ലിസ്‌ബണ്‍: നാല്‍പ്പതാം വയസിലും ലോകഫുട്‌ബോളില്‍ റെക്കോഡ് പ്രകടനവുമായി പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ. ഹംഗറിക്കെതിരേ ദേശീയ ജഴ്‌സിയില്‍ ഇരട്ടഗോളടിച്ച റൊണാള്‍ഡോ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന നേട്ടം കുറിച്ചു.
റോണോ സ്‌കോര്‍ ചെയ്‌തെങ്കിലും മത്സരം സമനിലയില്‍ അവസാനിച്ചതോടെ അടുത്തവര്‍ഷത്തെ ലോകകപ്പ് അവസാന റൗണ്ടിലെത്താനുള്ള പോര്‍ച്ചുഗലിന്റെ കാത്തിരിപ്പ് നീണ്ടു. ശേഷിക്കുന്ന രണ്ടു മത്സരങ്ങളുടെ ഫലം ആശ്രയിച്ചാകും പോര്‍ച്ചുഗലിന്റെ ഫൈനല്‍ റൗണ്ട് പ്രവേശം.
ഹംഗറിക്കെതിരേ ആദ്യപകുതിയിലായിരുന്നു ക്രിസ്‌റ്റ്യാനോ റെക്കോഡ് പുസ്‌തകത്തില്‍ ഇടംനേടിയത്. ആദ്യപകുതിയുടെ 23-ാം മിനിറ്റില്‍ ആദ്യ ഗോളടിച്ച താരം ഇന്‍ജുറി സമയത്തിന്റെ മൂന്നാം മിനിറ്റിലും സ്‌കോര്‍ ചെയ്‌തു. ഇതോടെ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ 50 കളിയില്‍ റൊണാള്‍ഡോയുടെ ആകെ ഗോള്‍ നേട്ടം 41 ആയി.
ഗ്വാട്ടിമാലയുടെ കാര്‍ലോസ് റൂയിസിന്റെ 39 ഗോളുകളെന്ന റെക്കോഡ് ഇതോടെ റൊണാള്‍ഡോയുടെ പേരിലായി. ക്ലബ്, ദേശീയ ജഴ്‌സികളില്‍ റൊണാള്‍ഡോയുടെ ആകെ ഗോള്‍നേട്ടം 948 ആയി ഉയരുകയും ചെയ്‌തു.
ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ ഗോള്‍വേട്ടക്കാരില്‍ കാര്‍ലോസ് റൂയിസിനു പിന്നില്‍ മൂന്നാമത് അര്‍ജന്റീനാ സൂപ്പര്‍താരം ലയണല്‍ മെസിയാണ്. 36 ഗോളുകളാണ് മെസിയുടെ അക്കൗണ്ടിലുള്ളത്. ഇറാന്റെ അലി ദേയ് 35 ഗോളുമായി നാലാമതുള്ളപ്പോള്‍ പോളണ്ടിന്റെ ഗോളടിയന്ത്രം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്കി 33 ഗോളുമായി അഞ്ചാമതുണ്ട്.
ഹംഗറിക്കെതിരായ പോരാട്ടത്തില്‍ ഒരു ഗോളിനു പിന്നിലായശേഷം പോര്‍ച്ചുഗല്‍ റൊണാള്‍ഡോയുടെ ഗോളുകളില്‍ ആദ്യപകുതിയില്‍ 2-1 ന് മുന്നിലെത്തി. എട്ടാം മിനിറ്റില്‍ അറ്റില സല ഹംഗറിയെ മുന്നിലെത്തിച്ചശേഷമായിരുന്നു റൊണാള്‍ഡോയുടെ റെക്കോഡ് പ്രകടനം. മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകളള്‍ മാത്രമുള്ളപ്പോള്‍ ലിവര്‍പൂള്‍ താരം ഡൊമിനിക് സ്‌ബോസ്ല നേടിയ ഗോളിലാണ് ഹംഗറി തോല്‍വിയില്‍നിന്നു രക്ഷപ്പെട്ടത്. 91-ാം മിനിറ്റിലായിരുന്നു ഹംഗറിയുടെ സമനില ഗോള്‍.
സമനില പിണഞ്ഞെങ്കിലും നാലു കളിയില്‍ 10 പോയിന്റുമായി ഗ്രൂപ്പില്‍ പോര്‍ച്ചുഗലാണ് മുന്നില്‍. അഞ്ചൂപോയിന്റുമായി ഹംഗറി രണ്ടാമതുണ്ട്. അയര്‍ലന്‍ഡ്, അര്‍മേനിയ ടീമുകള്‍ക്കെതിരേയാണ് പോര്‍ച്ചുഗലിന് ഇനി ശേഷിക്കുന്ന മത്സരങ്ങള്‍.
ലാത്‌വിയയെ എതിരില്ലാത്ത അഞ്ചുഗോളിന് തകര്‍ത്ത് ഇംഗ്ലണ്ട് യുറോപ്പില്‍നിന്ന് ലോകകപ്പ് യോഗ്യത നേടുന്ന ആദ്യ ടീമായി. ക്യാപ്‌റ്റന്‍ ഹാരി കെയ്‌ന്‍ ഇരട്ട ഗോളടിച്ചു. ആന്റണി ഗോര്‍ഡന്‍ (26), എബറെച് എസെ (86) എന്നിവരും സ്‌കോര്‍ ചെയ്‌തു. മാക്‌സിം ടോണിസേവ്‌സിന്റെ സെല്‍ഫ് ഗോളും ഇംഗ്ലണ്ടിന്റെ അക്കൗണ്ടിലെത്തി.
മറ്റൊരു മത്സരത്തില്‍ ബള്‍ഗേറിയയെ സ്‌പെയിന്‍ എതിരില്ലാത്ത നാലു ഗോളിനു വീഴ്‌ത്തി. ഇസ്രയേലിനെ 3-0 ന് തോല്‍പ്പിച്ച് കരുത്തരായ ഇറ്റലിയും ലോകകപ്പ് യോഗ്യതാ പ്രതീക്ഷകള്‍ നിലനിര്‍ത്തി. ഇന്നലെ നടന്ന മറ്റു മത്സരങ്ങളില്‍ അയര്‍ലന്‍ഡ് 1-0 ന് അര്‍മേനിയയെയും തുര്‍ക്കി 4-1 ന് ജോര്‍ജിയയെയും സെര്‍ബിയ 3-1 ന് അന്‍ഡോറയെയും കെട്ടുകെട്ടിച്ചു.
ദക്ഷിണാഫ്രിക്ക, ഐവറി കോസ്‌റ്റ്, സെനഗല്‍, ഖത്തര്‍, സൗദി അറേബ്യ ടീമുകളും അടുത്തവര്‍ഷത്തെ ലോകകപ്പിനു നേരിട്ടു യോഗ്യത നേടി.




