Oddly News

സെപ്തംബര്‍ വരെ സമയം, വിവാഹിതരായില്ലെങ്കില്‍ പിരിച്ചുവിടും ; കമ്പനിയുടെ നയത്തിനെതിരേ സര്‍ക്കാര്‍

അവിവാഹിതരായവരും വിവാഹമോചിതരായി ഒറ്റയ്ക്ക് താമസിക്കുന്നവരുമായ ജീവനക്കാര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ നീക്കം നടത്തിയ കമ്പനി, അധികൃതരുടെ ശാസനകളെ തുടര്‍ന്ന് പിന്തിരിഞ്ഞു. ചൈനയിലെ ഒരു കെമിക്കല്‍ കമ്പനിയാണ് തങ്ങളുടെ ജീവനക്കാരില്‍ വിവാഹിതര്‍ അല്ലാത്തവര്‍ വേണ്ടെന്ന് തീരുമാനമെടുത്തത്. അധികൃതര്‍ ഇടപെട്ടതോടെ വിവാഹ ഡെഡ്ലൈന്‍ സ്ഥാപനം പിന്‍വലിച്ചു.

1,200-ലധികം ആളുകള്‍ ജോലി ചെയ്യുന്ന കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോംഗ് പ്രവിശ്യയിലെ ഷുണ്ടിയന്‍ കെമിക്കല്‍ ഗ്രൂപ്പ് ആണ് വിവാഹങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്ന ഒരു നയം പ്രഖ്യാപിച്ചത്. 28 നും 58 നും ഇടയില്‍ പ്രായമുള്ള അവിവാഹിതരും വിവാഹമോചിതരുമായ ജീവനക്കാര്‍ ഈ വര്‍ഷം സെപ്റ്റംബര്‍ അവസാനത്തോടെ വിവാഹം കഴിച്ച് സ്ഥിരതാമസമാക്കണം എന്നാവശ്യപ്പെടുന്നതാണ് നയം. അവിവാഹിതരും വിവാഹമോചിതരുമായ ജീവനക്കാരെ സെപ്തംബര്‍ അവസാനത്തോടെ പിരിച്ചുവിടുമെന്ന് ആയിരുന്നു നോട്ടീസ്.

ജൂണ്‍ അവസാനത്തോടെ അവര്‍ വിവാഹിതരായില്ലെങ്കില്‍, കമ്പനി അവരുടെ ‘മൂല്യനിര്‍ണ്ണയം’ നടത്തും. സെപ്തംബര്‍ അവസാനത്തോടെ ഇവര്‍ അവിവാഹിത രാണെങ്കില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടും. 2001-ല്‍ സ്ഥാപിതമായ ഈ കമ്പനി, ആസ്ഥാനമായുള്ള ലിനി നഗരത്തിലെ മികച്ച 50 സംരംഭങ്ങളില്‍ ഒന്നാണ്. അധികൃതര്‍ ഇടപെട്ടതോടെ ഒരു ദിവസത്തിനുള്ളില്‍ നയം പിന്‍വലിച്ചതായി കമ്പനി അറിയിച്ചു. അതേസമയം വൈവാഹിക നില കാരണം ഒരു ജീവനക്കാരെയും പിരിച്ചുവിട്ടിട്ടില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

സംഭവം വന്‍ വിവാദമാകുകയും ചെയ്തു. കമ്പനിയുടെ നോട്ടീസ് ചൈനയുടെ തൊഴില്‍ നിയമവും തൊഴില്‍ കരാര്‍ നിയമവും ലംഘിക്കുന്നതായി വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. ചൈനയിലെ പുതിയ ട്രെന്റ് അനുസരിച്ച് വിവാഹം കഴിക്കാനോ പുതിയ കുടുംബം ഉണ്ടാക്കാനോ യുവാക്കള്‍ക്കിടയില്‍ താല്‍പ്പര്യം കുറഞ്ഞു വരുന്ന സ്ഥിതി യുണ്ട്. വിവാഹങ്ങളുടെ എണ്ണം കഴിഞ്ഞ വര്‍ഷം 6.1 ദശലക്ഷമായി കുറഞ്ഞിരുന്നു.

മുന്‍ വര്‍ഷത്തെ 7.68 ദശലക്ഷത്തില്‍ നിന്ന് 20.5 ശതമാനം ഇടിവ്. യുവാക്കളുടെ വിവാഹത്തോടുള്ള താല്‍പര്യക്കുറവ് പരിഹരിക്കാന്‍ പല പ്രാദേശിക സര്‍ക്കാരുകയും പല വിധ മാര്‍ഗ്ഗങ്ങളും ആലോചിച്ചിരുന്നു. മധ്യ ചൈനയിലെ ഷാന്‍സി പ്രവിശ്യയിലെ ഒരു നഗരം 35 വയസ്സിന് താഴെയുള്ള സ്ത്രീകള്‍ക്കും ആദ്യമായി വിവാഹം കഴിക്കുന്ന പുരുഷന്മാര്‍ക്കും 1,500 യുവാന്‍ വരെ പാരിതോഷികം വാഗ്ദാനം ചെയ്തു.