21 വയസ്സുള്ള ഭിന്നശേഷിക്കാരിയെ റോഡിലൂടെ ബൈക്കില്‍ ചേസ് ചെയ്ത് പിടികൂടി കൂട്ടബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ ബൽറാംപൂരിൽ ആണ് ദാരുണസംഭവം. ആളൊഴിഞ്ഞ റോഡില്‍ പിന്നാലെവരുന്ന അക്രമികളില്‍ നിന്നും രക്ഷപ്പെടാനായി ഓടുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വസതികളിൽ നിന്ന് വെറും ഒരു കിലോമീറ്റർ മാത്രം അകലെയാണ് ഈ ക്രൂരത നടന്നത്. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ ഏറ്റുമുട്ടലിലൂടെ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം . അമ്മാവന്റെ വീട്ടില്‍നിന്നും ഒരു കിലോമീറ്റര്‍ അപ്പുറത്തുള്ള സ്വന്തം വീട്ടിലേക്ക് റോഡലൂടെ നടന്നുവരികയായിരുന്നു പെണ്‍കുട്ടി. ആളൊഴിഞ്ഞ റോഡില്‍ ഒരു സംഘം മൂന്നു ബൈക്കുകളിലായി പെണ്‍കുട്ടിയെ പിന്തുടരുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പെണ്‍കുട്ടി സര്‍വശക്തിയുമെടുത്ത് ഓടി രക്ഷപ്പെടുവാനായി ശ്രമിച്ചെങ്കിലും ഒരു ബൈക്ക് വട്ടംവച്ച് പെണ്‍കുട്ടിയെ പിടികൂടുകയായിരുന്നു. പിന്നീട് വിജനമായ ഒരു വയലിലേയ്ക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തു. കൂട്ടബലാത്സംഗമാണ് നടന്നതെന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കി.
പോലീസ് സൂപ്രണ്ടിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ ആണ് പെണ്‍കുട്ടിയുടേയും പ്രതികളുടേയും ദൃശ്യങ്ങള്‍ പതിഞ്ഞത്, ആളൊഴിഞ്ഞ റോഡിലൂടെ യുവതി ഓടുന്നതും പിന്നോട്ട് നോക്കുന്നതും കാണാം. മൂന്നോ നാലോ ബൈക്കുകളിലായി ഒരു സംഘം പുരുഷന്മാർ അവളെ പിന്തുടരുന്നതും വ്യക്തം.
ഏറെ നേരമായിട്ടും യുവതി വീട്ടിൽ തിരിച്ചെത്താതിരുന്നതോടെ കുടുംബാംഗങ്ങൾ പരിഭ്രാന്തരായി തിരച്ചില്‍ ആരംഭിച്ചു. പിന്നാലെ ഒരു പോലീസ് പോസ്റ്റിന് സമീപത്തെ കുറ്റിക്കാട്ടിൽ പെണ്‍കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ബോധം വീണ്ടുകിട്ടിയപ്പോൾ, ബൈക്കിലെത്തിയവർ തന്നെ കൂട്ടബലാത്സംഗം ചെയ്തുവെന്ന് അതിജീവിത പറഞ്ഞു.
അതിജീവിത ജില്ലാ വനിതാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെടെ സഹോദരൻ സഹോദരിയെക്കുറിച്ച് പോലീസിൽ അറിയിക്കുകയും ആളെ കാണാനില്ലെന്ന് പരാതി നൽകുകയും ചെയ്തതിനെത്തുടർന്ന്, പോലീസ് അന്വേഷണം ആരംഭിക്കുകയും 24 മണിക്കൂറിനുള്ളിൽ രണ്ട് പ്രതികളായ അങ്കുർ വർമ്മ, ഹർഷിത് പാണ്ഡെ എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. “ഏറ്റുമുട്ടലിൽ പരിക്കേറ്റ രണ്ട് പ്രതികൾളും ഇപ്പോൾ ചികിത്സയിലാണ്. അവർ കുറ്റം സമ്മതിച്ചു,” പോലീസ് സൂപ്രണ്ട് വികാഷ് കുമാർ പറഞ്ഞു.




