ഒഡിഷയിലെ ബൊലാംഗീർ ജില്ലയിൽ വിവാഹദിവസം ഭർത്താവിനൊപ്പം മടങ്ങുകയായിരുന്ന നവവധുവിനെ മുൻകാമുകൻ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി. ഞായറാഴ്ച രാവിലെ കന്ധമാലിൽ നടന്ന വിവാഹ ചടങ്ങുകൾക്ക് ശേഷം കുടുംബാംഗങ്ങളോടൊപ്പം വധൂവരന്മാർ മടങ്ങുന്നതിനിടെയാണ് നാടകീയമായ ഈ സംഭവം നടന്നത്.
ബദബന്ദയ്ക്ക് സമീപം തർഭ റോഡിൽ വെച്ച് മൂന്നംഗ സംഘം ഇവരുടെ വാഹനം തടയുകയായിരുന്നു. വരനായ ഹരിബന്ധു പട്ടേലിനെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം പ്രതിയും കൂട്ടാളികളും ചേർന്ന് വധുവിനെ ബലമായി വാഹനത്തിൽ നിന്ന് വലിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു.
സംഭവത്തിന് പിന്നാലെ വരൻ തർഭ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. വിവാഹം കഴിഞ്ഞ് മടങ്ങുന്നതിനിടെ തന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോയതായാണ് പരാതിയിൽ വ്യക്തമാക്കുന്നത്. തർഭ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഇൻചാർജ് അനിത കിഡോയുടെ നേതൃത്വത്തിൽ സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹരിബന്ധു പട്ടേലിന്റെയും കുടുംബത്തിന്റെയും മൊഴി രേഖപ്പെടുത്തിയ പോലീസ്, യുവതിയെ കണ്ടെത്താനും പ്രതികളെ പിടികൂടാനുമുള്ള ഊർജിതമായ ശ്രമത്തിലാണ്. സിനിമാ സ്റ്റൈലിൽ നടന്ന ഈ തട്ടിക്കൊണ്ടുപോകൽ വാർത്ത പ്രദേശവാസികൾക്കിടയിൽ വലിയ ആശങ്കയ്ക്കും ചർച്ചകൾക്കും വഴിതെളിച്ചിട്ടുണ്ട്.




