Sports

സംസ്‌ക്കാരം താറുമാറാക്കും ; ഇറ്റലിയിലെ ഒരു നഗരസഭ ക്രിക്കറ്റുകളി നിരോധിച്ചു…!

ശക്തമായ കുടിയേറ്റ ഇസ്‌ളാമിക വിരുദ്ധതയുടെ ഭാഗമായി നഗരത്തില്‍ ക്രിക്കറ്റ് കളി നിരോധിച്ച ഇറ്റാലിയന്‍ മേയറുടെ നടപടി വിവാദമാകുന്നു. സംസ്‌ക്കാരത്തെ അപകടത്തിലാക്കുന്നു എന്ന പേരില്‍ ഇറ്റലിയിലെ മോണ്‍ഫാല്‍കോണ്‍ നഗരത്തിലെ മേയര്‍ അന്ന മരി സിസെന്റയാണ് ക്രിക്കറ്റ് നിരോധിച്ചിരിക്കുന്നത്. നിരോധനം മറികടന്ന് കളിക്കാന്‍ നോക്കിയാല്‍ 100 യൂറോ പിഴയും പ്രഖ്യാപിച്ചു.

30,000-ത്തിലധികം ആളുകള്‍ താമസിക്കുന്ന നഗരത്തിലെ താമസക്കാരില്‍ മൂന്നിലൊന്നും വിദേശികളും ഭൂരിഭാഗവും ബംഗ്ലാദേശി മുസ്ലീങ്ങളുമാണ്. യൂറോപ്പിലെ ഏറ്റവും വലിയ കപ്പല്‍നിര്‍മ്മാണശാല കൂടിയായ ഇവിടെ ക്രൂയിസ് കപ്പലുകള്‍ നിര്‍മ്മിക്കാന്‍ 1990 കളില്‍ നഗരത്തിലെത്തിയ ബംഗ്‌ളാദേശികളാണ് ഭൂരിഭാഗവും. ഇതോടെ അന്നയുടെ കുടിയേറ്റവിരുദ്ധ വികാരം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.

തന്റെ നിലപാടുകളുടെ പേരില്‍ സിസിന് നേരെ നേരത്തേ വധഭീഷണി വരെ ഉയര്‍ന്നിട്ടുണ്ട്. നഗരം കുടിയേറ്റ തൊഴിലാളികള്‍ ഇസ്‌ളാമികവല്‍ക്കരിക്കുന്നു. അതില്‍ നിന്നും ക്രിസ്ത്യന്‍ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് പറഞ്ഞാണ് മേയര്‍ അന്ന മരിയ സിസിന്റ് നിരോധനം കൊണ്ടുവന്നത്. നേരത്തേ ബംഗ്ലാദേശികള്‍ ഇരിക്കാന്‍ ഉപയോഗിച്ചിരുന്ന ടൗണ്‍ സ്‌ക്വയറിലെ ബെഞ്ചുകള്‍ അവര്‍ നീക്കം ചെയ്തിരുന്നു.

കടല്‍ത്തീരത്ത് മുസ്ലീം സ്ത്രീകളുടെ വസ്ത്രധാരണവും ഇവര്‍ നേരത്തേ വിമര്‍ശിച്ചിരുന്നു. പട്ടണത്തിലെ മുസ്ലീങ്ങള്‍ക്കെതിരെ അന്ന മരിയ സിസിന്റ് സ്വീകരിച്ച മറ്റ് നടപടികള്‍ കോളിളക്കം സൃഷ്ടിച്ചു. ബംഗ്ലാദേശി മുസ്ലീം സമൂഹത്തിന്റെ ജീവിതരീതി തദ്ദേശീയരായ ഇറ്റലിക്കാരുടെ ജീവിതവുമായി ‘പൊരുത്തമില്ലാത്ത’താണെന്ന് അവര്‍ വിശ്വസിക്കുന്നു.

നഗര ആസൂത്രണ ചട്ടങ്ങള്‍ ഉദ്ധരിച്ച്, നേരത്തേ രണ്ട് ഇസ്ലാമിക കേന്ദ്രങ്ങളില്‍ കൂട്ടായ പ്രാര്‍ത്ഥനകള്‍ അവര്‍ നിരോധിച്ചിരുന്നു. ‘ ദിവസത്തില്‍ അഞ്ച് തവണ ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കുന്നു, ചിലപ്പോള്‍ രാത്രിയില്‍ പോലും. പ്രാര്‍ത്ഥനയ്ക്കായി ചിലപ്പോള്‍ 1,900 ആളുകള്‍ വരെ ഒരു കെട്ടിടത്തില്‍ നിറഞ്ഞിരിക്കുന്നു. ഇത് പ്രദേശവാസികളോട് കാട്ടുന്ന അനീതിയാണെന്ന് അവര്‍ നേരത്തേ പറഞ്ഞു.

അതേസമയം ക്രിക്കറ്റ് പന്തുകള്‍ അപകടകരമാണെന്നും പരിക്കിന് കാരണമാകുമെന്നും കൂടാതെ ക്രിക്കറ്റ് കളിക്കാനുള്ള ഒരു പിച്ച് നിര്‍മ്മിക്കാന്‍ സ്ഥലമോ പണമോ ഇല്ലെന്നും മേയര്‍ കൂട്ടിച്ചേര്‍ക്കുന്നു. ബംഗ്ലാദേശികള്‍ക്ക് അവരുടെ ദേശീയ കായികവിനോദം കളിക്കാനുള്ള അവകാശം അനുവദിക്കാന്‍ തയ്യാറല്ലെന്നും ക്രിക്കറ്റ് സമൂഹത്തിന് ഒരു ഗുണവും നല്‍കുന്നതല്ലെന്നുമാണ് അന്നയുടെ നിലപാട്.

അതുപോലെ യൂറോപ്പിലെ ഏറ്റവും വലിയ കപ്പല്‍ശാലയായ ഫിന്‍കാന്റിയറിയില്‍ പണിയെടുക്കുന്നത് കൂടുതലും ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും കമ്പനി അവര്‍ക്ക് ഇറ്റലിയിലെ വിപണി നിലവാരത്തേക്കാള്‍ കുറഞ്ഞ ശമ്പളമാണ് നല്‍കുന്നതെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. എന്നിരുന്നാലും, ശമ്പളവും കരാറുകാരും ഇറ്റാലിയന്‍ നിയമപ്രകാരമാണെന്ന് കപ്പല്‍ശാലയുടെ ഡയറക്ടര്‍ ക്രിസ്റ്റ്യാനോ ബസാറ പറഞ്ഞു. കപ്പല്‍ശാലകളില്‍ ജോലി ചെയ്യാന്‍ യൂറോപ്പില്‍ ആളുകളെ കണ്ടെത്തുക പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.