Oddly News

സിംഹത്തിന് തിന്നാന്‍ വളര്‍ത്ത് മൃഗങ്ങളെ ചോദിച്ചു ; ഒരു വീട്ടുകാരി നല്‍കിയത് മകളുടെ പ്രിയപ്പെട്ട കുതിരയെ

സിംഹങ്ങളെ പോറ്റാന്‍ വഴിയില്ലാതെ നാട്ടുകാരില്‍ നിന്നും മൃഗങ്ങളെ ആവശ്യപ്പെട്ട മൃഗശാലയ്ക്ക് ഒരു ഡാനിഷ് അമ്മ നല്‍കിയത് സ്വന്തം മകളുടെ വളര്‍ത്തുകുതിരയെ. വീട്ടില്‍ ആവശ്യമില്ലാത്ത മൃഗങ്ങളെ സംഭാവന ചെയ്യാന്‍ മൃഗശാല ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു. വീട്ടില്‍ തള്ളാന്‍ വെച്ചിരിക്കുന്ന കോഴികള്‍, മുയലുകള്‍, ഗിനി പന്നികള്‍ തുടങ്ങിയവയെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മൃഗശാല ആവശ്യപ്പെടുകയായിരുന്നു.

വിവാദത്തിന് പിന്നാലെ, 44 വയസ്സുള്ള ഒരു ഡാനിഷ് സ്ത്രീ തന്റെ മകളുടെ 22 വയസ്സുള്ള കുതിരയെ സിംഹങ്ങളെ പോറ്റാന്‍ ആല്‍ബോര്‍ഗ് മൃഗശാലയ്ക്ക് ദാനം ചെയ്തതായി വെളിപ്പെടുത്തി. 2020 ല്‍ ഷിക്കാഗോ 57 എന്ന ജര്‍മ്മന്‍ റൈഡിംഗ് കുതിരയെ ഒഴിവാക്കാന്‍ തങ്ങള്‍ തീരുമാനിച്ചിരുന്നതായി പെര്‍ണില്‍ സോള്‍ എന്ന സ്ത്രീ അവകാശപ്പെട്ടതായി ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കാട്ടിലെ മൃഗങ്ങള്‍ക്ക് അവയുടെ പ്രകൃതിദത്ത ആഹാരശൃംഖല പിന്തുടരുന്നതിന് പ്രാധാന്യം നല്‍കുന്ന നീക്കമാണ് ഇതെന്ന് ആല്‍ബോര്‍ഗ് മൃഗശാല പറഞ്ഞു. ചെറിയ മൃഗങ്ങള്‍ക്ക് 100 ഡാനിഷ് ക്രൗണും കുതിരകള്‍ പോലുള്ള വലിയ മൃഗങ്ങള്‍ക്ക് കിലോഗ്രാമിന് അഞ്ച് ക്രൗണും നികുതി കിഴിവ് ലഭിക്കാന്‍ ദാതാക്കള്‍ക്ക് അര്‍ഹതയുണ്ട്. ഈ വര്‍ഷം ഇതുവരെ മൃഗശാലയ്ക്ക് 137 മുയലുകള്‍, 22 കുതിരകള്‍, 53 കോഴികള്‍, 18 ഗിനി പന്നികള്‍ എന്നിവയുള്‍പ്പെടെ സംഭാവനകള്‍ ലഭിച്ചു.

ആവശ്യമില്ലാത്ത വളര്‍ത്തുമൃഗത്തെ ‘ദയാവധം’ ചെയ്ത് മാംസഭുക്കുകള്‍ക്ക് നല്‍കുമെന്ന് മൃഗശാല പോസ്റ്റില്‍ പറഞ്ഞു. ”കോഴികള്‍, മുയലുകള്‍, ഗിനി പന്നികള്‍ എന്നിവ നമ്മുടെ വേട്ടക്കാരുടെ ഭക്ഷണത്തിലെ ഒരു പ്രധാന ഭാഗമാണ്. പ്രത്യേകിച്ച് യൂറോപ്യന്‍ ഇനത്തിലുള്ളവയ്ക്ക്. സ്വാഭാവികമായി കാട്ടില്‍ വേട്ടയാടപ്പെടുന്ന മൃഗങ്ങളോട് സാമ്യമുള്ള മുഴുവന്‍ ഇരയെയും ഇതിന് ആവശ്യമാണ്. മൃഗക്ഷേമത്തി ന്റെ കാര്യത്തില്‍, മൃഗങ്ങളുടെ സ്വാഭാവിക ഭക്ഷണ ശൃംഖല അനുകരിക്കാന്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. അങ്ങനെ, ഒന്നും പാഴാകില്ല. കൂടാതെ ഞങ്ങളുടെ വേട്ടക്കാരുടെ സ്വാഭാവിക പെരുമാറ്റം, പോഷണം, ക്ഷേമം എന്നിവ ഞങ്ങള്‍ ഉറപ്പാക്കുന്നു.” ഇതായിരുന്നു പോസ്റ്റിലെ കുറിപ്പ്.