മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ മ്യൂസിക് തെറാപ്പി ഉപയോഗിക്കുന്നതിനെറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഓപ്പറേഷന്‍ തിയേറ്ററിലും സംഗീതം ഉപയോഗിച്ചാലോ? ഓപ്പറേഷന്‍ എന്നു കേള്‍ക്കുമ്പോഴേ സാധാരണ രോഗികളുടെ ചങ്കിടിപ്പ് കൂടും. എന്നാല്‍ സര്‍ജറി ടേബിളില്‍ കിടന്ന് രോഗിയും ഡോക്ടറുമൊന്നിച്ച് ഒരു പാട്ടുപാടിയാലോ? അത്തരത്തിലൊരു വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ കീഴടക്കുന്നത്. കോട്ടയം ഭാരത് ഹോസ്പിറ്റലിലാണ് സര്‍ജറിക്കിടെ രോഗിയും ഡോക്ടറും ചേര്‍ന്ന് പാട്ടുപാടിയതും വൈറലായതും.
കയ്യിലെ എല്ലിന്റെ പൊട്ടലിന് ശസ്ത്രക്രിയ ചെയ്യുന്നതിനിടെയാണ് കോട്ടയത്തെ പ്രശസ്ത ഓർത്തോ സർജൻ ഡോ: ഗണേശ് കുമാർ രോഗിയായ ഗായികയോട് ‘ ഒരു പാട്ട് പാടുമോ’ എന്ന് ചോദിക്കുന്നത്. ഡോക്ടറും കൂടെ പാടാമെങ്കില്‍ ഒരുകൈ നോക്കാമെന്ന് രോഗി. പിന്നീടാണ് ആ വൈറല്‍ നിമിഷങ്ങള്‍ പിറന്നത്. സാധാരണയായി ആളുകള്‍ ടെന്‍ഷനടിച്ചിരിക്കുന്ന സ്ഥലത്ത് ഇതാ രോഗിയും ഡോക്ടറും പാട്ടുപാടി റിലാക്സ്ഡായി ഇരിക്കുന്നു. ഓപ്പറേഷൻ തിയറ്ററിൽ കൂടെ ഉണ്ടായിരുന്ന നഴ്സാണ് വിഡിയോ പകര്‍ത്തിയത്.
വിഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച് നിമിഷങ്ങള്‍ക്കകം വൈറലായി. ഡോക്ടറെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഇത്തരം രീതികൾ വിദേശരാജ്യങ്ങളിൽ ചെയ്യാറുണ്ടെന്നും മ്യൂസിക് തെറപ്പി നൽകി സർജറി നടത്തുമ്പോൾ അനസ്തീസിയ മരുന്നിന്‍റെ അളവ് കുറക്കാമെന്ന് പലരും അല്‍പം നര്‍മം കലര്‍ത്തി കമന്‍റ് ചെയ്തിട്ടുണ്ട്.




