Celebrity

വീട്ടുവേലക്കാരനും കാര്‍ ഡ്രൈവറും വീട്ടംഗത്തെപ്പോലെ ; ആലിയാഭട്ട് വീടുവെയ്ക്കാന്‍ നല്‍കിയത് 50 ലക്ഷം

2012 ല്‍ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ആലിയ ഭട്ടിന് അതിനുശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഒന്നിനുപുറകെ ഒന്നായി ബ്ലോക്ക്ബസ്റ്റര്‍ പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങള്‍ കീഴടക്കി. എന്നാല്‍ സിനിമയില്‍ മാത്രമല്ല പുറത്തും താന്‍ എത്രമാത്രം പ്രിയങ്കരിയാണെന്ന് ആലിയ കാണിച്ചു തന്നിട്ടുള്ള അനേകം സംഭവങ്ങളില്‍ കരിയറിലെ ആദ്യ ദിവസം മുതല്‍ തന്നോടൊപ്പം ഉണ്ടായിരുന്ന ആളുകളെ അവര്‍ എങ്ങിനെയാണ് കരുതുന്നതെന്ന് ഈ സംഭവം മാത്രം മതി മനസ്സിലാക്കാന്‍.

നടി എപ്പോഴും തന്റെ അടുത്ത ആളുകളെ പരിപാലിക്കുന്നത് സ്വന്തം കുടുംബാംഗങ്ങളെ പോലെയാണ്. വീട്ടുജോലിക്കാരനെയും ഡ്രൈവറെയും കുടുംബാംഗങ്ങളായി തന്നെയാണ് അവര്‍ കണക്കാക്കുന്നത്. 2019 ല്‍ ആലിയ ഭട്ട് തന്റെ ഡ്രൈവര്‍ക്കും വീട്ടുജോലിക്കാരനും വീടുവെയ്ക്കാന്‍ 50 ലക്ഷം രൂപ വീതം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. അവര്‍ ആ പണം ഉപയോഗിച്ച് പുതിയ വീട് വാങ്ങുകയും ചെയ്തു.

2019 ലെ തന്റെ ജന്മദിനത്തിലായിരുന്നു ആലിയ സുനിലിനും അമോലിനും വന്‍ തുക നല്‍കിയത്. 2012 ല്‍ തന്റെ കരിയറിന്റെ തുടക്കം മുതല്‍ തന്നോടൊപ്പം ഉണ്ടായിരുന്ന ജീവിതത്തിലെ ഏറ്റവും അടുത്ത വ്യക്തികളാണ് രണ്ടുപേരും എന്നതായിരുന്നു കാരണം. അവരെ കുടുംബത്തെ പോലെ പരിഗണിച്ച നടിയുടെ ഉദാരമായ പ്രവൃത്തി ഇരുവര്‍ക്കും മുംബൈയിലെ ജുഹുവിലും ഖാര്‍ പ്രദേശങ്ങളിലും സ്വന്തമായി ഫ്ലാറ്റുകള്‍ വാങ്ങാന്‍ സഹായകരമായി. അതേസമയം അത്രയും ഉദാരമതിയായിരിക്കുമ്പോള്‍ തന്നെ അടുത്തിടെ തന്റെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് വേദിക പ്രകാശ് ഷെട്ടി ഭട്ടിനെതിരേ കേസിന് പോയിരുന്നു. നടിയുടെ പ്രൊഡക്ഷന്‍ ഹൗസായ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും പണം തട്ടിയെടുത്തെന്നാണ് ഉയര്‍ത്തിയ ആരോപണം.

അന്വേഷണം പുരോഗമിക്കുകയും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, ആലിയയോ സംഘമോ ഇതുവരെ ഈ വിഷയത്തില്‍ ഒരു പ്രസ്താവനയും പുറത്തിറക്കിയിട്ടില്ല. വേദിക പ്രകാശ് ഷെട്ടിക്കെതിരെ നടിയുടെ അമ്മ സോണി റസ്ദാന്‍ ഈ വര്‍ഷം ആദ്യം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം, ആലിയ ഭട്ട് നിലവില്‍ തന്റെ സ്പൈ യൂണിവേഴ്‌സ് ചിത്രമായ ആല്‍ഫയുടെ തിരക്കിലാണ്. ഷാര്‍വാരി വാഗ് എന്ന ചിത്രവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു, 2025 ഡിസംബര്‍ 25 ന് ചിത്രം റിലീസ് ചെയ്യും.

ഫര്‍ഹാന്‍ അക്തറിന്റെ ജീ ലെ സാറ എന്ന ചിത്രത്തിലും ആലിയ അഭിനയിക്കുന്നുണ്ട്. കത്രീന കൈഫ്, പ്രിയങ്ക ചോപ്ര എന്നിവരും ചിത്രത്തില്‍ അഭിനയിക്കും. എന്നിരുന്നാലും, ചിത്രത്തിന്റെ ഷൂട്ടിംഗ് ഷെഡ്യൂളിനെക്കുറിച്ച് ഇതുവരെ ഒരു അപ്‌ഡേറ്റും ലഭിച്ചിട്ടില്ല.