ഏപ്രില്‍ 17 ന് ഡല്‍ഹിയിലെ സീലംപൂരില്‍ 17 വയസ്സുള്ള ആണ്‍കുട്ടിയെ ക്രൂരമായി കുത്തിക്കൊന്ന സംഭവമുണ്ടായത്. മൂന്ന് പേര്‍ ചേര്‍ന്ന് ഒരു കൗമാരക്കാരനെ ആക്രമിക്കുമ്പോള്‍, 19 വയസ്സുള്ള ഒരു സ്ത്രീ സമീപത്ത് നില്‍ക്കുകയായിരുന്നു. എല്ലാം നിശബ്ദമായി നോക്കിക്കൊണ്ടു നിന്ന അവര്‍ സീലാംപൂരിലെ ‘ലേഡി ഡോണ്‍’ എന്ന് വിളിക്കപ്പെടുന്ന ‘സിക്ര ഖാന്‍’ ആയിരുന്നു. ഡല്‍ഹിയെ ഭരിക്കുന്ന ക്രൈം സിന്‍ഡിക്കേറ്റിന്റെ റാണികളായ മൂന്ന് ക്രിമിനല്‍ സുന്ദരികളില്‍ ഒരാളാണ് കൗമാരത്തിന്റെ അറ്റത്ത് നില്‍ക്കുന്ന സിക്ര.
ഇക്കാലത്ത് സിക്രയെപ്പോലുള്ള സ്ത്രീകള്‍ ഡല്‍ഹിയില്‍ സംഘടിത കുറ്റകൃത്യങ്ങളുടെ മുന്‍നിരയിലേക്ക് ഉയര്‍ന്നുവെന്ന് ദി ട്രിബ്യൂണ്‍ ഉദ്ധരിച്ച പോലീസ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അവര്‍ ഇപ്പോള്‍ മയക്കുമരുന്ന്, മനുഷ്യക്കടത്ത് സംഘങ്ങളെ സംഘടിപ്പിക്കുന്നു. നിര്‍ദയമായ കൊലപാതകങ്ങള്‍ക്ക് ക്വട്ടേഷന്‍ എടുത്ത് നടപ്പാക്കുന്നു. സ്ത്രീ കുറ്റവാളികള്‍ പുരുഷന്മാരേക്കാള്‍ കൂളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദാരിദ്ര്യത്തില്‍ നിന്ന് ചെറിയ കുറ്റകൃത്യങ്ങളിലൂടെ ഉയര്‍ന്നു വന്ന ഇവര്‍ പങ്കാളി ജയിലില്‍ ആകുകയോ കൊല്ലപ്പെടുകയോ ചെയ്തതിന് ശേഷം ക്രിമിനല്‍ സാമ്രാജ്യത്തിന്റെ അവസാന വാക്കായി ഉയര്‍ന്നു.
വിനയാന്വിതരായ സ്ത്രീകളായി സമൂഹത്തില്‍ ജീവിക്കുകയും അക്രമത്തിന്റെ സംഘാടകരായി ഉയര്‍ന്നു വരികയും ചെയ്യുന്നു. കൗമാരക്കാരന്റെ കൊലപാതകത്തില്‍ സിക്ര ഖാന്റെ സമീപകാല കുറ്റപത്രം ഞെട്ടിക്കുന്നതാണ്. കൗമാരക്കാരായ കൊലയാളികളെ റിക്രൂട്ട് ചെയ്യുന്നതിലും പരിശീലിപ്പിക്കുന്നതിലും വൈദഗ്ധ്യം നേടിയ അവര്‍ നഗരത്തിലെ ഏറ്റവും അപകടകാരിയായ വ്യക്തികളില്‍ ഒരാളായി കുപ്രസിദ്ധി നേടി.
ഈ പട്ടികയിലെ രണ്ടാമത്തെയാള്‍ ഗീത അറോറ എന്ന പേരില്‍ ജനിച്ച സോനു പഞ്ചബാനാണ്. ഒരു ഗുണ്ടാനേതാവിന്റെ വിധവയില്‍ നിന്ന് ജിബി റോഡിന്റെ മാംസക്കച്ചവടത്തിന്റെ അനിഷേധ്യമായ ഭരണാധികാരിയായി രൂപാന്തരപ്പെട്ടതാണ് അവരുടെ വളര്‍ച്ച. കൊച്ചുകുട്ടികളെ ഉയര്‍ന്ന ഇടപാടുകാര്‍ക്ക് എത്തിച്ചുകൊടുക്കുന്ന കൃത്യം നടത്തുന്ന ഇവര്‍ക്കെതിരേ ഒന്നിലധികം പോക്‌സോകേസുകളുണ്ട്. കേസുകളില്‍ പെട്ട് ഗീത അറസ്റ്റിലായതോടെ പ്രായപൂര്‍ത്തിയാകാത്തവരെ വെച്ചുള്ള അവരുടെ വേശ്യാവൃത്തി പ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലം നിലച്ചു.
2019-ല്‍ തന്റെ ഭര്‍ത്താവ് ഗുണ്ടയായ ഹാഷിം ബാബ ജയിലിലായതിന് ശേഷം വിപുലമായ മയക്കുമരുന്ന് സാമ്രാജ്യം ഏറ്റെടുത്ത സോയ ഖാനാണ് മൂന്നാമത്തെയാള്‍. കൗമാരക്കാരായ ആണ്‍കുട്ടികളെ കരാര്‍ കൊലയാളികളായി റിക്രൂട്ട് ചെയ്യുകയും പരിശീലിപ്പിക്കുകയും ചെയ്തതായി സോയഖാനും ആരോപണം നേരിടുന്നുണ്ട്. മൂന്നുപേരും ഡല്‍ഹിയിലെ ജനങ്ങളില്‍ ഉടനീളം ഭയം വിതച്ചിട്ടുണ്ട്. കുട്ടികളെ ഭയപ്പെടുത്താന്‍ മാതാപിതാക്കള്‍ വിളിക്കുന്ന പേരുകള്‍ കൂടിയായി ഇവ മാറിയിട്ടുണ്ട്.




