Crime

ദിലീപും സുനിയും ഫോണിൽ വിളിച്ചില്ല; തെളിവ് ഒഴിവാക്കാൻ നടന്ന ആസൂത്രിത നീക്കമെന്ന് അന്വേഷണസംഘം

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിൽ നിർണായക കണ്ടെത്തലുമായി അന്വേഷണസംഘം. കേസിലെ ഒന്നാംപ്രതി പൾസർ സുനിയും എട്ടാം പ്രതി നടൻ ദിലീപും തമ്മിൽ നേരിട്ട് ഫോണില്‍ സംസാരിക്കാതിരുന്നത് ഡിജിറ്റൽ തെളിവുകൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആസൂത്രിത നീക്കമായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

ഇരുവരുടെയും കോളുകളുടെ വിശദാംശങ്ങൾ ശാസ്ത്രീയമായി പരിശോധിച്ചതിൽ നിന്നാണ് അന്വേഷണസംഘം ഈ നിഗമനത്തിലെത്തിയത്. ഗൂഢാലോചന നടന്നുവെന്ന് പറയപ്പെടുന്ന കാലയളവിലോ അതിന് ശേഷമോ ദിലീപും പൾസർ സുനിയും തമ്മിൽ നേരിട്ടുള്ള വിളികളോ സന്ദേശങ്ങളോ കൈമാറിയതായി കണ്ടെത്താനായിട്ടില്ല. ഇത് യാദൃശ്ചികമല്ലെന്നും, ബോധപൂർവം ഡിജിറ്റൽ തെളിവുകൾ അവശേഷിപ്പിക്കാതിരിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്നും പൊലീസ് പറയുന്നു.

ഭാവിയിൽ അന്വേഷണം നടന്നാൽ എളുപ്പത്തിൽ പിടിക്കപ്പെടാതിരിക്കാൻ നേരിട്ടുള്ള ആശയവിനിമയം പ്രതികൾ ബോധപൂർവം ഒഴിവാക്കുകയായിരുന്നു. ഫോൺവിളികൾ പോലുള്ള ഡിജിറ്റൽ തെളിവുകൾ കേസിൽ ശക്തമായ കണ്ണിയാകുമെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള നീക്കമാണിത്. നേരിട്ടുള്ള ഫോൺവിളികളുടെ അഭാവം, ഗൂഢാലോചന കൂടുതൽ ആസൂത്രിതവും സൂക്ഷ്മവുമായിരുന്നു എന്ന വാദത്തിന് ബലം നൽകുന്നതായും അന്വേഷണസംഘം വിലയിരുത്തുന്നു.

പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയെന്നതാണ് കേസ്. കേസിലെ ഒന്നാം പ്രതിയാണ് പൾസർ സുനി. സംഭവത്തിന് പിന്നിലെ ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് നടൻ ദിലീപിനെ കേസിൽ എട്ടാം പ്രതിയാക്കിയത്.