Featured Health

എത്ര കുളിച്ചിട്ടും മതിവരുന്നില്ലേ? ഈ വില്ലനില്‍നിന്ന് എങ്ങനെ രക്ഷനേടാം?

എനിക്ക് 21 വയസുണ്ട്. ബിരുദ വിദ്യാര്‍ഥിയാണ്. അമിത വൃത്തിയാണ് എന്നെ അലട്ടുന്നത്. വീട്ടിലിരിക്കുന്ന ദിവസം പലതവണ കുളിക്കും. ഓരോ തവണയും ധരിച്ചിരിക്കുന്ന വസ്ത്രങ്ങളും മാറും. കോളജില്‍ പോയി വീട്ടിലെത്തിയാല്‍ കുളിക്കാതെ ഞാന്‍ വീട്ടിനുള്ളില്‍ കയറില്ല. ദേഹത്ത് നിറയെ രോഗാണുക്കള്‍ പറ്റിപ്പിടിച്ചിരിക്കുകയാണെന്ന ചിന്തയാണ് എനിക്ക്. ബസിലും മറ്റും യാത്രചെയ്യുമ്പോള്‍ എവിടെയെങ്കിലും പിടിച്ചു നില്‍ക്കാന്‍ ഇഷ്ടമല്ല. കൈപിടിക്കുന്ന ഭാഗത്ത് പല ആളുകളും രോഗികളും സ്പര്‍ശിച്ചതാണെന്ന ചിന്ത എന്റെ മനസില്‍ ഉണ്ടാകും. അതുകൊണ്ട് എവിടെയെങ്കിലും ചാരി നില്‍ക്കുകയാണ് പതിവ്. ബസിലായാലും കോളജിലായാലും എന്റെ ദേഹത്ത് സ്പര്‍ശിച്ചിരിക്കുന്നത് വെറുപ്പാണ്.

ബസില്‍ അടുത്തിരിക്കുന്ന ആളെ മുട്ടാതെയാണ് ഞാന്‍ യാത്ര ചെയ്യുന്നത്. കുളികഴിഞ്ഞ് ഭക്ഷണം കഴിക്കാനിരിക്കുമ്പോഴും വീണ്ടും സോപ്പിട്ട് കൈ കഴുകും. വൈകിട്ട് ഭക്ഷണം കഴിക്കുമ്പോള്‍ ദേഹത്ത് കറിയോ മറ്റോ ചെറിയൊരു തുള്ളി തെറിച്ചാല്‍ ഞാന്‍ വീണ്ടും കുളിക്കും. വസ്ത്രങ്ങളും മാറും. ആദ്യമൊന്നും ഈ സ്വഭാവം ഞാന്‍ കാര്യമാക്കിയില്ല. കഴിക്കുന്ന പാത്രം കഴുകി ഉണക്കി വച്ചിരിക്കുന്നതാണെങ്കിലും വീണ്ടും സോപ്പുവെള്ളത്തില്‍ കഴുകി തുടച്ചെടുത്ത ശേഷമേ കഴിക്കു. വീട്ടില ഈ സ്വഭാവം പറഞ്ഞ് കളിയാക്കാന്‍ തുടങ്ങിയപ്പോഴാണ് ഇതൊരു പ്രശ്‌നമായി എനിക്ക് തോന്നിത്തുടങ്ങിയത്. അമിത വൃത്തിയാണോ എനിക്ക്. മറ്റുള്ളവരുടെ മുന്നില്‍ ഇപ്പോള്‍ ഞാനൊരു കോമാളിയെപ്പോലെയാണ്. ഈ സ്വഭാവത്തില്‍ നിന്നും രക്ഷപെടാനാവില്ലേ. അമിത വൃത്തിയായാല്‍ ബുദ്ധിമുട്ടുന്ന ഒരു വിദ്യാര്‍ത്ഥിയുടെ ചോദ്യമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. എന്താണ് അമിതവൃത്തി?

അനിയന്ത്രിതമായ അമിതവൃത്തി മാനസിക പ്രശ്‌നം തന്നെയാണ്. ഈ കത്തുവായിക്കുന്ന പലര്‍ക്കും ഇത്തരം സ്വഭാവമോ അല്ലെങ്കില്‍ ഈ സ്വഭാവമുള്ള സുഹൃത്തുക്കളോ പരിചയക്കാരോ ഉണ്ടായിരിക്കും. ഇവര്‍ അറിയാതെ ഇവരുടെയുള്ളില്‍ കയറിക്കൂടുന്ന വൃത്തിബോധമാണ് എല്ലാത്തിനും കാരണം. ചുറ്റും അഴുക്കു നിറഞ്ഞതാണെന്നും എവിടെ സ്പര്‍ശിച്ചാലും ദേഹത്ത് അത് പുരളുമെന്നുമുള്ള ചിന്ത ഇവരെ അസ്വസ്ഥരാക്കുന്നു. അതുകൊണ്ട് ദേഹം എപ്പോഴും വൃത്തിയായി സൂക്ഷിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. ഒരു ദിവസം തന്നെ പലതവണ കുളിക്കുന്നതും ഭക്ഷണത്തിന് മുമ്പും ശേഷവും ആവര്‍ത്തിച്ച് കൈകഴുകുന്നതും ഇതുകൊണ്ടാണ്. ബസില്‍ യാത്രചെയ്യുമ്പോഴുമൊക്കെ ഈ സ്വഭാവം ബുദ്ധിമുട്ട് ഉണ്ടാക്കും. ഷേക്ക് ഹാന്‍ഡ് കൊടുത്തതിനു ശേഷം പോലും കൈകഴുകുന്നവര്‍ ഉണ്ട്. ഈ അവസ്ഥയുള്ളവര്‍ക്ക് സാധാരണ ആവര്‍ത്തിച്ചുള്ള പ്രവര്‍ത്തികള്‍, അറപ്പ് തുടങ്ങിയ പ്രശ്‌നങ്ങള്‍ കൂടി കണ്ടുവരുന്നു. വീട് പൂട്ടി പുറത്തുപോയാല്‍, വീട് പൂട്ടിയിട്ടുണ്ടാവുമോ എന്ന് വേവലാതിപ്പെടുന്നവരുണ്ട്. ഇവര്‍ വീട് പൂട്ടി എന്ന് ഉറപ്പുവരുത്താന്‍ വീണ്ടും വീട്ടിലെത്തും. അതുപോലെ ചെയ്ത ജോലികള്‍ ആവര്‍ത്തിക്കാനുള്ള പ്രവണത ഇത്തം സ്വഭാവസവിശേഷതയുള്ളവരില്‍ കൂടുതലാണ്.

ഓ.സി.ഡി എന്ന വില്ലന്‍

ഒബ്‌സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍ അഥവാ ഓ.സി.ഡി എന്ന മാനസികാവസ്ഥയാണ് അമിതവൃത്തിക്കും ആവര്‍ത്തിച്ചുള്ള പ്രവര്‍ത്തികള്‍ക്കും കാരണം. ഏതു പ്രായക്കാരിലും ഇത് കണ്ടുവരുന്നു. തലച്ചോറിലുണ്ടാകുന്ന ചില രാസ ന്യൂനതകളാണ് ഓ.സി.ഡി രോഗത്തിന് പ്രധാന കാരണം. മസ്തിഷ്‌കത്തില്‍ സന്ദേശങ്ങള്‍ കൈമാറാന്‍ സഹായിക്കുന്നത് ചിലപ്രത്യേക ന്യൂറോകെമിക്കലുകളാണ്. ഇതില്‍ പ്രധാനപ്പെട്ടതാണ് സെറടോണിന്‍. നാം ചെയ്യുന്ന പ്രവര്‍ത്തികളെ നിയന്ത്രിക്കുന്നത് ഈ സെറടോണിനാണ്. ആവര്‍ത്തിച്ചുള്ള പ്രവര്‍ത്തികളുടെയും നിയന്ത്രണം സെറടോണിന്റെ പ്രവര്‍ത്തനഫലമായാണ് നടക്കുന്നത്. ഓ.സി.ഡിയുള്ളവരില്‍ സെറടോണിന്റെ അളവ് വളരെ കുറവായിരിക്കും. സിറടോണിന്റെ അസന്തുലിതാവസ്ഥ ഒരിക്കല്‍ ചെയ്ത പ്രവര്‍ത്തി വീണ്ടും വീണ്ടും ചെയ്യാന്‍ തലച്ചോറിനെ പ്രേരിപ്പിക്കും. ചിന്തകളും പ്രവര്‍ത്തികളും ആവര്‍ത്തിച്ച് കടന്നുവരാന്‍ ഇതിടയാക്കും.

പുറത്തുകടക്കാം

ചിന്തകളെ നിയന്ത്രിക്കാന്‍ കഴിയാതെ വരുന്നതാണ് അമിത വൃത്തിയിലേക്കും ആവര്‍ത്തിച്ചുള്ള കുളിയിലേക്കുമൊക്കെ നിങ്ങനെ നയിക്കുന്നത്. ഈ അവസ്ഥ മാറ്റിയെടുക്കാവുന്നതേയുള്ളു. അതുകൊണ്ട് വിഷമിക്കേണ്ടതില്ല. എന്നാല്‍ അതിനായി ബോധപൂര്‍വമായ ശ്രമം ആവശ്യമാണ്. വൃത്തി നമുക്ക് ആവശ്യമാണ്. എന്നാല്‍ അത് അമിതമാവാതിരിക്കാന്‍ ബോധപൂര്‍വം ശ്രമിക്കണം. ആവര്‍ത്തിച്ച് കുളിക്കാനും കൈകഴുകാനും തോന്നുമ്പോള്‍ ആവശ്യമില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ അതിന് മുതിരാതിരിക്കണം. സ്വയം നിയന്ത്രിക്കണം. ഇപ്പോള്‍ കുളിച്ചില്ലെങ്കിലും കുഴപ്പെമില്ല എന്ന് മനസില്‍ ദൃഢചിന്ത നിറയ്ക്കണം. അങ്ങനെ മനസിനെ ബോധപൂര്‍വം ജയിക്കാന്‍ കഴിയണം. എന്നിട്ടും മാറ്റമൊന്നും കാണുന്നില്ലെങ്കില്‍ മരുന്നിന്റെ മാര്‍ഗം സ്വീകരിച്ചാല്‍ മതിയാവും. സെറടോണിന്റെ സന്തുലിതാവാസ്ഥ ക്രമീകരിക്കുകയാണ് മരുന്നുകൊണ്ടുള്ള ചികിത്സയില്‍ ചെയ്യുന്നത്. അതിന് ഒരു സൈക്യാട്രിസ്റ്റിന്റെ സഹായം തേടണം. എന്തയാലും ആത്മാര്‍ഥമായ ശ്രമമുണ്ടെങ്കില്‍ വളരെ വേഗം ഈ പ്രശ്‌നങ്ങളില്‍ നിന്നൊക്കെ രക്ഷനേടാന്‍ കഴിയും.