സമീപകാല ഭീകരാക്രമണങ്ങളെയും ഓപ്പറേഷൻ സിന്ദൂരിനെയും തുടർന്ന് ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങൾക്കിടയില്‍ മധുരപ്രേമികളുടെ ഇഷ്ട വിഭവമായ മൈസൂർ പാക്കിന്റെ പേര് തന്നെ മാറ്റിയിരിക്കുകയാണ്. മധുരപലഹാരക്കടകൾ, ‘പാക്’ എന്ന വാക്ക് ഒഴിവാക്കി ‘ശ്രീ’ അല്ലെങ്കിൽ ‘ഭാരത്’ ഉപയോഗിച്ച് മാറ്റി. മൈസൂർ പാക്ക് ഇനി മൈസൂർ ശ്രീ എന്നു അറിയപ്പെടും.
മോത്തി പാക്ക്, ആം പാക്ക് തുടങ്ങിയ പ്രിയപ്പെട്ട മധുരപലഹാരങ്ങൾ യഥാക്രമം മോത്തി ശ്രീ, ആം ശ്രീ എന്നിവയായും മാറി. ‘പാക്’ എന്ന വാക്ക് പാകിസ്ഥാനെ ഓർമ്മിപ്പിക്കുകയും നിലവിലെ രാഷ്ട്രീയ കാലാവസ്ഥയിൽ ഭാരതീയരുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്യും എന്നതാണ് ഇതിനുകാരണമായി പറയുന്നത്. സത്യത്തിൽ ഈ പലഹാരത്തിന് പാക്കിസ്ഥാനുമായി യാതൊരു ബന്ധവുമില്ല. സംസ്കൃതത്തിൽ പാക് എന്നാൽ മധുരംഎന്നാണ് അർത്ഥം.
‘പാക്’ എന്ന വാക്കിന്റെ അർത്ഥം ‘പാക’ എന്ന കന്നഡ പദത്തിൽ നിന്നാണ്. അതായത് ‘പാകം ചെയ്ത മധുരം’ അല്ലെങ്കിൽ ‘മധുര മിശ്രിതം’ എന്നാണ്. ഇതിന്റെ ശരിയായ ഉത്ഭവം സംസ്കൃത പദമായ ‘പക്വ’ യിൽ നിന്നാണ്, അതായത് ‘പാകം ചെയ്ത’, മധുരമുള്ള അല്ലെങ്കിൽ ‘ബേക്ക് ചെയ്ത’ എന്നാണ് അർത്ഥമാക്കുന്നത്. മോട്ടി പാക്ക്, ഗോണ്ട് പാക്ക് എന്നിവയുടെ പേരില്‍നിന്നു പാക്ക് മാറ്റി മോട്ടി ശ്രീ, ഗോണ്ട് ശ്രീ എന്നിങ്ങനെയാക്കിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
ദീപാവലിയടക്കമുള്ള ആഘോഷങ്ങളിൽ സൂപ്പർതാരമായ മൈസൂര്‍ പാക്ക് കര്‍ണാടകക്കാരുടെ ഇഷ്ടപലഹാരമാണ്. ഒരു തെക്കേ ഇന്ത്യൻ മധുര പലഹാരമാണ് മൈസൂർ പാക്ക്. ഏതാനും ദിവസങ്ങൾ കേടുകൂടാതിരിക്കുകയും ചെയ്യും. പത്തൊൻപതാം നൂറ്റാണ്ടിൽ കർണാടകയിലെ മൈസൂരിലെ രാജകൊട്ടാരത്തിലാണ് ഈ പ്രിയപ്പെട്ട മധുരപലഹാരം ആദ്യമായി നിർമ്മിച്ചത്. പയറുപൊടി, പഞ്ചസാര, നെയ്യ് എന്നീ മൂന്ന് ചേരുവകൾ മാത്രം ഉപയോഗിച്ചാണ് രാജകീയ പാചകക്കാരനായ കാകാസുര മാടപ്പ ഈ സ്വാദിഷ്ടമായ വിഭവം കണ്ടുപിടിച്ചത്. രാജാവിന് ഈ പലഹാരത്തിന്റെ രുചി ഇഷ്ടമായി.
ഇതിന്റെ പേര് എന്തെന്ന് രാജാവ് ചോദിച്ചപ്പോൾ മാടപ്പ പെട്ടെന്ന് മനസ്സിൽ വന്ന പേരായ മൈസൂർ പാക്ക് എന്നു പറഞ്ഞു. രാജാവിന്റെ നിർദ്ദേശപ്രകാരം പാക്ക് വിൽക്കുന്ന കടയും ആരംഭിച്ചു. മാടപ്പയുടെ മൂന്നാം തലമുറയിലുള്ള നടരാജ് ,അദ്ദേഹത്തിന്റെ സഹേദരൻമാരായ കുമാർ ശിവാനന്ദ എന്നിവർ മൈസൂർ മാർക്കറ്റിൽ ഗുരു സ്വീറ്റ്സ് മാർട്ട് എന്ന കടയിലൂടെ ഈ മധുരപലഹാരത്തെ രുചികൊണ്ട് പ്രശസ്തമാക്കി.
പേരുമാറ്റലിന് സോഷ്യൽ മീഡിയയിൽ വന്‍ പിന്തുണയാണ് ലഭിച്ചത്. ദേശസ്നേഹപരമായ ഒരു കാര്യമായി ഇതിനെ കാണുന്നത് സ്വാഗതം ചെയ്യുണ്ടെങ്കിലും, ഭാഷാപരമായ യാഥാർത്ഥ്യം വിസ്മരിക്കുന്നു എന്നത് കൗതുകകരമായ വിരോധാഭാസമാണ്. കാരണം പാകിസ്ഥാനോടുള്ള ശത്രുതയില്‍ നൂറ്റാണ്ടുകളുടെ ഇന്ത്യൻ പാചക, ഭാഷാ പൈതൃകത്തെ പ്രതിനിധീകരിക്കുന്ന ഒരു വാക്ക് നമ്മള്‍ നിരസിക്കുകയാണ്. രാഷ്ട്രീയ സംഘർഷങ്ങൾ സാംസ്കാരിക ആചാരങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന സങ്കീർണ്ണമായ കാര്യമാണ് ഈ സംഭവം പ്രതിഫലിപ്പിക്കുന്നത്.




