ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ കൗമാരക്കാരായ മൂന്ന് സഹോദരിമാര്‍ ഫ്‌ളാറ്റിന്റെ ഒന്‍പതാം നിലയില്‍നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തില്‍ അടിമുടി ദുരൂഹത. മൊബൈല്‍ ഫോണ്‍ ഗെയിമിന് അടിമകളായ കുട്ടികള്‍, ഫോണ്‍ വാങ്ങിവച്ചതിനേത്തുടര്‍ന്ന് ജീവനൊടുക്കുകയായിരുന്നെന്നാണ് പിതാവിന്റെ മൊഴി. എന്നാല്‍, ഇയാള്‍ മൂന്ന് വിവാഹം കഴിച്ചിരുന്നതായും 2018-ല്‍ ഭാര്യാസഹോദരി സമാനമായ രീതിയില്‍ ബാല്‍ക്കണിയില്‍നിന്ന് വീണ് മരിച്ചതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. മൂന്ന് ഭാര്യമാരിലായി ജനിച്ച അഞ്ച് മക്കളും ഫ്‌ളാറ്റില്‍ ഒരേ മുറിയിലാണ് കഴിഞ്ഞിരുന്നത്.
കഴിഞ്ഞ അഞ്ചിനാണ് സഹോദരിമാരായ നിഷിക (16), പ്രാചി (14), പാഖി (12) എന്നിവരെ ഗാസിയാബാദ്, ഭാരത് സിറ്റിയിലെ ഫ്‌ളാറ്റിന്റെ ഒന്‍പതാം നിലയില്‍നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കുട്ടികള്‍ കൊറിയന്‍ ഗെയിമുകള്‍ക്ക് അടിമയായിരുന്നെന്നും മൊബൈല്‍ ഫോണ്‍ വാങ്ങിവച്ചതിനേത്തുടര്‍ന്ന് ജീവനൊടുക്കിയെന്നുമാണ് പിതാവ് ചേതന്‍ കുമാര്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍, തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളെ ചൂഴ്‌ന്ന് വന്‍ദുരൂഹതകളുള്ളതായി കണ്ടെത്തി.
സ്‌റ്റോക്ക് ബ്രോക്കറായ ചേതന്‍ കുമാറിന് മൂന്ന് ഭാര്യമാരുണ്ട്. ഇവരില്‍ ആദ്യഭാര്യ സുജാതയും രണ്ടാംഭാര്യ ഹിനയും സഹോദരിമാരാണ്. മൂന്നാംഭാര്യ ടിന ഇസ്ലാം മതത്തില്‍നിന്ന് ഹിന്ദു മതത്തിലേക്കു പരിവര്‍ത്തനം ചെയ്‌തതാണ്. 2010-ല്‍ സുജാതയേയും 2013-ല്‍ ഹിനയേയും 2023-ല്‍ ടിനയേയും വിവാഹം കഴിച്ചു. ആദ്യഭാര്യയില്‍നിന്നു വിവാഹമോചനം നേടാതെയാണ് മറ്റ് രണ്ടുപേരെയും വിവാഹം കഴിച്ചത്.
സുജാത ഗര്‍ഭിണിയാകാത്തതിനാലാണ് ഹിനയെ വിവാഹം കഴിച്ചതെന്നാണ് ചേതന്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍, മരിച്ച കുട്ടികളില്‍ മൂത്തവളായ നിഷിക, ചേതന് സുജാതയിലുണ്ടായ മകളാണ്. ഇരുവര്‍ക്കും മാനസികവെല്ലുവിളി നേരിടുന്ന ഒരു മകന്‍ കൂടിയുണ്ട്.
ടിനയെ വിവാഹം കഴിച്ച വിവരം ഇയാള്‍ തുടക്കത്തില്‍ പോലീസില്‍നിന്നു മറച്ചുവച്ചു. രണ്ടാംഭാര്യ ഹിനയില്‍ ചേതനുണ്ടായ മക്കളാണ് നിഷികയ്‌ക്കൊപ്പം ദുരൂഹസാഹചര്യത്തില്‍ മരിച്ച പ്രാചിയും പാഖിയും. ടിന(22)യില്‍ ചേതന് മൂന്ന് വയസുള്ള മകളുണ്ട്.
പിതാവ് കടക്കെണിയില്‍; മക്കളെ സ്‌കൂളില്‍ വിട്ടില്ല
മരിച്ച പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വീഴ്ചയില്‍ തലയ്‌ക്കേറ്റ പരുക്കാണ് മരണകാരണം. കുട്ടികള്‍ ഉപയോഗിച്ചിരുന്ന ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ഇവയില്‍ ഒന്ന് സംഭവത്തിനു 15 ദിവസം മുമ്പ് ചേതന്‍ വിറ്റിരുന്നു.
സുജാതയുടെയും ഹിനയുടെയും സഹോദരി 2018-ല്‍ ഇവരെ കാണാനെത്തിയപ്പോള്‍ ബാല്‍ക്കണിയില്‍നിന്ന് വീണ് മരിച്ച സംഭവം അപകടമരണമെന്ന നിഗമനത്തിലായിരുന്നു പോലീസ്. കുടുംബാംഗങ്ങളിലാരും ഈ മരണത്തെപ്പറ്റി പരാതിപ്പെട്ടിരുന്നില്ല.
ചേതന്‍ കുമാറിന് നിലവില്‍ രണ്ടുകോടി രൂപയുടെ കടമുണ്ടെന്ന് പോലീസ് പറഞ്ഞു. കുട്ടികളുടെ മൊബൈല്‍ ഫോണ്‍ വിറ്റ് വൈദ്യുതി ചാര്‍ജ് അടയ്ക്കുന്ന അവസ്ഥയിലെത്തിയിരുന്നു. കോവിഡ് കാലത്തിനുശേഷം ചേതന്‍ കുമാര്‍ മക്കളെ സ്‌കൂളില്‍ വിട്ടിട്ടില്ല. കനത്ത സാമ്പത്തികബാധ്യതയാണ് കാരണമായി പറഞ്ഞിരുന്നത്.




