ഏഴു വയസുള്ള ബാലികയെ തട്ടിക്കൊണ്ടുപോവുകയും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ യുവാവിന് ഗുജറാത്തിലെ ആനന്ദിലെ ജില്ലാ കോടതി ഇരട്ട വധശിക്ഷ വിധിച്ചു. 2019 ഒക്ടോബറിലായിരുന്നു സംഭവം. അർജുൻ കോഹിൽ എന്ന യുവാവിനാണ് അപൂർവ്വങ്ങളിൽ അപൂർവ്വം എന്ന് വിലയിരുത്തിയാണ് പോക്‌സോ കോടതി അഡീഷണൽ സെഷൻസ് ജഡ്ജി ഇരട്ട വധശിക്ഷ വിധിച്ചത്.
2019 ഒക്ടോബർ 28-ന് പെൺകുട്ടിയ കാണാതാവുന്നത്. പിന്നീട് രാത്രിയോടെ കുട്ടിയുടെ മൃതദേഹം ഗ്രാമത്തിലെ ക്ഷേത്രത്തിനു സമീപമുള്ള അഴുക്കുചാലിൽ കണ്ടെത്തുകയായിരുന്നു. ക്ഷേത്രോത്സവം നടക്കുന്നതിനിടയിൽ ബിസ്‌കറ്റ് നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പെൺകുട്ടിയെ ഇയാൾ തട്ടിക്കൊണ്ടു പോയതെന്ന് എഫ്.ഐ.ആറിൽ പറഞ്ഞിരുന്നു. ചരിത്രപരമായ വിധിയാണെന്നാണ് ഗുജറാത്ത് സർക്കാർ ആനന്ദ് കോടതിയുടെ വിധിയെ വിശേഷിപ്പിച്ചത്.
ഇരട്ട വധശിക്ഷയ്ക്കു പുറമെ, ഈ രണ്ട് കേസുകളിലായി ഇരട്ട ജീവപര്യന്തവും ഇയാൾക്ക് ചുമത്തിയിട്ടുണ്ട്. സംഭവം നടക്കുമ്പോൾ പ്രതിക്ക് 24 വയസായിരുന്നു. ബാലികയെ കൊന്നതിന് 302-ാം വകുപ്പ് പ്രകാരവും പോക്‌സോ ചട്ടത്തിലെ ആറാം വകുപ്പും ചുമത്തിയാണ് ഇയാൾക്ക് ഇരട്ടക്കൊല വിധിച്ചത്. ഹെെക്കോടതി വധശിക്ഷ അംഗീകരിച്ചില്ലെങ്കിൽ രണ്ട് കേസുകളിലായി 50,000 രൂപ വീതം പിഴ നൽകണമെന്നും വിധിച്ചിട്ടുണ്ട്.