ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20 മത്സരത്തിനായി കാര്യവട്ടത്ത് ഇന്ത്യന്‍ ടീമെത്തിയപ്പോള്‍, സഞ്ജുവിന് മുന്നില്‍ ചിരി പടർത്തി സൂര്യ കുമാർ യാദവ്. ടീമംഗങ്ങള്‍ നടന്നു വരവേ, ഒരാള്‍ സഞ്ജുവിനെ നോക്കി സഞ്ജുവേട്ടാ എന്ന് വിളിക്കുമ്പോഴാണ് തമാശ രൂപേണ സൂര്യ കുമാർ യാദവ് ഡോണ്ട് ഡിസ്റ്റര്‍ബ് ചേട്ടാ എന്ന് പറയുന്നത്.
ഇന്ത്യ-ന്യൂസിലന്‍ഡ് അഞ്ചുമത്സര ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിനായാണ് ടീമുകള്‍ തിരുവനന്തപുരത്ത് എത്തിയത്. ആദ്യ മൂന്നു മത്സരങ്ങള്‍ ജയിച്ച് പരമ്പര ഇന്ത്യ നേരത്തേതന്നെ ഉറപ്പിച്ചിരുന്നു. കഴിഞ്ഞദിവസം നടന്ന നാലാം മത്സരത്തില്‍ ജയം ന്യൂസിലന്‍ഡിനായിരുന്നു.
സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിനും മിച്ചല്‍ സാന്റ്നറിന്റെ ക്യാപ്റ്റന്‍സിയിലുള്ള ന്യൂസിലന്‍ഡിനും തിരുവനന്തപുരം വിമാനത്താവളത്തില്‍ ആവേശോജ്വലമായ സ്വീകരണമാണ് ലഭിച്ചത്. മലയാളികളുടെ സ്വന്തം സഞ്ജു സാംസണിന്റെ സാന്നിധ്യം വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു.
പരമ്പരയില്‍ ബാറ്റിങ്ങില്‍ നിറംമങ്ങിയ പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെങ്കിലും മലയാളിതാരം സഞ്ജു സാംസണിന് വിമാനത്താവളത്തില്‍ തകര്‍പ്പന്‍ സ്വീകരണമാണ് ലഭിച്ചത്. തിങ്ങിനിറഞ്ഞ ആരാധകര്‍ ജയ്വിളിച്ചാണ് പ്രിയതാരത്തെ വരവേറ്റത്. വിമാനമിറങ്ങി പുറത്തേക്കുവരുന്നതിനിടെ സഞ്ജുവിനോടുള്ള ആരാധന കണ്ട് ഇന്ത്യന്‍ നായകന് സൂര്യകുമാര്‍ യാദവ് കാഴ്ചവച്ച ‘പ്രകടനം’ കാഴ്ചക്കാരില്‍ ചിരിപടര്‍ത്തി. സുരക്ഷാഭടന്മാരെ മറികടന്ന് സഞ്ജുവിന്റെ മുന്നില്‍ക്കടന്ന് ‘വഴിയൊരുക്കി’യതാണ് ഏവരെയും ചിരിപ്പിച്ചത്.
പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിലാണ് ഇരു ടീമിലെയും താരങ്ങളും പരിശീലകരും എത്തിയത്. കേരള ക്രിക്കറ്റ് അസോസിയേഷന് (കെ.സി.എ) ട്രഷറര്‍ ടി. അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം താരങ്ങളെ വിമാനത്താവളത്തില്‍ ഔദ്യോഗികമായി സ്വീകരിച്ചു.




