സൗന്ദര്യം എന്നത് ജന്മനാ ലഭിക്കുന്നതെങ്കിലും അവ നിലനിര്‍ത്തണമെങ്കില്‍ സ്വയം തീരുമാനിക്കണം. വ്യായാമവും, ഭക്ഷണ ക്രമീകരണവും സൗന്ദര്യം നിലനിര്‍ത്തേണ്ടതിന് ആവശ്യമായ കാര്യങ്ങളാണ്. എപ്പോഴും യുവത്വം വേണമെന്ന് ആഗ്രഹിക്കാത്ത ആരുമില്ല. ആരോഗ്യവും യുവത്വവും നഷ്ടമാകാതിരിക്കാന്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിയ്‌ക്കേണ്ടതെന്ന് നോക്കാം……
ഗുണമേന്മ – ഉത്പന്നങ്ങള്‍ കരുതലോടെ ഉപയോഗിക്കാം. ഏതെങ്കിലും ഉല്‍പന്നം ഉപയോഗിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മുഖക്കുരു രൂപപ്പെടുകയാണെങ്കില്‍ അത് ഉപേക്ഷിക്കുക. അതായത് ചര്‍മത്തിന്റെയും മുടിയുടെയും പരിചരണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണമേന്മ പ്രധാനപ്പെട്ട കാര്യമാണ്. ഏതു പരീക്ഷണവും നടത്തേണ്ട ഇടമല്ല നിങ്ങളുടെ ശരീരം.
പ്രകൃതിദത്ത വസ്തുക്കള്‍ – പ്രകൃതിദത്ത വസ്തുക്കള്‍ അറിഞ്ഞ് ഉപയോഗിക്കുന്നതാണ് നല്ലത്. നാടന്‍ വസ്തുക്കള്‍ എത്ര വേണമെങ്കിലും ഉപയോഗിക്കാം എന്നു കരുതുന്നവരുണ്ട്. എന്നാല്‍ ഇത് തെറ്റാണ്. ചില പ്രകൃതിദത്ത വസ്തുക്കള്‍ വരണ്ട ചര്‍മത്തിന് അനുയോജ്യമായിരിക്കില്ല. ചിലത് എണ്ണ മയമുള്ള ചര്‍മത്തിന് നല്ലതായിരിക്കില്ല. ചിലരില്‍ അലര്‍ജിക്കും സാധ്യതയുണ്ട്. ആയതിനാല്‍ ആ വസ്തുവിനെക്കുറിച്ച് മനസ്സിലാക്കി ഉപയോഗിക്കണം.
മുടിയുടെ സംരക്ഷണം – മുടിയുടെ സംരക്ഷണത്തില്‍ കണ്ടീഷണറിന് വലിയ സ്ഥാനമാണുള്ളത്. ഷാംപൂ ഉപയോഗിച്ചാല്‍ കണ്ടീഷണര്‍ നിര്‍ബന്ധമാക്കണം. അല്ലെങ്കില്‍ മുടി വരണ്ടു പൊട്ടിപ്പോകാന്‍ സാധ്യതയുണ്ട്. മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ ഹെയര്‍ ഡ്രൈയറിന്റെ ഉപയോഗം കുറയ്ക്കണം. ഹോട്ട് എയറില്‍ നേരിട്ട് ഉണക്കുമ്പോള്‍ മുടിയുടെ വേരുകള്‍ക്കു കേടുപാടു വരാന്‍ സാധ്യതയുണ്ട്.
വ്യായാമം – ശരീരം ആരോഗ്യത്തോടെ സൂക്ഷിക്കുക എന്നതാണ് യുവത്വം നിലനിര്‍ത്തുന്നതിലെ പ്രധാന കാര്യം. ശരീരത്തിന്റെ ഭാരമോ, വയറോ ഒന്നും നിങ്ങള്‍ക്ക് പ്രശ്‌നമല്ലെങ്കില്‍ അതൊരു പ്രശ്‌നമല്ല. എന്നാല്‍ അനാരോഗ്യകരമായ അവസ്ഥയിലേക്ക് ഇതു മാറുന്നെങ്കില്‍ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. വ്യായാമം ശീലമാക്കുക. എന്നും ഊര്‍ജസ്വലതയോടെ ഇരിക്കാന്‍ ഇത് സഹായിക്കും.