Featured Lifestyle

18 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മൈക്രോസോഫ്റ്റിന്റെ ക്ലിപ്പി തിരിച്ചെത്തി

ഒടുവില്‍ മൈക്രോസോഫ്‌റ്റിന്റെ പേപ്പര്‍ ക്ലിപ്പ്‌ മാസ്‌കോട്ട്‌ തിരിച്ചെത്തി. 18 വര്‍ഷത്തിനുശേഷമാണ്‌ ഔദ്യോഗിക മടങ്ങിവരവ്‌. സിരി, അലക്‌സ, ബിക്‌സ്‌ബി എന്നിവ അവതരിപ്പിക്കുന്നതിനു വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പുറത്തിറങ്ങിയ ആദ്യ വെര്‍ച്വല്‍ അസിസ്‌റ്റന്റ്‌ ആയിരുന്നു ‘പേപ്പര്‍ ക്ലിപ്പ്‌’. പിന്നീട്‌ ഒഴിവാക്കപ്പെട്ടു. ‘മൈകോ’ എന്ന പുതിയ എഐ കൂട്ടാളിയെക്കുറിച്ചുള്ള മൈക്രോസോഫ്‌റ്റിന്റെ ഏറ്റവും പുതിയ പ്രഖ്യാപനത്തില്‍ ഒരു ഈസ്‌റ്റര്‍ എഗ്‌ ആയി പേപ്പര്‍ ക്ലിപ്പ്‌ പ്രത്യക്ഷപ്പെട്ടു.
മൈകോ എന്ന പേര്‍ മൈക്രോസോഫ്‌റ്റ്‌ കോപൈലറ്റിനെ സൂചിപ്പിക്കുന്നതാണ്‌. മൈകോയെ പലതവണ ടാപ്പ്‌ ചെയ്യുകയാണെങ്കില്‍, അത്‌ അവസാനം ക്ലിപ്പിയായി മാറും.
‘കോപൈലറ്റിന്റെ പുതിയ മൈകോ ക്യാരക്‌ടറിലെ ഒരു ഈസ്‌റ്റര്‍ എഗ്‌ ആയി ക്ലിപ്പി തിരിച്ചെത്തിയിരിക്കുന്നു. മൈകോയെ പലതവണ ടാപ്പ്‌ ചെയ്‌താല്‍ ക്ലിപ്പി പ്രത്യക്ഷപ്പെടും’- ദ്‌ വെര്‍ജ്‌ സീനിയര്‍ എഡിറ്റര്‍ ടോം വാറന്‍ വിശദീകരിച്ചു. ക്ലിപ്പിയുടെ തിരിച്ചുവരവ്‌ പല ഓര്‍മ്മകള്‍ പേറുന്ന ആരാധകരെയും സന്തോഷിപ്പിച്ചിട്ടുണ്ട്‌. ‘അതെ, ഞാന്‍ ക്ലിപ്പിയോട്‌ ദേഷ്യപ്പെട്ടിട്ടുണ്ട്‌, സത്യത്തില്‍ ഞാന്‍ വേഡ്‌ ഉപയോഗിക്കുമ്പോള്‍ അവന്‍ എന്നെ ഒറ്റയ്‌ക്ക്‌ വിടുന്നത്‌ നല്ലതാണ്‌, എന്നാല്‍ അതിനു പകരം വയ്‌ക്കാനാവില്ല, പ്രത്യേകിച്ച്‌ എഐ കാലത്ത്‌’- ഒരു ആരാധകന്‍ കുറിച്ചു. 1997ല്‍, മൈക്രോസോഫ്‌റ്റ്‌ അതിന്റെ വെര്‍ച്വല്‍ അസിസ്‌റ്റന്റായ ക്ലിപ്പിയെ മൈക്രോസോഫ്‌റ്റ്‌ ഓഫീസ്‌ ഉപയോക്‌താക്കള്‍ക്കായി അവതരിപ്പിച്ചു. പേപ്പര്‍ ക്ലിപ്പ്‌ രൂപത്തിലുള്ള വെര്‍ച്വല്‍ അസിസ്‌റ്റന്റ്‌, ഉപയോക്‌താക്കള്‍ക്ക്‌ വിവിധ ജോലികള്‍ ചെയ്യാന്‍ സഹായിക്കുകയും ഉപദേശം നല്‍കുകയും ചെയ്‌തു. കാലം മാറിയതോടെ 2007ല്‍ മൈക്രോസോഫ്‌റ്റ്‌ ക്ലിപ്പിയെ പൂര്‍ണമായും ഒഴിവാക്കി. എങ്കിലും, ക്ലിപ്പിയുടെ ഓര്‍മ്മകള്‍ മൈമുകളിലൂടെയും പരിഹാസങ്ങളിലൂടെയും നിലനിന്നു.
അതിനുശേഷം, മൈക്രോസോഫ്‌റ്റ്‌ കോര്‍ട്ടേന, ടേയ്‌ തുടങ്ങിയ വിവിധ വെര്‍ച്വല്‍ അസിസ്‌റ്റന്റുകളുമായി രംഗത്തെത്തി. 2016ല്‍ ടേയ്‌ക്കുണ്ടായ പിഴവ്‌ വിവാദമായി. അതോടെ അത്‌ അപ്രത്യക്ഷമായി. മൈക്രോസോഫ്‌റ്റിന്റെ ഏറ്റവും പുതിയ ബോട്ട്‌ മൈകോ ആണ്‌ – കോപൈലറ്റിനെ ‘കൂടുതല്‍ വ്യക്‌തിപരവും കൂടുതല്‍ അനുകൂലവുമാക്കുന്നതിന്‌’ രൂപകല്‍പ്പന ചെയ്‌ത ഒരു വെര്‍ച്വല്‍ അസിസ്‌റ്റന്റ്‌.
‘ഇതൊരു ഓപ്‌ഷണല്‍ വിഷ്വല്‍ സാന്നിധ്യമാണ്‌. ഇത്‌ സംഭാഷണങ്ങള്‍ കേള്‍ക്കുകയും പ്രതികരിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ആശയവിനിമയത്തിനനുസരിച്ച്‌ നിറം മാറുകയും ശബ്‌ദ സംഭാഷണങ്ങള്‍ കൂടുതല്‍ സ്വാഭാവികമാക്കുകയും ചെയ്യുന്നു’- മൈക്രോസോഫ്‌റ്റ്‌ വിശദീകരിച്ചു.
‘മൈകോ അനിമേഷനുകളിലൂടെയും ഭാവങ്ങളിലൂടെയും പിന്തുണ കാണിക്കുകയും സൗഹൃദപരവും ആകര്‍ഷകവുമായ അനുഭവം സൃഷ്‌ടിക്കുകയും ചെയ്യുന്നു.’ മൈകോയില്‍ ചില ആരാധകര്‍ക്ക്‌ താല്‌പര്യം കാണിച്ചിട്ടുണ്ടെങ്കിലും, എക്‌സി (ട്വിറ്റര്‍)ലെ പലരുടെയും ശ്രദ്ധ ക്ലിപ്പിയിലാണ്‌. കാരണം അത്‌ പുതിയ മൈകോ ക്യാരക്‌ടറിലെ ഒരു ഈസ്‌റ്റര്‍ എഗ്‌ ആണ്‌.