്രീകളുടെ കുഴിമാടം തുറന്ന് രണ്ട് ഭാര്യമാരെ കൊലപ്പെടുത്തിയ പ്രതി; വീണ്ടും അറസ്റ്റ് ചെയ്ത് പൊലീസ്

രണ്ട് ഭാര്യമാരെ കൊലപ്പെടുത്തിയ കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ മധ്യവയ്സകനെ വീണ്ടും അറസ്റ്റ് ചെയ്ത് പൊലീസ്. 2010-ൽ ഇരട്ടക്കൊലപാതകത്തിന് പൊലീസ് പിടികൂടിയ അയൂബ് ഖാനെയാണ് (50) സ്ത്രീകളുടെ ശവകുടീരങ്ങൾ തുറന്ന കുറ്റത്തിന് മധ്യപ്രദേശ് പൊലീസ് പിടികൂടിയത്. മധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിലെ മുന്ദ്വാര ഗ്രാമത്തിലാണ് സംഭവം.

മന്ത്രവാദം ചെയ്യുന്നതിനു വേണ്ടിയാണ് നഗ്നനായി എത്തി സ്ത്രീകളുടെ കുഴിമാടം തുറന്നതെന്നാണ് അയൂബ് ഖാൻ പൊലീസിനോട് പറഞ്ഞത്. ഈ വർഷം മേയ്, സെപ്റ്റംബർ മാസങ്ങളിലായി രണ്ടുതവണയാണ് ഇയാൾ ആറ് സ്ത്രീകളുടെ ശവകുടീരങ്ങൾ തുറന്നത്. മരിച്ച സ്ത്രീകളുടെ മുടി കൈക്കലാക്കാനാണ് ഇയാൾ ഈ പ്രവൃത്തി ചെയ്തത്. അമാവാസി ദിവസം ഈ മുടി ഉപയോഗിച്ച് മന്ത്രവാദം ചെയ്താൽ ശക്തി ഇരട്ടിക്കുമെന്ന് അയൂബ് വിശ്വസിച്ചിരുന്നു .ജയിലിലെ സഹതടവുകാരനാണ് ശക്തി വർധിപ്പിക്കുന്നതിനായി ഇങ്ങനെ ചെയ്യാൻ ഉപദേശിച്ചത്.

2010ൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് ഭാര്യമാരെ കൊലപ്പെടുത്തിയ അയൂബ് ഖാന് കോടതി 20 വർഷം കഠിനതടവാണ് വിധിച്ചത്. തുടർന്ന് ഇൻഡോർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുകയായിരുന്ന ഇയാൾ അഞ്ച് മാസം മുൻപാണ് ജയിൽ മോചിതനായത്. ജയിലിനുള്ളിലെ നല്ല പെരുമാറ്റത്തെ തുടർന്നാണ് അയൂബിന് ശിക്ഷ ഇളവ് ലഭിച്ചത്. ശവക്കുഴികൾ പ്രതി തുറക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്. പകൽ സമയം എത്തി സ്ത്രീകളുടെ കുഴിമാടങ്ങൾ കണ്ടെത്തിയതിനു ശേഷമാണ് രാത്രി തുറക്കാനെത്തിയത്. മോഷണക്കേസിലും ഇയാൾ മുൻപ് പ്രതിയായിട്ടുണ്ട്.