കഥകളിലെ ആല്ക്കെമിസ്റ്റുകളെ ഓര്മ്മിപ്പിക്കും വിധം ഇലക്ട്രോണിക് മാലിന്യങ്ങളിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്ത ഒരു ചൈനക്കാരന്റെ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ചൈനയിലെ ഗുവാങ്ഡോങ് സ്വദേശിയായ കിയാവോ എന്ന യുവാവാണ് ഏകദേശം രണ്ട് ടണ്ണോളം വരുന്ന ഇ-മാലിന്യങ്ങളിൽ നിന്ന് 191 ഗ്രാം സ്വർണം വേർതിരിച്ചെടുത്തത്.
ഇതിന് നിലവിലെ വിപണിയിൽ ഏകദേശം 28 ലക്ഷം രൂപയോളം മൂല്യമുണ്ട്. ഇതോടെ പഴയ സിം കാർഡുകൾ തേടി ആളുകൾ സെക്കൻഡ് ഹാൻഡ് മൊബൈൽ കടകളിലേക്ക് പാഞ്ഞെങ്കിലും, ഈ പ്രക്രിയ അത്ര ലളിതമോ സുരക്ഷിതമോ അല്ലെന്ന മുന്നറിയിപ്പാണ് കിയാവോ നൽകുന്നത്.
ലക്ഷക്കണക്കിന് സിം കാർഡുകളും ടെലികമ്മ്യൂണിക്കേഷൻ രംഗത്ത് ഉപയോഗിക്കുന്ന മറ്റ് ചിപ്പുകളും ശാസ്ത്രീയമായ രീതിയിൽ സംസ്കരിച്ചാണ് ഇയാൾ സ്വർണം വീണ്ടെടുത്തത്. വൈദ്യുതി മികച്ച രീതിയിൽ കടത്തിവിടുന്നതിനും ഈർപ്പം തട്ടി നശിക്കാതിരിക്കാനുമാണ് ഇലക്ട്രോണിക് ചിപ്പുകളിൽ നേർത്ത അളവിൽ സ്വർണം പൂശുന്നത്. ഒരു സിം കാർഡിലെ ചിപ്പിൽ വെറും 0.001 ഗ്രാം സ്വർണം മാത്രമാണ് ഉണ്ടാവുക എന്നതിനാൽ തന്നെ വലിയ തോതിലുള്ള മാലിന്യങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ലാഭകരമായ രീതിയിൽ സ്വർണം വേർതിരിക്കാൻ സാധിക്കൂ.
സാധാരണക്കാർ ഇത്തരം പരീക്ഷണങ്ങൾക്ക് മുതിരരുത് എന്ന കർശന നിർദ്ദേശവും ഇതിനോടൊപ്പം കിയാവോ നൽകുന്നുണ്ട്. അതീവ അപകടകാരിയായ ‘അക്വാറീജിയ’ (രാജകീയ ദ്രാവകം) എന്ന മിശ്രിതം ഉപയോഗിച്ചാണ് ഈ പ്രക്രിയ നടക്കുന്നത്. സാന്ദ്രതയേറിയ ഹൈഡ്രോക്ലോറിക് ആസിഡും നൈട്രിക് ആസിഡും ചേർന്ന ഈ മിശ്രിതം കൈകാര്യം ചെയ്യുന്നതിൽ ചെറിയ പിഴവ് പറ്റിയാൽ പോലും വൻ അപകടങ്ങൾക്കും പൊട്ടിത്തെറികൾക്കും കാരണമായേക്കാം.
കൂടാതെ, ഇതിൽ നിന്ന് പുറത്തുവരുന്ന വിഷവാതകങ്ങൾ ജീവന് തന്നെ ഭീഷണിയാണ്. ആക്രി വസ്തുക്കളിൽ നിന്ന് ലോഹങ്ങൾ വേർതിരിച്ചെടുക്കുന്ന ജോലിയിൽ വൈദഗ്ധ്യമുള്ള ആളായതുകൊണ്ടാണ് കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കിയാവോയ്ക്ക് ഇത് സാധ്യമായത്.




