തിരുവനന്തപുരം ബാലരാമപുരത്ത് ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊന്ന കേസില്‍ കുട്ടിയുടെ ഡി.എന്‍.എ പരിശോധനാഫലം പുറത്തുവന്നപ്പോള്‍ അപ്രതീക്ഷിത ട്വിസ്റ്റ്.
കുട്ടിയുടെ അമ്മ ശ്രീതു ഇന്നലെ രാത്രി അറസ്റ്റിലായിരുന്നു. അമ്മാവന്‍ ഹരികുമാറാണ് ഏക പ്രതിയെന്ന കരുതിയ കേസിലാണ് എട്ട് മാസങ്ങള്‍ക്ക് ശേഷം അമ്മയും അറസ്റ്റിലായത്. ശ്രീതുവും സഹോദരന്‍ ഹരികുമാറും തമ്മിലുള്ള വഴിവിട്ട ബന്ധത്തിന് കുട്ടി തടസമായതിലെ ദേഷ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ കുട്ടിയുടെ ഡി.എന്‍.എ പരിശോധനാഫലം ഈ നിഗമനത്തേയും ചോദ്യം ചെയ്യുന്നു.
ശ്രീതുവിന്റെറയും ഭര്‍ത്താവിന്റെയും മൂത്ത കുട്ടിയാണ് ദേവേന്ദുവെന്നാണ് പോലീസ് കരുതിയിരുന്നത്. ദേവേന്ദുവിന്റെ ഡി.എന്‍.എ പരിശോധനാഫലം ശ്രീതുവിന്റെ ഭര്‍ത്താവിന്റേതുമായി പൊരുത്തപ്പെടുന്നില്ല. ഇതോടെ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിന്റെ ഡി.എന്‍.എയുമായി പരിശോധിച്ചു. അതുമായും യോജിക്കുന്നില്ല. അതായത് ശ്രീതുവിന്റെ ഭര്‍ത്താവിന്റെയോ സഹോദരന്റെയോ ഡി.എന്‍.എയുമായി ദേവേന്ദുവിന്റെ ഡി.എന്‍.എ യോജിക്കുന്നില്ല. ഇതോടെ കുട്ടിയുടെ അച്ഛന്‍ ആരാണെന്ന ചോദ്യം ബാക്കിയാവുകയാണ്.
ഒരുപക്ഷേ തന്റെ മറ്റൊരു ബന്ധത്തിലുണ്ടായ കുട്ടിയാണെന്നതാകാം ദേവേന്ദുവിനെ കൊല്ലാനുള്ള സഹോദരന്റെ തീരുമാനത്തിന് കൂട്ടുനില്‍ക്കാന്‍ ശ്രീതുവിനെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് കരുതുന്നത്. മറ്റൊരു ബന്ധത്തിലെ കുട്ടിയെന്നത് ജീവിതത്തിന് തടസമാകുമെന്ന ചിന്തയാകാം കാരണമെന്നും കരുതുന്നു. ഇത് കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
ഹരികുമാര്‍ തന്നെയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതെന്നായിരുന്നു നേരത്തെയുള്ള മൊഴി. നേരത്തെയുള്ള മൊഴികളുടെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ഹരികുമാര്‍ താനല്ല കുഞ്ഞിനെ കിണറ്റിലെറിഞ്ഞതെന്ന മൊഴി മാറ്റി. ഹരികുമാറിന്റെ മൊഴി മാറ്റത്തോടെ നുണപരിശോധനയ്ക്കുശേഷം കുറ്റപത്രം നല്‍കിയാല്‍ മതിയെന്ന് പൊലീസ് തീരുമാനിച്ചു. പ്രതിയായ അമ്മാവന്‍ ഹരികുമാറിനെയും അമ്മ ശ്രീതുവിനെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാനായിരുന്നു പൊലീസിന്റെ തീരുമാനം. എന്നാല്‍ ശ്രീതു നുണപരിശോധനക്ക് വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ശ്രീതുവിനെ അറസ്റ്റ് ചെയ്തത്.




