ഒരേ സ്ഥലത്ത് ജോലി ചെയ്യുന്നവർ തമ്മില്‍ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതുമൊന്നും പല സ്ഥാപനങ്ങളും പ്രോത്സാഹിപ്പിക്കാറില്ല. എന്നാൽ വിചിത്രമായ ഒരു നയം പ്രഖ്യാപിച്ചുകൊണ്ട് വളരെ വ്യത്യസ്ത നിലപാട് സ്വീകരിച്ചിരിക്കുകയാണ് യുഎസിലെ ടെക് സ്റ്റാർട്ടപ്പായ ക്ലൂലി.
സഹപ്രവർത്തകരിലൊരാളുമായി വിജയകരമായി ഡേറ്റ് ചെയ്യുന്നവർക്ക് 500 ഡോളർ നൽകുമെന്നാണ് കമ്പനി സിഇഒ റോയ് ലീയുടെ പ്രഖ്യാപനം. ഡേറ്റ് ചെയ്യുന്ന കപ്പിൾ സന്തോഷകരമായ വിവാഹജീവിതത്തിലേക്ക് കടക്കുന്നതുവരെ അതിനെ ക്ഷേമനയമെന്നു വിളിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ അറിയിപ്പ്.
സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് റോയ് ലീ തന്റെ കമ്പനിയുടെ പുതിയ നയത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത്. ഭാവിയില്‍ ജീവനക്കാർക്ക് 1000 ഡോളർവരെ ബോണസായി കിട്ടുന്ന തരത്തിൽ നയം വിപുലീകരിക്കാനും പദ്ധതിയുണ്ട്. ക്ലൂലിയുടെ സംസ്കാരത്തിന്റെ ഭാഗം തന്നെയാണ് ഡേറ്റിങ് എന്നും അതുകൊണ്ടാണ് ഇങ്ങനെയൊരു നയം കൊണ്ടു വന്നതെന്നുമാണ് സിഇഒയുടെ വിശദീകരണം.
‘പുതിയ കമ്പനി – വിശാലമായ പോളിസി’ എന്ന നയപ്രകാരം ഏതെങ്കിലും സഹപ്രവർത്തകനു യോജിച്ച ഒരു ഡേറ്റ് റഫർ ചെയ്യുന്ന ജീവനക്കാരന് ഒറ്റത്തവണ ക്യാഷ് ബോണസായി 500 ഡോളർ ലഭിക്കും. ഒരു ശൃംഖല പോലെ ഈ ഡേറ്റിങ് സംസ്കാരം തുടരണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ലീ വ്യക്തമാക്കുന്നു.
ഉദാഹരണമായി ബെൻ എന്നയാൾ ലീ എന്നയാളിന് ഇഷ്ടപ്പെട്ട ഒരു ഡേറ്റ് സജ്ജമാക്കിക്കൊടുക്കുന്നു. അതിനു ശേഷം ബ്രാൻഡൻ എന്നയാൾക്ക് ആയാൾക്കിണങ്ങുന്ന ഒരു ഡേറ്റും റെഫർ ചെയ്തു നൽകുകയാണെങ്കിൽ ഈ രണ്ടു റെഫറൻസിനും കൂടി ബെന്നിന് ലഭിക്കുക ആയിരം ഡോളറാണ്. സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരിക്കുകയാണ് ലീ യുടെ പുതിയ ക്ഷേമനയം.




