നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണം പോലെയാണ് നമ്മുടെ ആരോഗ്യവും. നല്ല ഭക്ഷണരീതികളിലൂടെയാണ് ആരോഗ്യവും മെച്ചപ്പെടുന്നത്. ഭക്ഷണം കഴിയ്ക്കുന്നത് പോലെ ഭക്ഷണ ശീലങ്ങളിലും ശ്രദ്ധ പുലര്‍ത്തണം. ആഹാരക്രമത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം. നല്ല ആഹാരം കഴിയ്ക്കുന്നതോടൊപ്പം തന്നെ ധാരാളം വെള്ളവും കുടിയ്ക്കണം. വെള്ളം കുടിയ്ക്കുന്നതിനും ചില ചിട്ടകള്‍ ഉണ്ട്. നമ്മള്‍ ദിവസേന മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം എന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. വെള്ളം പലരും പല രീതിയില്‍ ആണ് കുടിയ്ക്കുന്നത്. എന്നാല്‍ ചില ആഹാരങ്ങള്‍ കഴിയ്ക്കുമ്പോള്‍ വെള്ളം കുടിയ്ക്കാന്‍ പാടില്ലെന്നാണ് പറയാറ്. അവ എന്തൊക്കെയാണെന്ന് നോക്കാം….
തൈര് – ദഹനം കൃത്യമായി നടക്കുന്നതിനും നമ്മളുടെ വയറിന്റെ ആരോഗ്യം കൃത്യമായി പരിപാലിക്കുന്ന നല്ല ബാക്ടീരിയകള്‍ അടങ്ങിയിരിക്കുന്ന ഒരു ആഹാരപദാര്‍ത്ഥം കൂടിയാണ് തൈര്. തൈരില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ ഹെല്‍ത്തിയായിട്ടുള്ള മറ്റ് പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ ഇത് ആരോഗ്യത്തിനും നല്ലതാണ്. നിങ്ങള്‍ തൈര് കഴിച്ച് കഴിഞ്ഞാല്‍, അല്ലെങ്കില്‍ തൈര് കൂട്ടി ആഹാരം കഴിച്ച് കഴിഞ്ഞാല്‍ പെട്ടെന്ന് തന്നെ വെള്ളം കുടിക്കുന്നവരാണെങ്കില്‍ ഈ ശീലം വളരെ പെട്ടെന്ന് തന്നെ നിര്‍ത്തണം. നമ്മള്‍ വളരെ പെട്ടെന്ന് വെള്ളം കുടിക്കുമ്പോള്‍ ഇത് തൈരിലെ പ്രോബയോട്ടിക് ഗുണം കുറയ്ക്കുന്നതിന് കാരണമാകുന്നു. ഇത് ദഹന പ്രശ്നങ്ങളിലേയ്ക്ക് നയിക്കാം. അതിനാല്‍, തൈര് കഴിച്ച് കഴിയുമ്പോള്‍ വെള്ളം കുടിക്കാന്‍ തോന്നിയ ചെറിയ അളവില്‍ മാത്രം കുടിക്കാന്‍ ശ്രദ്ധിക്കുക.
പഴം – വാഴപ്പഴം കഴിക്കുന്നത് ദഹനം കൃത്യമായി നടക്കാന്‍ വളരെ നല്ലതാണ്. നമ്മള്‍ കഴിച്ച ആഹാരങ്ങള്‍ വേഗത്തില്‍ ദഹിക്കുന്നതിനും ദഹന പ്രശ്നങ്ങളായ അസിഡിറ്റി, വയര്‍ ചീര്‍ക്കല്‍ എന്നിവ കുറയ്ക്കാനും വയര്‍ നിറയ്ക്കാനും പഴത്തിന് കഴിവുണ്ട്. പഴത്തില്‍ നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാലാണ് ദഹനം വളരെ എളുപ്പത്തില്‍ നടക്കുന്നത്. എന്നാല്‍, പഴം കഴിക്കുന്നതിന്റെ ഇടയില്‍ നമ്മള്‍ വെള്ളം കുടിച്ചാല്‍ അല്ലെങ്കില്‍ പഴം കഴിച്ച് കഴിഞ്ഞ് ഉടനെ വെള്ളം കുടിച്ചാല്‍ ഗ്യാസ്ട്രിക് ജ്യൂസസ് ഉല്‍പാദിപ്പിക്കുന്നതിന് ഇത് കാരണമാകുന്നു. ഇത് ദഹനം വളരെ സാവധാനത്തില്‍ ആകുന്നതിന് കാരണമാവുകയും, ദഹന പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു.
എരിവുള്ള ആഹാരങ്ങള്‍ – എരിവുള്ള ആഹാരങ്ങള്‍ കഴിച്ച് കഴിഞ്ഞാല്‍ വളരെ പെട്ടെന്ന് തന്നെ വെള്ളം കുടിക്കുന്നവരാണ് പലരും. ചിലര്‍ നാവിന് എരിവ് അനുഭവപ്പെട്ടാല്‍ അപ്പോള്‍ തന്നെ വെള്ളം കുടിക്കും. എന്നാല്‍, ഇത്തരത്തില്‍ വെള്ളം കുടിക്കുന്നത് നെഞ്ചെരിച്ചില്‍ പോലെയുള്ള ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കാം. അതിനാല്‍, എരിവ് അനുഭവപ്പെട്ടാല്‍ വെള്ളം കുടിക്കുന്നതിന് പകരം, തൈര് കഴിക്കാവുന്നതാണ്. തൈര് കഴിച്ചാല്‍ വേഗത്തില്‍ തന്നെ എരിവ് പോകാന്‍ സാഹായിക്കും. അതുപോലെ ഇത് ദഹനത്തിനും നല്ലതാണ്.
സിട്രിക് പഴങ്ങള്‍ – ഓറഞ്ച്, മുന്തിരി, കിവി എന്നിവയെല്ലാം നല്ല സിട്രിക് പഴങ്ങളാണ്. സിട്രിക് പഴങ്ങള്‍ കഴിക്കുന്നത് നമ്മളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ വളരെ നല്ലതാണ്. അതുപോലെ ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നുണ്ട്. ചര്‍മ്മം നല്ലപോലെ ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്താനും ഇത് സഹായിക്കുന്നു. കാരണം, സിട്രിക് പഴങ്ങളില്‍ ധാരാളം വെള്ളത്തിന്റെ സാന്നിധ്യം ഉണ്ട്. സിട്രിക് പഴങ്ങളില്‍ ധാരാളം വെള്ളം അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ നമ്മള്‍ സിട്രിക് പഴങ്ങള്‍ കഴിക്കുന്നതിന്റെ ഇടയില്‍ വെള്ളം കുടിച്ചാല്‍ ഇത് വയറ്റില്‍ അസ്വസ്ഥതകള്‍ ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, വയര്‍ ചീര്‍ക്കാനും, വയര്‍ വേഗത്തില്‍ നിറഞ്ഞ പ്രതീതി ഉണ്ടാകാനും ഇത് കാരണമാണ്. അതിനാല്‍, ഇത്തരം പഴങ്ങള്‍ കഴിക്കുമ്പോള്‍ വെള്ളം കുടിക്കാന്‍ തോന്നുകയാണെങ്കില്‍ പരമാവധി ചെറിയ അളവില്‍ മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക.
ചോറ് – നമ്മള്‍ പൊതുവില്‍ കഴിക്കുന്ന ഒരു ആഹാരമാണ് ചോറ്. ചിലര്‍ ചോറ് കഴിക്കുന്നതിന് മുന്‍പ് വെള്ളം കുടിക്കും. ചിലര്‍ ചോറ് കഴിച്ച് കഴിഞ്ഞ ഉടനെ വെള്ളം കുടിക്കുന്നത് കാണാം. എന്നാല്‍ ചിലര്‍ ചോറ് കഴിക്കുന്നതിന്റെ ഇടയില്‍ തന്നെ വെള്ളം കുടിക്കുന്നത് കാണാം. എന്നാല്‍, ചോറ് കഴിക്കുന്നതിന്റെ ഇടയിലും അതുപോലെ തന്നെ ചോറ് കഴിച്ച് കഴിഞ്ഞ ഉടനേയും വെള്ളം കുടിക്കുന്നത് നല്ലതല്ല. ഇത് ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ വളരെയധികം സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് ചിലര്‍ക്ക് വയര്‍ ചീര്‍ക്കല്‍, അതുപോലെ തന്നെ, വയറുവേദന, കൊളത്തി പിടിക്കല്‍ എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാം. അതിനാല്‍, ചോറ് കുറച്ച് ദഹിച്ചതിന് ശേഷം മാത്രം കുറച്ച് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.