Healthy Food

വലുപ്പം ഉപ്പുതരിയോളം; ലോകത്തെ ഏറ്റവും ചെറിയ പഴം; പ്രോട്ടീന്‍ കലവറ, ഭാവിയിലെ ‘സൂപ്പര്‍ഫുഡ്’

ഭക്ഷണക്രമത്തില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തുന്നവരാണ നമ്മളെല്ലാം. നമ്മുടെ പറമ്പുകളില്‍ വിളയുന്ന പഴങ്ങള്‍ക്കൊപ്പം തന്നെ വിപണിയില്‍ കിട്ടുന്ന സീസണല്‍ പഴങ്ങളും നമ്മള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തും. എന്നാല്‍ ലോകത്തെ ഏറ്റവും ചെറിയ പഴത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ?. അതാണ് വൊള്‍ഫിയ ഗ്ലോബോസ. പ്രോട്ടീന്റെ മികച്ച ഒരു സ്രോതസ്സായ ഈ പഴം ഡക്ക്വീഡ് എന്നയിനത്തിലുള്ള ജലസസ്യത്തിലാണ് ഉണ്ടാകുന്നത്.

വാട്ടര്‍മീല്‍ എന്നും വോള്‍ഫിയ ഗ്ലോബോസ അറിയപ്പെടുന്നു. ഒരു മില്ലിമീറ്ററിന്റെ മൂന്നിലൊന്നോളം മാത്രമാണ് ഈ പഴത്തിന്റെ വലുപ്പം. ഒരു ഉപ്പുതരിയുടെ അത്രയും മാത്രം വലുപ്പമാണ് ഇതിനുള്ളത്. ഡക്ക്വീഡ് പ്ലാന്റുകള്‍ക്ക് കേവലം ഒരു മില്ലിമീറ്ററൊക്കെയാണ് വലുപ്പം വയ്ക്കുക. ഏഷ്യയില്‍ ചില മേഖലകളില്‍ വോള്‍ഫിയ ഗ്ലോബോസ പഴങ്ങള്‍ ഭക്ഷിക്കപ്പെടാറുണ്ട്. പഴത്തിന്റെ 40 ശതമാനവും പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. സോയാബീനിലുള്ളതിനേക്കാള്‍ കൂടുതലാണ് ഈ പ്രോട്ടീന്‍ അനുപാതം. വൈറ്റമിന്‍ ബി ട്വല്‍വിന്റെ ഒരു കലവറകൂടിയാണ് ഇവ. മൃഗങ്ങള്‍ക്കുള്ള തീറ്റിയായും ഇവ നല്‍കാറുണ്ട്.

പച്ചനിറത്തിലുള്ള തരികള്‍ പോലെയാണ് ഇവ വെള്ളത്തില്‍ കിടക്കുക. തടാകങ്ങളിലും കുളങ്ങളിലുമൊക്കെ നോക്കിയാല്‍ ഇവയെ കാണാം. ഏഷ്യയിലാണ് ഇവ പ്രധാനമായും ഉള്ളത്. എന്നാല്‍ അമേരിക്കന്‍ വന്‍കരകളുള്‍പ്പെടെയുള്ളിടങ്ങളില്‍ ഇന്ന് ഇവയുടെ സാന്നിധ്യമുണ്ട്. തായ്ലന്‍ഡില്‍ ഇവ ഫാം എന്നറിയപ്പെടുന്നു. തായ് പാചകരംഗത്ത് സാധാരണമായി ഉപയോഗിക്കപ്പെടുന്ന ഒരു പഴം കൂടിയാണ് ഇത്.