Sports

ധോണിയോ രോഹിത് ശര്‍മ്മയോ ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്‍? ആര്‍ അശ്വിന്‍ പറയുന്നു

ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ കലാശക്കളിയില്‍ കളി കൈവിട്ടില്ലായിരുന്നെങ്കില്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ നായകന്മാരില്‍ കപിലിനും ധോണിക്കുമൊപ്പം രോഹിത് ശര്‍മ്മയും ഉയര്‍ന്നേനെ. ബാറ്റിംഗും ബൗളിംഗും ഫീല്‍ഡിംഗും കൊണ്ട് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമായിരുന്നിട്ടും 10 കളിക്ക് ശേഷം ഫൈനലില്‍ പതിനൊന്നാമത്തെ കളിയില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് കീഴടങ്ങിയതോടെ രോഹിതിനും നിര്‍ഭാഗ്യം വന്നു ഭവിച്ചു.

എന്നാല്‍ രണ്ടുലോകകപ്പുകള്‍ ഉയര്‍ത്തിയ ധോണിയാണോ ഇന്ത്യയെ തുടര്‍ച്ചയായി മത്സരങ്ങള്‍ ജയിപ്പിച്ച് മുന്നില്‍ നിന്നും നയിച്ച രോഹിത് ശര്‍മ്മയാണോ മികച്ച ക്യാപ്റ്റന്‍ എന്ന സംവാദത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിനും പങ്കാളിയായി. രണ്ടുപേര്‍ക്ക് കീഴിലും കളിക്കുകയും ഡ്രസ്സിംഗ് റൂമിലിരുന്ന് കൂടുതല്‍ കളി കണ്ടയാളുമെന്ന നിലയില്‍ രോഹിതിന്റെ നായകത്വത്തെക്കുറിച്ച് അശ്വിന്‍ പറഞ്ഞു.

” ഇന്ത്യന്‍ ക്രിക്കറ്റിനെ ഉറ്റുനോക്കുന്ന എല്ലാവരും എംഎസ് ധോണിയാണ് മികച്ച നായകനെന്ന്പറയുമായിരിക്കും. എന്നാല്‍ രോഹിത് വേറിട്ടു നില്‍ക്കുന്ന വ്യക്തിത്വമാണ്. ടീമിലെ എല്ലാ കളിക്കാരെയും കൃത്യമായി മനസ്സിലാക്കുന്ന താരമാണ് രോഹിത്. ഓരോരുത്തരുടേയും ഇഷ്ടവും അനിഷ്ടവും എന്താണെന്ന് അദ്ദേഹത്തിന് നന്നായിട്ടറിയാം. ഓരോ കളിക്കാരനെയും വ്യക്തിപരമായി രോഹിത് അറിയാന്‍ ശ്രമിക്കും.” അശ്വിന്‍ പറയുന്നു.

ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ ഓസീസിനെതിരേ മാത്രമാണ് ലോകകപ്പില്‍ അശ്വിന് കളിക്കാന്‍ അവസരം കിട്ടിയത്. തുടര്‍ന്ന് പത്ത് മത്സരങ്ങളിലും ഇരിക്കേണ്ടി വന്നിട്ടും താരം തന്റെ നായകന്റെ മനസ്ഥിതിയോട് പരിഭവം കാട്ടിയില്ല. ‘അത് മറ്റൊരാളുടെ സ്ഥാനത്ത് അയാളുടെ വീക്ഷണകോണില്‍ നിന്ന് കാര്യങ്ങള്‍ നോക്കുന്നതു പോലെയാണ്. രോഹിത്തിന്റെ സ്ഥാനത്ത് ഞാന്‍ ആയിരുന്നാലും ജയിക്കുന്ന കോമ്പിനേഷന്‍ മാറ്റുന്നതിനെക്കുറിച്ച് ഞാന്‍ 100 തവണ ചിന്തിക്കുമായിരുന്നു. ടീമിന് എല്ലാം നന്നായി പോകുന്നെങ്കില്‍ പിന്നെ എന്തിനാണ് മൂന്ന് സ്പിന്നര്‍മാര്‍ക്ക് ഒരു ഫാസ്റ്റ് ബൗളര്‍?’ അശ്വിന്‍ വിശദീകരിച്ചു