തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിലെ അതിജീവിതയെ തിരിച്ചറിയുന്ന തരത്തില്‍ പോസ്റ്റിട്ട രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. ജാമ്യാപേക്ഷ വഞ്ചിയൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പരിഗണിച്ചത്. രാഹുലിന് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. രാഹുലിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കുറ്റം നിസാരമായി കാണാന്‍ കഴിയില്ലെന്ന് കോടതി വിലയിരുത്തി. ലൈംഗികച്ചുവയോടെ അതിജീവിതയെ അധിക്ഷേപിച്ചെന്ന കുറ്റത്തില്‍ കഴമ്പുണ്ട്. പ്രഥമദൃഷ്ട്യാകുറ്റം നിലനില്‍ക്കുമെന്നും കോടതി വിലയിരുത്തി.
രാഹുല്‍ ഈശ്വര്‍ സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. ജാമ്യം നല്‍കിയാല്‍ കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പ്രതിക്കെതിരെ മ്യൂസിയം പൊലീസ് സ്‌റ്റേഷനിലും എറണാകുളം സിറ്റി പൊലീസ് സ്റ്റേഷനിലും അടക്കം കേസുകളുണ്ട്. പ്രതി നിരന്തരം സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തിയാണ്. അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ്. കേസില്‍ തുടരന്വേഷണം ആവശ്യമുണ്ട്. പ്രതി ഒളിവില്‍ പോകാനുള്ള സാധ്യയുണ്ട്. പ്രതി കുറ്റം ചെയ്യുന്നതില്‍ മറ്റ് ഇലക്ട്രോണിക് ഡിവൈസ് ഉപയോഗിച്ചോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്. ഇതിന് തുടരന്വേഷണം അനിവാര്യമാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു.
അറസ്റ്റ് നിയമപരമല്ലെന്ന് രാഹുല്‍ ഈശ്വര്‍ കോടതിയില്‍ വാദിച്ചു. നോട്ടീസ് നല്‍കിയത് അറസ്റ്റിനുശേഷമെന്നാണ് രാഹുലിന്‍റെ വാദം. നോട്ടീസ് കൈപ്പറ്റിയില്ലെന്ന് പൊലീസ് വാദിച്ചു. സുപ്രീംകോടതിയുടെ വിധിയുടെ ലംഘനമാണെന്ന വാദമാണ് രാഹുല്‍ ഈശ്വര്‍ കോടതിയില്‍ ഉന്നയിച്ചത്. തനിക്ക് നോട്ടീസ് നൽകിയിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തില്‍ എംഎൽഎയെ അനുകൂലിച്ച് താൻ വീഡിയോ ചെയ്തത് മാത്രമാണ് പ്രകോപനമെന്നും രാഹുല്‍ കോടതിയില്‍ വാദിച്ചു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് വിഡിയോ ചെയ്യുന്നത് നിര്‍ത്തില്ലെന്ന് തെളിവെടുപ്പിനിടെ രാഹുല്‍ ഈശ്വര്‍ പറഞ്ഞു. കള്ളക്കേസ് ആണെന്നും പുരുഷ കമ്മീഷന്‍ വരേണ്ടത് അനിവാര്യമാണെന്നും രാഹുല്‍ ആശുപത്രിയിലേക്ക് പോകും വഴി മാധ്യമങ്ങളോട് പറഞ്ഞു.




