ചരിത്രത്തെ ഞെട്ടിച്ച ഒരു കൊലപാതകഥയില്‍ അടുത്തകാലത്ത് ഉണ്ടായത് ഒരു അസാധാരണ ട്വിസ്റ്റ്. തന്റെ ഭാര്യയെ കൊലപ്പെടുത്തിയവരെ കണ്ടെത്തി തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തി പ്രതികാരം ചെയ്‌ത ടെന്നീസിലെ ഒരു ഷെരീഫായിരുന്ന ബൂഫോര്‍ഡ് പസ്സറാണ് കഥാനായകന്‍. അനേകം ഹോളിവുഡ് സിനിമകള്‍ക്ക്പ്രചോദനമായ കഥയിലാണ് ഞെട്ടിക്കുന്ന ട്വിസ്റ്റ് ഉണ്ടായിരിക്കുന്നത്.
1960-കളില്‍ സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടിയയാള്‍ എന്നനിലയില്‍ പ്രശസ്തനായയാളാണ് ബൂഫോര്‍ഡ് പസ്സര്‍. കുറ്റകൃത്യങ്ങളോട് സഹിഷ്ണുതയില്ലാത്ത, കര്‍ക്കശക്കാരനും നീതിമാനുമായ ഷെരീഫ് ആയിരുന്നു. 1967-ല്‍ അദ്ദേഹത്തിന്റെ ഭാര്യ പോളിന്‍ മുള്ളിന്‍സ് പസ്സര്‍ ഒരു ഒളിയിടത്തില്‍ വെച്ച് കൊല്ലപ്പെട്ടതോടെ കഥ തുടങ്ങുന്നത്.
1967 ഓഗസ്റ്റ് 12-ന് പുലര്‍ച്ചെ ലഭിച്ച ഒരു പരാതിയെ തുടര്‍ന്ന് സംഭവസ്ഥലത്തേയ്ക്ക് പസ്സര്‍ പുറപ്പെട്ടു. പോളിനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. യാത്രാമദ്ധ്യേ ഒരു കാറിലെത്തിയവര്‍ അവരെ ആക്രമിച്ചു. ആക്രമണത്തില്‍ പോളിന്‍ കൊല്ലപ്പെട്ടു, പസ്സറിന് താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റു. 18 ദിവസത്തെ ആശുപത്രിവാസത്തിനും നിരവധി ശസ്ത്രക്രിയകള്‍ക്കും ശേഷം അദ്ദേഹം സുഖം പ്രാപിച്ചു, പക്ഷേ ശരീരത്തിലും മനസ്സിലും മുറിപ്പാടുകള്‍ അവശേഷിച്ചു.
ഭാര്യയുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. പിന്നീട് മുന്‍പുള്ളതിനേക്കാള്‍ ശക്തമായി കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടി. ഡിക്സി മാഫിയ നേതാവായ കിര്‍ക്സി നിക്സ് ജൂനിയര്‍ ഉള്‍പ്പെടെയുള്ള ചിലരെ അദ്ദേഹം സംശയിച്ചിരുന്നു, എന്നാല്‍ ആരും പിടിക്കപ്പെട്ടില്ല . പക്ഷേ ഭാര്യയുടെ മരണത്തില്‍ സംശയിക്കപ്പെട്ട കൊലയാളികള്‍ ഒരോരുത്തരായി ദുരൂഹ സാഹചര്യങ്ങളില്‍ മരിച്ചു. ഈ മരണങ്ങളില്‍ പസ്സറിന് പരോക്ഷമായ പങ്കുണ്ടെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
പിന്നീട്, പോളിന്റെ മരണത്തിന് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം, 1974 ഓഗസ്റ്റ് 21-ന് ബൂഫോര്‍ഡ് പസ്സര്‍ ഒരു സിനിമാ സീക്വലില്‍ അഭിനയിക്കാന്‍ കരാര്‍ ഒപ്പിട്ടതിന് ശേഷം മണിക്കൂറുകള്‍ക്കകം ഒരു കാറപകടത്തില്‍പ്പെട്ട് മരണപ്പെട്ടു. പക്ഷ വര്‍ഷങ്ങള്‍ക്ക് ശേഷം കഥയില്‍ ഉണ്ടായിരിക്കുന്ന ട്വിസ്റ്റ് ബുഫോര്‍ഡ് പാസ്റ്റര്‍ തന്നെ സ്വന്തം ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു എന്നും ശത്രുക്കളാണ് അവളെ കൊലപ്പെടുത്തിയതെന്ന് ആളുകളെ വിശ്വസിപ്പിക്കുകയും ആയിരുന്നെന്നുമാണ് ഇപ്പോഴത്തെ കണ്ടെത്തല്‍.
പസ്സറാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന കിംവദന്തികള്‍ വര്‍ഷങ്ങളായി പ്രചാരത്തിലുണ്ടായിരുന്നു. എന്നാല്‍ 2022-ല്‍, പ്രോസിക്യൂട്ടര്‍മാരും ടെന്നസി ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും പോളിന്റെ മരണവുമായി ബന്ധപ്പെട്ട പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഫയല്‍, പഴയ കേസുകളുടെ പുനരവലോകനത്തിന്റെ ഭാഗമായി വീണ്ടും പരിശോധിക്കാന്‍ തുടങ്ങി. ഈ പരിശോധനയ്ക്കിടെ, പസ്സറുടെ വാക്കുകളും തെളിവുകളും തമ്മില്‍ വലിയ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധത്തെക്കുറിച്ച് ലഭിച്ച സൂചനയില്‍ 2024-ല്‍ പോളിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പുറത്തെടുത്തു. ബൂഫോര്‍ഡ് പസ്സറാണ് പോളിന്റെ മരണത്തിന് ഉത്തരവാദിയെന്ന് തെളിയിക്കുന്ന 1,000-ത്തിലധികം പേജുകളുള്ള ഒരു വലിയ ഫയലാണ് വിദഗ്ദ്ധര്‍ തയ്യാറാക്കിയിട്ടുള്ളത്. പോളിന്റെ മരണത്തിനുശേഷം അന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയില്ല. അത് മനഃപൂര്‍വ്വം നടത്തിയ അട്ടിമറിയാണെന്ന് പലരും സംശയിച്ചു .
മക്നൈറി കൗണ്ടിയിലെ ഷെരീഫ് ബൂഫോര്‍ഡ് പസ്സര്‍ ഇന്നും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍, പോളിന്‍ മുള്ളിന്‍സ് പസ്സറെ കൊലപ്പെടുത്തിയതിന് ആവശ്യമായ തെളിവുകള്‍ ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മാര്‍ക്ക് ഡേവിഡ്സണ്‍ വിശ്വസിക്കുന്നു. പുതിയ അന്വേഷണത്തില്‍ പോളിന്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായിരുന്നു എന്നതിനും തെളിവുകള്‍ കണ്ടെത്തി.
ആദ്യ കേസ് പ്രധാനമായും പസ്സറുടെ മൊഴിയെ മാത്രം ആശ്രയിച്ചുള്ളതായിരുന്നു. കുറ്റകൃത്യങ്ങളെ ശക്തമായി എതിര്‍ത്തിരുന്ന ഒരു ഷെരീഫ് സ്വന്തം ഭാര്യയെ കൊലപ്പെടുത്തുമെന്ന് ആരും, പ്രത്യേകിച്ച് നിയമപാലകര്‍, ചിന്തിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ കേസ് വേഗത്തില്‍ അവസാനിപ്പിച്ചു. എന്നാല്‍, പുനഃപരിശോധനയ്ക്കിടെ, മെഡിക്കല്‍ എക്സാമിനറായ ഡോ. മൈക്കിള്‍ റെവെല്‍, പോളിന്റെ പോസ്റ്റ്‌മോര്‍ട്ടം ചിത്രങ്ങളും, ക്രൈം സീന്‍ ചിത്രങ്ങളും, ആദ്യത്തെ മെഡിക്കല്‍ എക്സാമിനര്‍ എഴുതിയ കുറിപ്പുകളും പരിശോധിച്ചു.
അപ്പോള്‍ തെളിവുകള്‍ പൊരുത്തപ്പെടുന്നില്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി. പോളിന്റെ തലയ്‌ക്കേറ്റ പരിക്ക് കാറിന്റെ ഉള്‍ഭാഗത്തെ ക്രൈം സീന്‍ ചിത്രങ്ങളുമായി യോജിക്കുന്നില്ലെന്ന് റെവെല്‍ ചൂണ്ടിക്കാട്ടി. കൂടാതെ, കാറിന് പുറത്ത് ഹുഡിനു മുകളിലുള്ള രക്തക്കറ, പോളിനെ തനിക്കടുത്തുള്ള കാറിനുള്ളില്‍ വെച്ചാണ് വെടിവെച്ചതെന്ന പസ്സറുടെ മൊഴിയുമായി യോജിക്കുന്നില്ല. പസ്സറിന്റെ സ്വന്തം മുറിവുകള്‍, പ്രത്യേകിച്ച് കവിളിലെ വെടിയേറ്റ മുറിവ്, ദീര്‍ഘദൂരത്തുനിന്നുള്ളതല്ലെന്നും കണ്ടെത്തി.
വാസ്തവത്തില്‍, കവിളിലെ മുറിവ് വളരെ അടുത്തുവെച്ച് സംഭവിച്ചതാണ്, അത് സ്വയം വരുത്തിയതാകാനാണ് സാധ്യത. പോളിന്‍ കാറിന് പുറത്തുവെച്ചാണ് വെടിയേറ്റതതെന്നും, പിന്നീട് മൃതദേഹം കാറിനുള്ളില്‍ വെച്ചതാണെന്നും റെവെല്ലിന്റെ പുനഃപരിശോധനയില്‍ കണ്ടെത്തി. പോളിന്റെ മരണത്തിന് മുന്‍പ് ഭേദമായ ഒരു മൂക്കിലെ ഒടിവും കണ്ടെത്തി. ഇത്, അവളെ അറിയുന്നവരുടെ മൊഴികളോടൊപ്പം, പോളിന്‍ ഗാര്‍ഹിക പീഡനത്തിനിരയായിരുന്നു എന്ന നിഗമനത്തെ പിന്തുണയ്ക്കുന്നു.
പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍, ബൂഫോര്‍ഡ് പസ്സര്‍ ഭാര്യയെ ഉപദ്രവിക്കുകയും, പിന്നീട് കൊലപ്പെടുത്തുകയും ചെയ്ത ശേഷം, താനൊരു പ്രതികാരദാഹിയായ നായകനാണെന്ന് പൊതുജനങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചതായിട്ടാണ് പുറത്തുവരുന്ന വിവരം. 58 വര്‍ഷങ്ങള്‍ക്ക് ശേഷം നീതിയുടെ കാവലാളായി കരുതിയിരുന്ന പസ്സര്‍ യഥാര്‍ത്ഥ വില്ലനാണെന്ന് തെളിഞ്ഞിരിക്കുകയാണ്.




