Lifestyle

‘പുറത്തു പോകുമ്പോൾ വാതിൽ പൂട്ടും, സംസാരിക്കാൻ പാടില്ല’; ഭര്‍ത്താവിന് സംശയരോഗം: യുവതിക്ക് വിവാഹമോചനം അനുവദിച്ച് കോടതി

കൊച്ചി: സംശയരോഗിയായ ഭര്‍ത്താവിനൊപ്പം ജീവിക്കാനാകില്ലെന്ന വാദം പരിഗണിച്ച് യുവതിക്കു ഹൈക്കോടതി വിവാഹമോചനം അനുവദിച്ചു. വിവാഹമോചനം നിരസിച്ച കോട്ടയം കുടുംബകോടതി വിധി റദ്ദാക്കിയാണു ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, എം.ബി. സ്‌നേഹലത എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്. 2013ല്‍ വിവാഹിതരായ ദമ്പതികളില്‍ ഭാര്യയാണ് വിവാഹമോചനത്തിനു കുടുംബ കോടതിയെ സമീപിച്ചത്.

കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ തന്നെ ജോലി രാജിവയ്പിച്ച് ഭര്‍ത്താവ് ഗള്‍ഫിലേക്കു കൊണ്ടുപോയെന്നു ഭാര്യ പറയുന്നു. ഭര്‍ത്താവ് ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. അവിടെ ചെന്നപ്പോള്‍ മുതല്‍ സംശയദൃഷ്ടിയോടെയാണ് ഭര്‍ത്താവ് പെരുമാറിയത്. പുറത്തുപോകുമ്പോള്‍ വാതില്‍ പൂട്ടി പോകുന്നു, തന്റെ സാന്നിധ്യത്തിലല്ലാതെ ആരോടും സംസാരിക്കരുത്, ടിവി കാണാന്‍ സമ്മതമില്ല, ജോലിക്കു വിടില്ല തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഹര്‍ജിയില്‍ യുവതി ചൂണ്ടിക്കാട്ടി. ശാരീരികമായി ഉപദ്രവിച്ചിരുന്നെന്നും ഹര്‍ജിയില്‍ പറയുന്നു.

ഭാര്യയുടെ മാതാപിതാക്കളോടും മോശമായി പെരുമാറിയെന്നും ഭര്‍ത്താവ് ഏറെത്തവണ കൗണ്‍സിലിങ്ങിനു വിധേയനായെങ്കിലും സ്വഭാവത്തില്‍ മാറ്റം വരുത്തിയില്ലെന്നും ചൂണ്ടിക്കാട്ടിയാണു യുവതി വിവാഹമോചനത്തിന് അപേക്ഷിച്ചത്. എന്നാല്‍, ഭര്‍ത്താവ് ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചു. തുടര്‍ന്നാണ് കുടുംബ കോടതി വിവാഹമോചനം നിരസിച്ചത്. ഇതിനെതിരേ ഭാര്യ ഹൈക്കോടതിയെ സമീപിച്ചു. ഭാര്യയോടു കാണിച്ചുവെന്നു പറയുന്ന ക്രൂരതകള്‍ അത്ര വലിയ കാര്യമല്ലെന്നും സാധാരണ കുടുംബജീവിതത്തില്‍ ഉണ്ടാകുന്ന കാര്യങ്ങള്‍മാത്രമേയുള്ളുവെന്നും ഭര്‍ത്താവ് വാദിച്ചു. എന്നാല്‍, സംശയരോഗിയായ ഭര്‍ത്താവ് വിവാഹ ജീവിതം നരകതുല്യമാക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു. ‘ഭര്‍ത്താവില്‍നിന്ന് ഇത്തരത്തിലുള്ള ക്രൂരതകള്‍ നേരിടുന്ന ഒരു സ്ത്രീക്ക് അതിനെല്ലാം തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചെന്നു വരില്ല.

അതിന്റെ പേരില്‍ അവരുടെ വാദം കേട്ടില്ലെന്നു നടിക്കാനും കഴിയില്ല. ഇത്തരത്തില്‍ പെരുമാറുന്ന ഒരു ഭര്‍ത്താവിനൊപ്പം ഭാര്യ തുടര്‍ന്നും ജീവിക്കണമെന്നു പറയാന്‍ ഒരു സാഹചര്യവുമില്ല. വിവാഹമോചനത്തിലൂടെ ആത്മാഭിമാനത്തോടും സ്വാതന്ത്ര്യത്തോടുംകൂടി ജീവിക്കാന്‍ ആ ഭാര്യക്ക് എല്ലാ അവകാശവുമുണ്ട്’-കോടതി വ്യക്തമാക്കി.