Featured Lifestyle

ബെംഗളൂരുവിലെ തന്റെ പ്രതിമാസ ജീവിതച്ചെലവ് 70,000 രൂപ ; കൃത്യമായ കണക്കുമായി യുവാവ്

മെട്രോസിറ്റികളിലെ ജീവിതച്ചിലവെന്നു പറയുന്നത് പ്രവചനാതീതമാണ്. ഇപ്പോള്‍ ഇതേക്കുറിച്ച് ഒരു യുവാവ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. തനിക്ക് പ്രതിമാസ ജീവിതച്ചിലവ് 70,000 രൂപ ആകുമെന്നാണ് യുവാവ് കുറിയ്ക്കുന്നത്. അഭിഷേക് സിംഗ് എന്നയാളാണ് എക്‌സില്‍ (X) ഈ പോസ്റ്റ് പങ്കുവെച്ചത്. ഇന്ത്യയുടെ ഐടി തലസ്ഥാനത്തെ ജീവിതച്ചെലവ്, ജീവിതശൈലി, സാമ്പത്തിക മുന്‍ഗണനകള്‍ എന്നിവയെക്കുറിച്ച് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ വിവിധ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരാന്‍ ഇതോടെ കാരണമാവുകയും ചെയ്തു.

തന്റെ ചെലവുകള്‍ വളരെ വ്യക്തമായി എക്‌സില്‍ നല്‍കിക്കൊണ്ട് സിംഗ് ഇങ്ങനെ കുറിച്ചു:

‘ബെംഗളൂരുവിലെ എന്റെ പ്രതിമാസ ജീവിതച്ചെലവ്:

25,000 – വാടക + മെയിന്റനന്‍സ്

12,000 – ഭക്ഷണം (കൂടുതലും ഇറച്ചി, മത്സ്യം, മുട്ട)

5,500 – റെസ്റ്റോറന്റുകള്‍, കോഫി

4,000 – മറ്റ് ചെലവുകള്‍ (ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ മുതലായവ)

12,500 – അവധിക്കാല യാത്രകള്‍ (വെക്കേഷന്‍)

4,000 – ബംബിള്‍ ഡേറ്റിംഗ്

3,000 – നിക്ഷേപം (ഇന്‍വെസ്റ്റിംഗ്)

1,500 – ജിം + സ്‌പോര്‍ട്‌സ്

1,000 – ഇന്റര്‍നെറ്റ് + ഫോണ്‍

1,500 – സബ്‌സ്‌ക്രിപ്ഷനുകള്‍

ആകെ – 70,000/മാസം’

നിരവധി പേര്‍ സിംഗിന്റെ ചെലവുകളെ നഗരത്തിലെ അവരുടെ സ്വന്തം അനുഭവങ്ങളുമായി താരതമ്യം ചെയ്തു. ‘വെറും 25,000 രൂപ പ്രതിമാസ ചെലവില്‍ ഞാന്‍ ബെംഗളൂരുവില്‍ എന്റെ സ്വപ്നതുല്യമായ ജീവിതം നയിക്കുന്നു. ചെലവുകള്‍ കൃത്യമായി പ്ലാന്‍ ചെയ്യുക എന്നത് ഒരു കലയാണ്. കമ്പനിയുടെ ജിമ്മും ഫുഡ് കോര്‍ട്ടുമാണ് ഞാന്‍ ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും ആരോഗ്യകരവും വൈവിധ്യമാര്‍ന്നതുമായ ഭക്ഷണമാണ് അതെന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും.’- ഒരാള്‍ കുറിച്ചു.

ലിസ്റ്റില്‍ നല്‍കിയിരിക്കുന്ന നിക്ഷേപ തുകയെ (Investment) ചൂണ്ടിക്കാണിച്ച് മറ്റു ചിലര്‍ തമാശരൂപേണയാണ് പ്രതികരിച്ചത്. ഒരു യൂസര്‍ ഇങ്ങനെ പരിഹസിച്ചു, ‘3000 രൂപയുടെ നിക്ഷേപം! ജീവിതം മാറ്റിമറിക്കാന്‍ പോകുന്ന ഈ വലിയ സമ്പത്ത് വെച്ച് താങ്കള്‍ എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് ? ഷെയര്‍ മാര്‍ക്കറ്റ് മുഴുവനായി വാങ്ങാനാണോ?’. അതേസമയം മറ്റൊരാള്‍ നേരിട്ട് ചോദിച്ചു, ‘ബ്രോ, നിങ്ങള്‍ എത്ര രൂപയാണ് സമ്പാദിക്കുന്നത്?’. ഇതിന് സിംഗ് നല്‍കിയ മറുപടി ഇതായിരുന്നു, ‘സുഖപ്രദമായ ഒരു ജീവിതം നയിക്കാന്‍ ആവശ്യമായത്.’ എന്നായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *