നടുറോഡില്‍, ഓടുന്ന ബൈക്കിൽ തനിക്കഭിമുഖമായി യുവതി പെട്രോള്‍ ടാങ്കില്‍ തിരിച്ചിരുത്തി സിനിമാ സ്റ്റൈലിൽ പ്രണയിക്കുന്ന യുവദമ്പതികളുടെ ദൃശ്യങ്ങൾ വാർത്തകളിൽ ഇടം നേടി . അപകടകരമായ സാഹസികതയോടെ ബൈക്കിൽ ഇരുവരും പ്രണയിക്കുന്നതിന്റെ ദൃശ്യങ്ങൾ വഴിയാത്രക്കാരൻ മൊബൈലിൽ പകർത്തിയിരുന്നു. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
വീഡിയോയിൽ, യുവതി ബൈക്കിന്റെ ടാങ്കിൽ ഇരുന്ന്, ബൈക്ക് അതിവേഗത്തിൽ ഓടിക്കുന്ന പങ്കാളിയെ മുറുകെ കെട്ടിപ്പിടിച്ചിരിക്കുന്നത് കാണാം. വീഡിയോ ശ്രദ്ധയിൽപ്പെട്ട അജ്മീർ പോലീസ് സംഭവത്തിൽ കേസെടുക്കുകയും, ദൃശ്യങ്ങളുടെ സഹായത്തോടെ ദമ്പതികളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങുകയും ചെയ്തു. സെപ്റ്റംബർ 25 വ്യാഴാഴ്ച രാത്രിയിൽ, അജ്മീർ തെരുവിലൂടെ കടന്നുപോയ വഴിയാത്രക്കാർക്കാണ് അസാധാരണമായ ഈ കാഴ്ച കാണേണ്ടി വന്നത്. അതിവേഗത്തിൽ പോകുന്ന ബൈക്കിൽ ദമ്പതികൾ സിനിമാ സ്റ്റൈലിൽ പ്രണയിക്കുകയായിരുന്നു. യുവതി ബൈക്കിന്റെ ടാങ്കിൽ, പങ്കാളിക്ക് അഭിമുഖമായി ഇരുന്ന് അയാളെ കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങളാണ് വഴിയാത്രക്കാരൻ പകർത്തിയത്.
ബൈക്ക് ഓടിക്കുന്നയാൾ ഹെൽമെറ്റ് ധരിച്ചിട്ടുണ്ടെങ്കിലും, അമിത വേഗതയിൽ ബൈക്ക് ഓടിക്കുന്നത് ഇരുവരുടെയും ജീവന് ഭീഷണിയാകാൻ സാധ്യതയുണ്ടായിരുന്നു. വൈറലായ വീഡിയോ @ncrpatrika എന്ന അക്കൗണ്ട് പങ്കുവെച്ചതിന് പിന്നാലെ, പോലീസ് പ്രതികരിക്കുകയും വിഷയം ഗൗരവമായി എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഗോരഖ്പൂരിലും സമാന സംഭവം
ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നിന്നും ഓടുന്ന ബൈക്കിൽ പരസ്പരം കെട്ടിപ്പിടിച്ചിരിക്കുന്ന യുവ ദമ്പതികളുടെ സമാനമായ ഒരു വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.
ബൈക്കിൽ സഞ്ചരിക്കുമ്പോൾ ഇരുവരും പ്രണയചേഷ്ടകളില്‍ ഏർപ്പെടുന്നതും ഗതാഗത നിയമങ്ങൾ ലംഘിക്കുന്നതും വീഡിയോയിൽ കാണാം. ഈ വീഡിയോയിലും, യുവാവ് ബൈക്ക് ഓടിക്കുമ്പോൾ യുവതി ടാങ്കിൽ അവനെ കെട്ടിപ്പിടിച്ച് ഇരിക്കുകയായിരുന്നു.




