അപ്രതീക്ഷിതമായ തിരിച്ചടികള്‍ മെച്ചപ്പെട്ട പുതുവഴികളിലേയ്ക്ക് എങ്ങനെ നയിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ബംഗലുരുവില്‍ നിന്നുള്ള എഞ്ചിനീയര്‍ ഋതുപര്‍ണ കെ.എസിന്റെ ജീവിതം. നീറ്റ് പരീക്ഷയില്‍ തെരഞ്ഞെടുക്കപ്പെടാതെ നിരാശപ്പെട്ട് എഞ്ചിനീയറിംഗിലേക്ക് തിരിഞ്ഞ പെണ്‍കുട്ടി ഇപ്പോള്‍ റോള്‍സ്റോയ്സ് കാര്‍ കമ്പനിയില്‍ പ്രതിവര്‍ഷം 72.3 ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ജീവനക്കാരി.
റോള്‍സ് റോയ്സില്‍ എട്ട് മാസത്തെ കഠിനമായ ഇന്റേണ്‍ഷിപ്പ് ഇവര്‍ പൂര്‍ത്തിയാക്കി. റോള്‍സ് റോയ്സിന്റെ ജെറ്റ് എഞ്ചിന് നിര്‍മ്മാണ വിഭാഗത്തില്‍ ജോലി നേടിയ ബെംഗളൂരുകാരി ഋതുപര്‍ണ കെ.എസ്. മംഗളൂരുവിലെ സഹ്യാദ്രി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് മാനേജ്മെന്റില്‍ ആറാം സെമസ്റ്ററില്‍ പഠിക്കുകയാണ്. 2024 ഡിസംബറില്‍ പ്രീ-പ്ലേസ്മെന്റ് ഓഫര്‍ ലഭിക്കുകയും പിന്നീട് 2025 ഏപ്രിലില്‍ ശമ്പള വര്‍ദ്ധനവും ലഭിച്ചു.’റോബോട്ടിക്സിലും ഓട്ടോമേഷന്‍ എഞ്ചിനീയറിംഗിലും താല്‍പ്പര്യമുള്ള ഒരു വ്യക്തിയാണ് ഋതുപര്‍ണ.
പുതിയ കാര്യങ്ങള്‍ പഠിക്കുന്നതും ആശയങ്ങള്‍ വികസിപ്പിക്കുന്നതും പ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങള്‍ നല്‍കുന്നതും തനിക്കിഷ്ടമാണെന്ന് ഋതുപര്‍ണ തന്റെ ലിങ്ക്ഡ്ഇന്‍ പ്രൊഫൈലില്‍ വ്യക്തമാക്കുന്നു. മെഡിക്കല്‍ ബിരുദം നേടാനായി അവര്‍ നീറ്റ് എഴുതിക്കയറാന് കഴിയാതിരുന്നതിനെ തുടര്‍ന്ന് എഞ്ചിനീയറിംഗിലേക്ക് മാറി. 2022 ല്‍ സഹ്യാദ്രി സിഇടി കോളേജില്‍ റോബോട്ടിക്സിലും ഓട്ടോമേഷനിലും പഠനത്തിന് ചേര്‍ന്നു. ബിരുദ പഠനകാലത്ത്, അവര്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കി റോള്‍സ് റോയ്സില്‍ ജോലി നേടി.
2025 ജനുവരി മുതല്‍ അര്‍ദ്ധരാത്രി ഷിഫ്റ്റുകളില്‍ മികവ് പുലര്‍ത്തി, വെല്ലുവിളി നിറഞ്ഞ അസൈന്മെന്റുകള് പൂര്‍ത്തിയാക്കി. അവരുടെ മികച്ച പ്രകടനം കമ്പനി അവരുടെ പ്രാരംഭ ശമ്പളം പ്രതിവര്‍ഷം 39.6 ലക്ഷം രൂപയില്‍ നിന്ന് 72.3 ലക്ഷം രൂപയായി ഉയര്‍ത്തി. റോള്‍സ് റോയ്സ് ഇന്റേണ്‍ഷിപ്പിനിടെ ജോലിയോടുള്ള അവരുടെ സമര്‍പ്പണം – കോഴ്സ് വര്‍ക്കുകളും വിദേശ നിലവാരത്തിലുള്ള വെല്ലുവിളികളും സന്തുലിതമായി കൈകാര്യം ചെയ്യല്‍ – അവര്‍ക്ക് ഈ റോളും ശമ്പള വര്‍ദ്ധനവും ലഭിക്കുന്നതില്‍ നിര്‍ണായകമായി.
ഏഴാം സെമസ്റ്റര്‍ പൂര്‍ത്തിയാക്കിയ ശേഷം റോള്‍സ് റോയ്സിന്റെ ടെക്സസ് ജെറ്റ് എഞ്ചിന് വിഭാഗത്തില്‍ ചേരാന്‍ പോകുന്ന ഈ ഇരുപതുകാരി, കമ്പനിയുടെ ജെറ്റ് ഡിവിഷനിലെ ഏറ്റവും പ്രായം കുറഞ്ഞവരില്‍ ഒരാളായി മാറും.




