Health

കുട്ടികളിലെ തലവേദന നിസാരമാക്കരുത്‌, അപകടങ്ങള്‍ ഒഴിവാക്കാം

കുട്ടികളിലെ തലവേദനയ്‌ക്ക് കാരണങ്ങള്‍ പലതാണ്‌. ലക്ഷണങ്ങള്‍ നിസാരമാക്കാതെ പരിശോധനയിലൂടെ യഥാര്‍ഥ കാരണം കണ്ടെത്തി ചികിത്സിച്ചാല്‍ അപകടങ്ങള്‍ ഒഴിവാക്കാം

മുതിര്‍ന്നവരില്‍ ഉണ്ടാകുന്നത്ര സാധാരണമല്ലെങ്കിലും കുട്ടികളിലും തലവേദന വരാറുണ്ട്‌. രണ്ടുവയസില്‍ താഴയുള്ള കുട്ടികളാണെങ്കില്‍ പലപ്പോഴും അവര്‍ക്കതു പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയാറില്ല. അസ്വസ്‌ഥതയും കരച്ചിലുമാണു കാണപ്പെടുക. തലവേദന പ്രധാനമായും രണ്ടുതരമാണ്‌. ഒന്ന്‌ പെട്ടന്നുണ്ടാകുന്ന തലവേദന, രണ്ടു നീണ്ടകാലമായുള്ള തലവേദന. ഇതു ദിവസങ്ങള്‍ അല്ലെങ്കില്‍ ആഴ്‌ചകള്‍ നീണ്ടുനില്‍ക്കുന്നതാവാം. അല്ലെങ്കില്‍ വരികയും പോവുകയും ചെയ്യുന്നതാവാം.

വേദന അറിയാനുള്ള ഞരമ്പുകള്‍ ഇല്ലാത്തതിനാല്‍ തലച്ചോറിനു വേദന അനുഭവപ്പെടാറില്ല. തലച്ചോറിനെ പൊതിയുന്ന പാടകള്‍-മെനിന്‍ജെസ്‌ തുടങ്ങി തൊലി വരെയുള്ള എല്ലാ ഭാഗത്തിനും വേദന അറിയാന്‍ കഴിവുണ്ട്‌. തലച്ചോറിനുള്ളില്‍ വളരുന്ന മുഴകള്‍, രക്‌തവാതം എന്നിവ കൊണ്ടു വേദനയുണ്ടാകുന്നതു തലയോട്ടിക്കുള്ളിലെ മര്‍ദം കൂടുന്നതുകൊണ്ടും ഞരമ്പുകള്‍ വലിയുന്നതുകൊണ്ടുമാണ്‌. കുട്ടികളില്‍ സാധാരണ കാണുന്ന തലവേദനകള്‍ ഇവയാണ്‌.

പനിയും തലവേദനയും

ഏതു പനിയും പ്രത്യേകിച്ചു നിസാരമായ വൈറല്‍ പനികളില്‍ പോലും തലവേദന വരാം. കൈകാല്‍ വേദന, ശരീരവേദന എന്നതുപോലെ തലയ്‌ക്കു മൊത്തമായോ നെറ്റിയിലോ ആകാം വേദന. പാരസെറ്റമോള്‍ ഗുളികകൊണ്ട്‌ ഇതു കുറയുകയും ചെയ്യും. പനി കുറഞ്ഞിരിക്കുമ്പോള്‍ തലവേദന ഉണ്ടാവുകയുമില്ല. ഇത്തരം വേദന പനി മാറുന്നതോടൊപ്പം മാറുന്നു. സാധാരണ മൂന്നുനാലു ദിവസത്തില്‍ കൂടുതല്‍ ഇവ നീണ്ടുനില്‍ക്കാറില്ല.

തലച്ചോറിലെ അണുബാധ

മെനിഞ്‌ജൈറ്റിസ്‌ (തലച്ചോറിനെ പൊതിയുന്ന പാടയായ മെനിഞ്‌ജസിനുണ്ടാകുന്ന രോഗാണുബാധ) രോഗത്തിന്റെ ഒരു പ്രധാന ഘടകമാണു തലവേദന. പനി, തലവേദന, ഛര്‍ദി ഈ രോഗലക്ഷണങ്ങള്‍ ഒന്നിച്ചുണ്ടായാല്‍ മെനിഞ്‌ജൈറ്റിസ്‌ ആണെന്നു സംശയിക്കാം. സാധാരണ വൈറല്‍ പനിയും ഇതേ രോഗലക്ഷണങ്ങളാല്‍ ഉണ്ടായിക്കൂടന്നില്ല. എന്നാല്‍, അതിനു തീവ്രത കുറവായിരിക്കും.

തലച്ചോറിനു രോഗാണുക്കളുടെ ആക്രമണം ഉണ്ടാകുമ്പോഴും (എന്‍സഫലൈറ്റിസ്‌) ഇതേ രോഗലക്ഷണങ്ങള്‍ വരാം. മയക്കം, കോടല്‍ തുടങ്ങിയ രോഗലക്ഷണങ്ങളും ഈ രോഗങ്ങള്‍ക്കുണ്ടാകാം. ഈ രണ്ടു രോഗങ്ങളും കുട്ടികള്‍ക്കു വരുന്ന ഗുരുതരമായ രോഗങ്ങളില്‍ പെടുന്നവയാണ്‌. ബാക്‌ടീരിയ, വൈറസ്‌, പ്രോട്ടോസോവ തുടങ്ങി പലവിധ രോഗാണുക്കളാല്‍ ഈ രോഗങ്ങള്‍ വരാം. അതില്‍ ബാക്‌ടീരിയ ഉണ്ടാക്കുന്ന മെനിഞ്‌ജൈറ്റിസും വൈറസുകള്‍ ഉണ്ടാക്കുന്ന എന്‍സഫലൈറ്റിസുമാണു ഗുരുതരമാകാറുള്ളത്‌. ഇവയില്‍ പല രോഗങ്ങളേയും വാക്‌സിനുകള്‍ കൊണ്ടു പ്രതിരോധിക്കാനാകും.

കാഴ്‌ചക്കുറവ്‌

ഹ്രസ്വദൃഷ്‌ടി തുടങ്ങിയ കാഴ്‌ചയ്‌ക്ക് പ്രശ്‌നമുണ്ടാക്കുന്ന രോഗങ്ങളില്‍ തലവേദന വരാവുന്നതാണ്‌. കൂടുതല്‍ ബുദ്ധിമുട്ടി കാഴ്‌ച ശരിയാക്കാന്‍ ശ്രമിക്കുന്നത്‌ കൊണ്ടാണ്‌ തലവേദന ഉണ്ടാകുന്നത്‌ (കണ്ണിന്‌ ഉണ്ടാകുന്ന ആയാസം) അധികസമയം ടി.വി. കാണുക, കംപ്യൂട്ടറിനു മുന്നില്‍ ചിലവഴിക്കുക ഇവയൊക്കെ തലവേദനയ്‌ക്ക് കാരണമാണ്‌.

വൈകുന്നേരം വീട്ടില്‍ വരുമ്പോള്‍ തലവേദനയാണെന്ന്‌ പറയുന്ന കുട്ടി വിശ്രമിക്കുമ്പോള്‍ വേദന മാറുന്നു. പിറ്റേദിവസം സ്‌കൂളില്‍ പോയി വരുമ്പോള്‍ ഇതേ വേദന ആവര്‍ത്തിക്കുന്നു. കാഴ്‌ചയിലുണ്ടാകുന്ന ബുദ്ധിമുട്ടാണിത്‌. പുസ്‌തകങ്ങള്‍ സാധാരണയിലും അടുപ്പിച്ച്‌ വായിക്കുക, ടി.വി. അടുത്ത്‌ പോയിരുന്നു കാണുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ കണ്ണ്‌ പരിശോധന അത്യാവശ്യമാണ്‌.

തലച്ചോറിലെ ട്യൂമര്‍

തലച്ചോറിന്റെ സ്‌ഥലം അപഹരിക്കുന്ന വിധത്തിലുള്ള മുഴകള്‍ ഉണ്ടായാല്‍ വേദന വരുന്നത്‌ പ്രത്യേക തരത്തിലാണ്‌. വെളുപ്പിനെയാണ്‌ വേദന തോന്നാറ്‌. ഉറങ്ങുന്ന കുട്ടി വെളുപ്പിനു നാലുമണിക്കുശേഷം തലവേദനയോടെ ഉണരുന്നു, ഛര്‍ദ്ദിക്കുന്നു, തലവേദന കുറഞ്ഞ്‌ വീണ്ടും ഉറങ്ങുന്നു. പിന്നീടുള്ള ദിവസങ്ങളിലും ഇത്‌ ആവര്‍ത്തിച്ചാല്‍ സി.റ്റി., എം.ആര്‍.ഐ. തുടങ്ങിയ പരിശോധനകളിലൂടെ രോഗം സ്‌ഥിരീകരിക്കാം.

തലച്ചോറിലെ രക്‌തവാതം

അപൂര്‍വമായിട്ടാണെങ്കിലും കുട്ടികള്‍ക്ക്‌ ഉണ്ടാകാവുന്ന ഒരു രോഗമാണ്‌്. തലവേദന, ഛര്‍ദ്ദി, കാഴ്‌ചയ്‌ക്ക് തകരാറ്‌, പക്ഷാഘാതം ഇവയൊക്കെ ഉണ്ടാകാവുന്നതാണ്‌.

രക്‌തസമ്മര്‍ദം

കുട്ടികളില്‍ സാധാരണവരാവുന്ന രോഗമാണിത്‌. തലവേദന ചില അവസരങ്ങളില്‍ രോഗലക്ഷണമായി തീരാറുണ്ട്‌.

പരിശോധനകള്‍

ശരിയായ രോഗവിവരങ്ങള്‍ ചോദിച്ചറിയുന്നതിലൂടെ നല്ലൊരളവുവരെ രോഗനിര്‍ണയം സാധ്യമാണ്‌. ദേഹപരിശോധനയും പലപ്പോഴും രോഗ നിര്‍ണയത്തെ സഹായിക്കും. കണ്ണിന്‌ താഴെ തകരാറുണ്ടെന്നുള്ള സംശയം ഉണ്ടായാല്‍ നേത്രരോഗ വിദഗ്‌ദ്ധന്റെ സഹായം ആവശ്യമായി വരാം. ചെറിയൊരു ഛര്‍ദ്ദിയോ ഒരുദിവസം തലവേദനയോ ഉണ്ടായാല്‍ ഉടനെ പരിശോധനകളുടെ ആവശ്യമില്ല.

എന്നാല്‍ തലച്ചോറിന്‌ രോഗാണുബാധയുണ്ടെന്ന്‌ സംശയം തോന്നിയാല്‍ നട്ടെല്ല്‌ കുത്തി വെള്ളമെടുത്തുള്ള പരിശോധന അത്യാവശ്യമായി വരും. പലര്‍ക്കും നട്ടെല്ല്‌ കുത്തുന്നതിലുള്ള ഭയംകൊണ്ട്‌ താമസം വരുത്തുന്നത്‌ അഭികാമ്യമല്ല. നട്ടെല്ല്‌ കുത്തുന്നതിന്‌ ചില ദോഷങ്ങള്‍ ഉണ്ടാകാവുന്നതാണെങ്കിലും രോഗത്തിന്റെ ഗുരുതരാവസ്‌ഥ കണക്കിലെടുക്കുമ്പോള്‍ പരിശോധന ആവശ്യവും വേഗത്തില്‍ നടത്തേണ്ടതുമാണ്‌.

ചികിത്സകള്‍

രോഗത്തിന്‌ അനുസരിച്ചാണ്‌ ചികിത്സ. ഭൂരിഭാഗം പേര്‍ക്കും വല്ലപ്പോഴും പനിയോടൊപ്പം വന്നുപോകുന്ന തലവേദനയാണുണ്ടാകുക. ഒന്നുരണ്ട്‌ ദിവസം പാരസെറ്റമോള്‍ കഴിച്ചാല്‍ പരിഹരിക്കാവുന്നതേയുള്ളൂ. മൈഗ്രേന്‍ ആണ്‌ രോഗമെങ്കില്‍ മാസങ്ങളോളം ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്ന്‌ കഴിക്കേണ്ടി വരും. മരുന്ന്‌് കഴിച്ചാലും ഇല്ലെങ്കിലും കുറേ കാലങ്ങള്‍ കഴിയുമ്പോള്‍ കുറഞ്ഞുകുറഞ്ഞു വന്ന്‌ തനിയെ മാറിപ്പോകും എന്നതാണീ
രോഗത്തിന്റെ പ്രത്യേകത.

മെനിഞ്‌ജൈറ്റിസ്‌, എന്‍സഫലൈറ്റിസ്‌, തലച്ചോറിലെ ട്യൂമര്‍, രക്‌താദി സമ്മര്‍ദ്ദം, അതിനോടനുബന്ധിച്ചുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇവയ്‌ക്കെല്ലാം യോജിച്ച വിധത്തിലുള്ള മരുന്നുകളും ശസ്‌ത്രക്രിയ വേണ്ടിടത്ത്‌ അതും ആവശ്യമാണ്‌.

രോഗവിവരങ്ങള്‍ ശേഖരിക്കുന്നതിലൂടെയും ശരിയായ ദേഹപരിശോധനയിലൂടെയും തലവേദനയുടെ കാരണവും ഗുരുതരാവസ്‌ഥയും മനസിലാക്കാന്‍ ഡോക്‌ടര്‍ക്ക്‌ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *