അപ്രതീക്ഷിതമായി ഉണ്ടായ കത്തി ആക്രമണത്തില്‍ പരിക്കേല്‍ക്കാതെ യുവതിയെ രക്ഷപ്പെടുത്തിയത് വെച്ചുപിടുപ്പിച്ച മാറിടം. തെക്കുകിഴക്കന്‍ ചൈനയിലെ സംഭവത്തില്‍ മോഷണശ്രമത്തിനിടയില്‍ അക്രമിയുടെ കുത്തുകള്‍ യുവതിയുടെ ഇംപ്ലാന്റ് ബ്രെസ്റ്റില്‍ ആയതിനാലാണ് യുവതി രക്ഷപ്പെട്ടത്. 22 തവണയായിരുന്നു പ്രതി ഇരയെ കുത്തിയത്. ഒടുവില്‍ അയാള്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു.
മെയ് 22 ന് ഷെജിയാങ് പ്രവിശ്യയിലെ ഹാങ്ഷൗവിലെ മിക്സി ഷോപ്പിംഗ് മാളിലാണ് ആക്രമണം നടന്നത്. 30 കാരിയായ മാ എന്ന് പേരുള്ള ഇര അവളുടെ കാറില്‍ കയറുന്നതിനിടെ ഒരു യുവാവ് പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. അക്രമി അവള്‍ക്കൊപ്പം കാറിന്റെ മുന്‍ സീറ്റിലേക്ക് ബലമായി കയറി, കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. പാര്‍ക്കിംഗ് ഏരിയയില്‍ സഹായത്തിനായി അവള്‍ നിലവിളിച്ചിട്ടും കണ്ടവരാരും പ്രതികരിച്ചില്ല. പണം നല്‍കാന്‍ അക്രമി മായെ നിര്‍ബന്ധിക്കുകയും മാളില്‍ നിന്ന് പുറത്തേക്ക് വണ്ടി വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു.
അവളെ അടുത്തുള്ള കൗണ്ടിയായ ടോങ്സിയാങ്ങിലേക്ക് കൊണ്ടുപോകുകയും ചെയ്തു. വഴിയില്‍, അവളുടെ ബാങ്ക് അക്കൗണ്ട് ബാലന്‍സ് പരിശോധിച്ച ശേഷം അവളുടെ സുഹൃത്തുക്കളില്‍ നിന്ന് പണം കടം വാങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അക്രമിയുടെ ശ്രദ്ധ തെറ്റിയപ്പോള്‍ മാ കാമുകന് ഒരു സന്ദേശം അയയ്ക്കുകയും അയാള്‍ അവളുടെ ഫോണ്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുകയും പോലീസിനെ അറിയിക്കുകയും ചെയ്തു. അക്രമിയുടെ മരണത്തെ തുടര്‍ന്ന് അന്വേഷണം അവസാനിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
ടോങ്സിയാങ്ങിലെ ചോങ്ഫു സ്റ്റേഷനില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. എന്നാല്‍, അവര്‍ ഇടപെടുന്നതിന് മുമ്പ്, അക്രമി മായുടെ നെഞ്ചില്‍ 22 തവണ കുത്തുകയും തുടര്‍ന്ന് കത്തി സ്വയം പ്രയോഗിക്കുകയും ചെയ്തു. കുത്തേറ്റ് താമസിയാതെ അക്രമി മരിച്ചു, എന്നാല്‍ കുത്ത് മുഴുവന്‍ ഏറ്റുവാങ്ങിയത് വെച്ചുപിടുപ്പിച്ച മാറിടമായിരുന്നെന്ന് മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ പിന്നീട് സ്ഥിരീകരിച്ചു. ഒരു കുത്തേറ്റ മുറിവ് മാത്രമാണ് നെഞ്ചില്‍ കൊണ്ടതെന്നും യുവതി പറഞ്ഞു. പക്ഷേ അത് ആഴത്തിലുള്ളതായിരുന്നുമില്ല.




