Sports

ക്രിക്കറ്റ് ഇതിഹാസങ്ങളെ പിന്നിലാക്കി ഡേവിഡ് വാര്‍ണര്‍; ലോകകപ്പില്‍ മറ്റൊരു റെക്കോഡ് കൂടി പിറന്നു

ലോകകപ്പിലെ ഇന്ത്യാ ഓസ്‌ട്രേലിയ ആവേശകരമായ മത്സരത്തില്‍, ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ഏകദിന ലോകകപ്പ് ചരിത്രത്തില്‍ പേരെഴുതി. ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന കളിക്കാരനായി ഇന്ത്യന്‍ മുന്‍ താരം സച്ചിന്‍ തെന്‍ഡുല്‍ക്കറിനെയാണ് മറികടന്നത്.

ഒക്ടോബര്‍ 8 ഞായറാഴ്ച നടന്ന മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പന്ത് ബൗണ്ടറിക്ക് പായിച്ചതോടെ വാര്‍ണര്‍ ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. വെറും 19 ഇന്നിംഗ്സുകളില്‍ നിന്നും ഈ നേട്ടം കൈവരിക്കാന്‍ വാര്‍ണര്‍ക്കായി. ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെയും എബി ഡിവില്ലിയേഴ്സിന്റെയും റെക്കോര്‍ഡുകള്‍ മറികടക്കുകയും ചെയ്തു, ഇരുവരും 20 ഇന്നിംഗ്സുകളില്‍ ഈ നാഴികക്കല്ല് നേടിയിട്ടുണ്ട്. ഈ നാഴികക്കല്ലിലെത്താന്‍ വാര്‍ണര്‍ക്ക് വെറും എട്ടു റണ്‍സ് മതിയായിരുന്നു.

അതേസമയം, ഇന്ത്യയുടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് ഈ മത്സരത്തില്‍ തന്നെ ഓസ്ട്രേലിയന്‍ ഓപ്പണറെ പിന്നിലാക്കാന്‍ അവസരം ഉണ്ടായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ 22 റണ്‍സ് സ്‌കോര്‍ ചെയ്താല്‍ മതിയായിരുന്നു. എന്നാല്‍ റണ്‍സ് എടുക്കും മുമ്പ് രോഹിത് ശര്‍മ്മ പുറത്തായി. അതേസമയം മത്സരത്തില്‍ ഇന്ത്യയെ നയിച്ചതോടെ ലോകകപ്പില്‍ ടീമിനെ നയിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായിട്ടാണ് രോഹിത് മാറിയത്. 36 വയസ്സ് തികഞ്ഞ ശേഷമാണ് രോഹിത് ടീമിനെ നയിക്കുന്നത്.

ഈ മത്സരത്തില്‍ മറ്റൊരു പ്രത്യേകത ഉണ്ടായിരുന്നത് ഇന്ത്യയുടെ മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ പൂജ്യത്തിന് പുറത്തായതാണ്. ഓപ്പണര്‍ രോഹിതിനൊപ്പം ഇഷാന്‍ കിഷനും ശ്രേയാസ് അയ്യരും പൂജ്യത്തിന് പുറത്താകുകയായിരുന്നു. എന്നാല്‍ വിരാട് കോഹ്ലിയും കെ.എല്‍. രാഹുലും അര്‍ദ്ധശതകം നേടി ടീമിനെ മുമ്പോട്ട് നയിച്ചു.