Lifestyle

ഇക്കാര്യത്തില്‍ സ്ത്രീകള്‍ ‘ലാസ്റ്റ്’ മതി; സ്ത്രീകള്‍ കൂടുതല്‍ സമയം ഉറങ്ങണമെന്ന് ആരോഗ്യ വിദഗ്ധര്‍

ഉറക്കം ഒരു വ്യക്തിയുടെ ജീവിതത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. ഉറക്കകുറവ് മൂലം നമ്മള്‍ക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടായേക്കാം. പക്ഷെ ഉറക്കത്തിന് ഒരു സ്ത്രീപക്ഷം കൂടിയുണ്ട് കേട്ടോ. ഉറക്കത്തിലും കുറച്ച് അധികം സമയം സ്ത്രീകള്‍ക്ക് സംവരണം ചെയ്യണമെന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്.

പ്രായമായവര്‍ക്ക് 7- 8 മണിക്കൂര്‍ വരെ ഉറക്കം ആവശ്യമാണ്. എന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ ഈ ഉറക്കം മതിയാകില്ലെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടികാണിക്കുന്നത്. അതിന് കാരണങ്ങളുമുണ്ട്. സ്ത്രീകളുടെ മസ്തിഷ്‌കം വ്യത്യസ്തവും പുരുഷന്മാരേക്കാള്‍ സങ്കീര്‍ണവുമായതാണ് ഒരു കാരണം. അവര്‍ മള്‍ട്ടിടാസ്‌ക് ചെയ്യുകയും തലച്ചോര്‍ അധികമായി ഉപയോഗിക്കുകയും ചെയ്യുന്നതാണ് മറ്റൊരു കാരണം.

ഇനി സ്ത്രീകളുടെ ഉറക്കം കെടുത്തുന്ന കാരണങ്ങളുമുണ്ട് കേട്ടോ. കൂടുതല്‍ സമയം ഉറങ്ങുന്നുവെങ്കിലും അസ്വസ്ഥതകളും തടസ്സങ്ങളും ഇവരുടെ ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു. ഹോര്‍മോണ്‍ വ്യതിയാനങ്ങളും സ്ത്രീകളിലെ ഉറക്കക്കുറവിന് ഒരു കാരണമാണ്. ആര്‍ത്തവത്തിന് മുമ്പുള്ള ഘട്ടത്തില്‍ ഈ തടസ്സങ്ങള്‍ കൂടുതല്‍ പ്രകടമാവുകയും ചെയ്യും. ഗര്‍ഭകാലത്തെ ശാരീരിക അസ്വസ്ഥതകളാണ് മറ്റൊരു കാരണം.

ഇത്തരം ശാരീരിക- മാനസിക ഘടകങ്ങൾ സമ്മർദം സൃഷ്ടിക്കുന്നതിനാൽ സ്ത്രീകൾ തങ്ങളുടെ സുഖകരമായ ഉറക്കം ഉറപ്പ് വരുത്തേണ്ടതുണ്ട്. സമ്മർദങ്ങൾ കുറച്ച് ശാന്തമായി ഉറങ്ങുന്നത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. നല്ല ഉറക്കം അന്നേ ദിവസം ഒരു വ്യക്തിയെ കൂടുതല്‍ ഉന്മേഷവാനാക്കാറുണ്ട്. ഉറക്കക്കുറവ് പല ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വഴിതെളിക്കും. അതിനാല്‍ വ്യക്തിപരമായ ആവശ്യങ്ങളെ അടിസ്ഥാനമാക്കി മതിയായ ഉറക്കത്തിന് മുന്‍ഗണന നല്‍കണം.