Good News

ബിഗ് സല്യൂട്ട്! ഈ പോലീസുകാരന്‍ ദത്തെടുത്തത് 350 പേരെ; 180 പേര്‍ക്കും സര്‍ക്കാര്‍ജോലി

ഹരിയാനയിലെ സോനിപത്തിലെ ഒരു പോലീസ് കോണ്‍സ്റ്റബിളായ അമിതിന്റെ അചഞ്ചലമായ പ്രതിബദ്ധതയില്‍ ഓരോ ദിവസവും 30ഓളം കുട്ടികള്‍ പുതിയ പ്രതീക്ഷയോടെയാണ് ഉണരുന്നത്. ദരിദ്രമായ സാഹചര്യത്തില്‍ വളര്‍ന്ന് ജീവിതത്തില്‍ ഏറെ ബുദ്ധിമുട്ട് സഹിച്ച് പോലീസുകാരനായി മാറിയ ആള്‍ മാറ്റിമറിച്ചത് പാവപ്പെട്ട 350ലധികം കുട്ടികളുടെ ജീവിതം . ഇവരില്‍ 185 പേര്‍ സര്‍ക്കാര്‍ ജോലി നേടുകയും ചെയ്തു.

ഡല്‍ഹിയില്‍ പോലീസ് കോണ്‍സ്റ്റബിളായ അമിത് ലാത്തിയ പാവപ്പെട്ട കുട്ടികള്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കാന്‍ ആവശ്യമായ പരിശീലനവും പിന്തുണയും നല്‍കുന്നു. ഒരുകാലത്ത് റിക്ഷാ വലിക്കുന്നവരായോ പെയിന്റര്‍മാരായോ വെയിറ്റര്‍മാരായോ ജോലി ചെയ്തിരുന്ന ഈ കുട്ടികള്‍ ഇപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി തങ്ങളുടെ രാജ്യത്തെ സേവിക്കുന്നത് സ്വപ്‌നം കാണുകയാണ്. 12 വര്‍ഷങ്ങള്‍ക്ക് മുമ്പ്, അവര്‍ക്ക് സൗജന്യ മാര്‍ഗനിര്‍ദേശവും ഭക്ഷണവും താമസവും പഠനോപകരണങ്ങളും വാഗ്ദാനം ചെയ്ത് പാവപ്പെട്ട കുട്ടികളെ അമിത് ദത്തെടുക്കുകയായിരുന്നു.

തന്റെ ജോലിയില്‍ നിന്നും കിട്ടുന്ന പ്രതിമാസ സമ്പാദ്യമെല്ലാം ഈ കുട്ടികള്‍ക്കു വേണ്ടി അദ്ദേഹം ഉപയോഗിക്കുന്നു. അമിത് തന്റെ സ്വകാര്യ ചെലവുകള്‍ക്കായി ഒരു ചെറിയ തുക മാത്രം എടുക്കും. ബാക്കിതുക ജീവകാരുണ്യത്തിനായി നല്‍കും. നാല് ഫ്‌ലാറ്റുകള്‍ വാടകയ്ക്ക് എടുത്തിട്ടുണ്ട്. ഓരോന്നിനും ഏകദേശം 1,400 ചതുരശ്ര അടിയുണ്ട്. കസേരകള്‍, മേശകള്‍, കിടക്കകള്‍, ലൈബ്രറി എന്നിവയുള്‍പ്പെടെ ആവശ്യമായ സൗകര്യങ്ങള്‍ ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്.

തന്റെ അശ്രാന്ത പരിശ്രമത്തിലൂടെ, അദ്ദേഹം മെന്റര്‍ ചെയ്ത 350 കുട്ടികളില്‍ 185 പേരും സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ – കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ എക്‌സാമിനേഷന്‍, ഹരിയാന സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍, ചണ്ഡീഗഡ് പോലീസ് ഐടി കോണ്‍സ്റ്റബിള്‍ തുടങ്ങിയ മത്സര പരീക്ഷകളില്‍ വിജയിച്ച് സര്‍ക്കാര്‍ ജോലികള്‍ നേടിക്കഴിഞ്ഞു. ഈ കുട്ടികളോടുള്ള അമിതിന്റെ സഹാനുഭൂതി അദ്ദേഹത്തിന്റെ സ്വന്തം പശ്ചാത്തലത്തില്‍ നിന്നാണ് ഉരുത്തിരിഞ്ഞത്.

താഴ്ന്ന വരുമാനമുള്ള കുടുംബത്തില്‍ വളര്‍ന്ന അമിതിന് ജീവിതത്തില്‍ അനേകം വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. ഒരു കര്‍ഷകനായ അവന്റെ പിതാവിന് ഹൃദയാഘാതം സംഭവിച്ച ശേഷം അമിത് തന്റെ ഒരു കായികതാരമാകാനുള്ള തന്റെ സ്വപ്നങ്ങള്‍ ഉപേക്ഷിച്ച് ഗ്രാമത്തിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതനായി.

പരിമിതമായ സാമ്പത്തികനിലയായതിനാല്‍ ഒരു ചായക്കടയില്‍ ജോലി ചെയ്തുകൊണ്ട് അമിത് പോലീസ് ജോലിക്കു വേണ്ടിയുള്ള പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ തുടങ്ങി. 2010ല്‍ ഡല്‍ഹി പോലീസില്‍ കോണ്‍സ്റ്റബിളായി ജോലിയില്‍ പ്രവേശിച്ചതോടെ അദ്ദേഹത്തിന്റെ കഠിനാധ്വാനം ഫലം കണ്ടു. നിരാലംബരായ കുട്ടികളെ സഹായിക്കാന്‍ അമിത് പ്രചോദനം ഉള്‍ക്കൊണ്ടത് ഈ നേട്ടത്തില്‍നിന്നുമാണ്. കുട്ടികള്‍ വ്യത്യസ്ത ജോലികളില്‍ ഏര്‍പ്പെടുന്നത് കണ്ടതോടെ തന്റെ പൂര്‍വകാലം ഓര്‍മ്മിച്ച അമിത് അവരെ രക്ഷിക്കാന്‍ തീരുമാനിച്ചു.

വീട്ടുകാരുടെ എതിര്‍പ്പിനെ വകവയ്ക്കാതെ പഠിക്കാന്‍ പോയത് പല കുട്ടികളെയും വീട്ടില്‍ നിന്ന് പുറത്താക്കാന്‍ കാരണമായി, എന്നിട്ടും അമിത് പിന്‍മാറിയില്ല. സൗകര്യങ്ങളൊരുക്കി 2012-ല്‍ അദ്ദേഹം തന്റെ ആദ്യ ബാച്ചിലെ 10 വിദ്യാര്‍ത്ഥികളെ പരിശീലനത്തിനായി തെരഞ്ഞെടുത്തു. അവരില്‍ ആറ് പേര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു. അത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു.

സോനിപത്തിലെ സര്‍ക്കാര്‍ കോളേജിലെ മാത്തമാറ്റിക്സ് പ്രൊഫസറായ ഭാര്യ മഞ്ജുവും അമിതിന്റെ സമര്‍പ്പണത്തെ പിന്തുണച്ചു. അവള്‍ വീട്ടുചെലവുകള്‍ കൈകാര്യം ചെയ്യുകയും കുട്ടികളെ പഠിപ്പിക്കുന്നതില്‍ സഹായിക്കുകയും ചെയ്യുന്നു. അക്കാദമിക് വിജയത്തിനപ്പുറം, സര്‍ക്കാര്‍ സേവനത്തിലായാലും അല്ലെങ്കില്‍ കൃഷിക്കായി ഗ്രാമങ്ങളിലേക്ക് മടങ്ങുന്നവരായാലും, സ്വാശ്രയത്തിലേക്കുള്ള വിവിധ വഴികള്‍ കണ്ടെത്താന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന, സമഗ്ര വികസനത്തിന് അമിത് ഊന്നല്‍ നല്‍കുന്നു.

അദ്ദേഹത്തിന്റെ സ്ഥിരോത്സാഹവും നിസ്വാര്‍ത്ഥതയും അസംഖ്യം നിരാലംബരായ കുട്ടികളെ പ്രചോദിപ്പിക്കുന്നു. അമിതിന്റെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന് നിരവധി അവാര്‍ഡുകള്‍ നേടിക്കൊടുത്തിട്ടുണ്ട്, എന്നാല്‍ തന്റെ ശ്രമങ്ങള്‍ അംഗീകാരമല്ല, ലക്ഷ്യത്താല്‍ നയിക്കപ്പെടുന്നുവെന്ന് അദ്ദേഹം തറപ്പിച്ചുപറയുന്നു. സാമ്പത്തിക ഞെരുക്കം കാരണം ഓരോ വര്‍ഷവും 30 കുട്ടികളെ മാത്രമാണ് ഇപ്പോള്‍ പോറ്റാന്‍ കഴിയുന്നത്.